ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കാനായി സൈക്കിളിൽ കെട്ടിവച്ച് കൊണ്ടുപോയ ഭർത്താവ് ;അമ്മയുടെ മൃതദേഹം 15 കിലോമീറ്ററോളം ബൈക്കിലിരുത്തി കൊണ്ടുപോയ മക്കൾ ;’നല്ല ദിനങ്ങൾ’ വരുമെന്ന് വീമ്പുപറയുന്ന മോദി സർക്കാർ എല്ലാം മറച്ചു വയ്ക്കുന്നു :കോവിഡ് താണ്ഡവത്തിന്റെ ഭീകര ദൃശ്യങ്ങളുമായി ഇന്ത്യയെ കടന്നാക്രമിച്ച് വിദേശ മാധ്യമങ്ങൾ

ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കാനായി സൈക്കിളിൽ കെട്ടിവച്ച് കൊണ്ടുപോയ ഭർത്താവ് ;അമ്മയുടെ മൃതദേഹം 15 കിലോമീറ്ററോളം ബൈക്കിലിരുത്തി കൊണ്ടുപോയ മക്കൾ ;’നല്ല ദിനങ്ങൾ’ വരുമെന്ന് വീമ്പുപറയുന്ന മോദി സർക്കാർ എല്ലാം മറച്ചു വയ്ക്കുന്നു :കോവിഡ് താണ്ഡവത്തിന്റെ ഭീകര ദൃശ്യങ്ങളുമായി ഇന്ത്യയെ കടന്നാക്രമിച്ച് വിദേശ മാധ്യമങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിയ്ക്കുകയാണ്. കോവിഡ് താണ്ഡവത്തിന്റെ ഭയാനകമായ ദൃശ്യങ്ങളുമായി ഇന്ത്യയെ കടന്നാക്രമിക്കുകയാണ് വിദേശ മാധ്യമങ്ങൾ.

ഇതാണോ വാഗ്ദാനം ചെയ്ത നല്ല നാളുകൾ ? മോട്ടോർബൈക്കിൽ അമ്മയുടെ മൃതദേഹവുമായി പോകുന്ന മക്കളുടെ ചിത്രം പങ്കുവച്ച് വിദേശമാധ്യമങ്ങൾ ചോദിക്കുന്നു. എൻ.ഡി.എ യുടെ അച്ചാ ദിൻ ആയേഗാ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ആന്ധ്രാപ്രദേശിൽ നടന്ന ഈ ദയനീയ സംഭവം വിദേശ മാധ്യമങ്ങൾ പങ്കുവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആംബുലൻസ് ലഭ്യമാകാതെ വന്നതോടെ സഹോദരങ്ങളായ നരേന്ദ്ര ചെഞ്ചുവിനും രമേഷ ചെഞ്ചുവിനുമാണ് തങ്ങളുടെ മാതാവിന്റെ മൃതദേഹം നടുക്കിരുത്തി ബൈക്ക് ഓടിച്ചുകൊണ്ടുപോകേണ്ടി വന്ന ഗതികേട് ഉണ്ടായത്.

ആംബുലൻസില്ലാതെ വന്നപ്പോൾ, ആ മൃതദേഹം സംസ്‌കരിക്കുന്നതിന് ആരുമില്ലാതെവന്നപ്പോൾ, ആ മക്കൾക്ക് മുന്നിൽ മറ്റൊരു വഴിയുമില്ലാതെ വന്നതോടെയാണ് അമ്മയുടെ മൃതദേഹം ബൈക്കിലിരുത്തി 15 കിലോമീറ്ററോളം ബൈക്കോടിച്ചു പോയി അവർ തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ അന്ത്യകർമ്മങ്ങൾ നടത്തിയത്.

ഇതിന് സമാനമായ ദൃശ്യമാണ് ഉത്തർപ്രേദശിൽ നിന്നും പുറത്ത് വന്നത്. കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം സൈക്കിളിൽ വച്ച് ദഹിപ്പിക്കാനായി പോകുന്ന 70 കാരനായ ഭർത്താവിന്റെ ചിത്രമാണ് ഉത്തർപ്രദേശിൽ നിന്നും വന്നത്.

മൃതദേഹവും വഹിച്ചുകൊണ്ട് പോയപ്പോൾ സൈക്കിൾ തള്ളി തളർന്ന അയാൾ റോഡരികിൽ വീണപ്പോൾ, ഒപ്പം സൈക്കിളും മൃതദേഹവും താഴെ വീഴുകയായിരുന്നു. തുടർന്ന് പൊലീസെത്തി മൃതദേഹം കൊണ്ടുപോകുന്നതിന് ആംബുലൻസ് ഏർപ്പെടുത്തുകയായിരുന്നു.

കോവിഡ് താണ്ഡവത്തിൽ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോഴും, അവരെ സഹായിക്കാൻ ശ്രമിക്കാതെ സത്യം മറച്ചുവയ്ക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നതെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് തെളിവായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ പുതിയ ഉത്തരവാണ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തെ അരക്ഷിതാവസ്ഥയെ കുറിച്ചോ ഓക്‌സിജൻ ക്ഷാമത്തെ കുറിച്ചും ആശുപത്രികളിലെ കിടക്കകളുടെ അലഭ്യതയെ കുറിച്ചും പറയുന്നവരെ അറസ്റ്റ് ചെയ്യുകയും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നുമാണ് മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവ് എന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാലിത് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും സംസ്ഥാനത്ത് ഓക്‌സിജനോ, ആശുപത്രി കിടക്കകൾക്കോ, ജീവൻ രക്ഷാ ഔഷധങ്ങൾക്കോ ഒരു ക്ഷാമവുമില്ലെന്നുമാണ് യോഗിയുടെ വാദം. യോഗിയുടെ ഈ വാദം നിലനിൽക്കെയാണ് 88 വയസുള്ള തന്റെ ഒരു ബന്ധുവിനായി ഓക്‌സിജൻ ആവശ്യപ്പെട്ടുകൊണ്ട് ട്വീറ്റ് ചെയ്ത ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത്.

യുവാവിന്റെ ട്വീറ്റ് മറ്റുള്ളവർക്ക് സർക്കാരിനെ വിമർശിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തുവെന്നാണ് അറസ്റ്റിനെ ന്യായീകരിച്ച് അവർ പറയുന്നത്.

നേരത്തെ രാജ്യത്തെ വൻ നഗരങ്ങളായ ഡൽഹിയും മുംബൈയുമൊക്കെയായിരുന്നു കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരുന്നത്. എന്നാൽ ഇപ്പോൾ വൻ നഗരങ്ങൾക്കൊപ്പം ചെറു നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും രോഗം വ്യാപിച്ചിരിക്കുകയാണ്.

ഇത് തികച്ചും ആശങ്കയുളവാക്കുന്ന ഒരു സ്ഥിതിവിശേഷമാണ്. രാജ്യം ഇത്രയും രൂക്ഷമായി ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടും ലോക് ഡൗണിന് സർക്കാർ മുതിരുന്നില്ല. മറിച്ച് വാക്‌സിനേഷനിലൂടെ പ്രതിസന്ധി മറികടക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത് എന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡിനെ നിസാരമായി ചെറുക്കാമെന്ന മോദി സർക്കാരിന്റെ അമിത ആത്മവിശ്വാസവും തീർത്തും മണ്ടത്തരങ്ങൾ നിറഞ്ഞ സമീപനവുമാണ് സ്ഥിതിഗതികൾ ഇത്രയധികം വഷളാക്കിയതെന്നാണ് മിക്ക മാധ്യമങ്ങളും പറയുന്നത്.

കോവിഡിനെ ചെറുക്കാൻ സാമൂഹിക അകലം പാലിക്കലും, മാസ്‌ക് ധരിക്കലുമൊന്നും നടന്നില്ല. ഇതിനുപുറമേയായിരുന്നു ആയിരങ്ങൾ അണിനിരന്ന തെരഞ്ഞെടുപ്പു റാലികളും ലക്ഷങ്ങൾ പങ്കെടുത്ത കുംഭമേളയും. ഇതൊക്കെയാണ് രാജ്യത്തെ ശ്മാശാനങ്ങളിൽ രാവും പകലുമില്ലാതെ ചിതകൾ കത്തിയമരുന്നതിന് കാരണമെന്നും പ്രമുഖ ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.