ചരിത്ര നേട്ടത്തിനരികിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി: ഏഷ്യാകപ്പിന്റെ ആദ്യ റൗണ്ടിൽ വീണ്ടും പുറത്ത്; തിരിച്ചടിയായത് 90 മിനിറ്റിലെ പെനാലിറ്റി..!

ചരിത്ര നേട്ടത്തിനരികിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി: ഏഷ്യാകപ്പിന്റെ ആദ്യ റൗണ്ടിൽ വീണ്ടും പുറത്ത്; തിരിച്ചടിയായത് 90 മിനിറ്റിലെ പെനാലിറ്റി..!

സ്‌പോട്‌സ് ഡെസ്‌ക്

ഷാർജ: ഏഷ്യാക്കപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. അവസാന മത്സരത്തിൽ ബഹ്‌റിനോട് അവസാന നിമിഷത്തെ പെനാലിറ്റി ഗോളിൽ തോറ്റതോടെയാണ് ഇന്ത്യ ഗ്രൂപ്പിൽ നിന്നും പുറത്താകുന്നത്. ഗ്രൂപ്പിലെ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാർക്ക് രണ്ടാം റൗണ്ടിൽ എത്താമെന്നിരിക്കെ, ഇന്ത്യ നാലാം സ്ഥാനത്ത് ആയതോടെ ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ ഏതാണ്ട് പുറത്താകുമെന്ന് ഉറപ്പായി.
യുഎഇയിൽ നടന്ന പതിനേഴാമത് ഏഷ്യാകപ്പിലാണ് ഇന്ത്യയുടെ സമസ്ത പ്രതീക്ഷകളും അസ്തമിച്ചത്. 90 മിനിറ്റുവരെ ബഹ്‌റിന്റെ കായിക ശേഷിയ്ക്കു മുന്നിൽ പിടിച്ചു നിന്ന ഇന്ത്യയ്ക്ക് ഏറ്റവും അവസാന നിമിഷമാണ് പിഴച്ചത്. ബഹ്‌റിനു ലഭിച്ച കോർണർകിക്ക് എടുത്തത് വന്നു വീണത് ഇന്ത്യൻ ബോക്‌സിനുള്ളിൽ. ബോക്‌സിനുള്ളിൽ നിന്നും ക്ലിയർ ചെയ്ത പന്ത് നേരെ ചെന്നു വീണത് ബഹ്‌റിൻ താരത്തിന്റെ കാലിൽ. ഇന്ത്യൻ പ്രതിരോധക്കാർ ആരെങ്കിലും ഫൗൾ ചെയ്യുന്നതും കാത്ത് ബോക്‌സിനുള്ളിൽ ബഹ്‌റിൻ മുന്നേറ്റനിരക്കാരൻ നിന്നു. കാലിലേയ്‌ക്കെത്തിയ പന്തിനെ ഒന്ന് മുന്നോട്ടേയ്ക്ക് തട്ടിയിട്ട്തും, ഇന്ത്യൻ ക്യാപ്റ്റൻ പ്രണോയ് ഹാൾഡർ ഇടംകാലിട്ടു. അടിതെറ്റി വീണത് ബഹ്‌റിൻ താരം ജമാൾ റഷീദ്. പെനാലിറ്റി കിക്ക് എടുത്ത ജമാലിന് പിഴച്ചില്ല. ബോക്‌സിന്റെ ഇടത്തേയ്ക്ക് ചാടിയ ഇന്ത്യൻ കീപ്പർ ഗുർ പ്രീത് സിംഗ് സന്ധുവിനെ കബളിപ്പിച്ച് പന്ത് വലയിൽ.. ഗോൾ..! ബഹ്‌റിൻ ക്യാമ്പിൽ വൻ ആഘോഷം. കളി ബഹ്‌റിന്റെ വലയിലായി.
ആദ്യം മുതൽ ആക്രമിച്ചു കളിച്ച ബഹ്‌റിനു മുന്നിൽ യുഎഇയ്‌ക്കെതിരെയും തായ്‌ലൻഡിനെതിരെയും ആക്രമിച്ചു കളിച്ച ഇന്ത്യയെ കാണാനേ ഉണ്ടായിരുന്നില്ല. 22 തവണ തായ്‌ലൻഡ് ഉതിർത്ത ഷോട്ടുകളിൽ ആറെണ്ണം പോസ്റ്റിനു നേരെയായിരുന്നു. ഇന്ത്യയാകട്ടെ ആകെ ശ്രമിച്ചത് മൂന്ന് ഷോട്ടിന്. ഇതിൽ ഒന്നും പോലും പോസ്റ്റിന്റെ നേർ രേഖയിൽ പോലും എത്തിയില്ല. 39 ശതമാനം മാത്രമായിരുന്നു ഇന്ത്യയുടെ കയ്യിൽ പന്തുണ്ടായിരുന്നത് പോലും. വിങ്ങിലൂടെ ആക്രമിച്ചു കയറാനുള്ള ഇന്ത്യൻ തന്ത്രത്തിന്റെ മുന ഒടിക്കുന്ന പ്രതിരോധക്കരുത്ത് ബഹ്‌റിനു സ്വന്തമായുണ്ടായിരുന്നു.
മൂന്ന് കളിയിൽ ഒരു വിജയവും രണ്ട് സമനിലയുമായി യുഎഇ അഞ്ചു പോയിന്റ് സ്വന്തമാക്കിയ ഗ്രൂപ്പിൽ നാലു വീതം പോയിന്റുമായി ബഹ്‌റിനും തായ്‌ലൻഡുമുണ്ട്. പൂജ്യം ഗോൾ ശരാശരിയുമായി കൂട്ടത്തിൽ ബഹ്‌റിനാണ് മുന്നിൽ. എല്ലാ ഗ്രൂപ്പിലെയും മികച്ച നാലു മൂന്നാം സ്ഥാനക്കാർക്ക് അടുത്ത റൗണ്ടിലേയ്ക്ക് മുന്നേറാൻ അവസരമുണ്ട്. എന്നാൽ, നാലാം സ്ഥാനത്തായി പോയ ഇന്ത്യയ്ക്ക് ആ പ്രതീക്ഷയും ഇനി ബാക്കിയില്ല. ഇനി മറ്റ് ഗ്രൂപ്പുകളിലെ വിജയവും ഗോൾ ശരാശരിയും പരിഗണിക്കുമ്പോൾ കണക്കിലെ കളികളിലെ പ്രതീക്ഷ മാത്രമാണ് ഇന്ത്യയ്ക്ക് ഇനി ബാക്കി.