ഒറ്റ ദിവസം കോട്ടയത്ത് എത്തിയത് ആയിരം കിലോ ചീഞ്ഞളിഞ്ഞ മീൻ..! വളമായി ഉപയോഗിക്കാൻ വച്ച ചീഞ്ഞ മീൻ പോലും കോട്ടയത്തെ മാർക്കറ്റിൽ എത്തി; ആളെ കൊല്ലാൻ കൊറോണക്കാലത്ത് വിഷം തളിച്ച മീൻ

ഒറ്റ ദിവസം കോട്ടയത്ത് എത്തിയത് ആയിരം കിലോ ചീഞ്ഞളിഞ്ഞ മീൻ..! വളമായി ഉപയോഗിക്കാൻ വച്ച ചീഞ്ഞ മീൻ പോലും കോട്ടയത്തെ മാർക്കറ്റിൽ എത്തി; ആളെ കൊല്ലാൻ കൊറോണക്കാലത്ത് വിഷം തളിച്ച മീൻ

സ്വന്തം ലേഖകൻ

കോട്ടയം: ഒറ്റ ദിവസം കോട്ടയം ജില്ലയിൽ നിന്നും പൊലീസും നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് ആയിരം കിലോ മീൻ..! കോട്ടയത്ത് അറുനൂറ് കിലോ പഴകിയ മീനും, പാലായിൽ 330 കിലോ മീനും, ചങ്ങനാശേരിയിൽ 65 കിലോ മീനുമാണ് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും നഗരസഭയും ചേർന്നു പിടിച്ചെടുത്തിരിക്കുന്നത്. തമിഴ്‌നാട്ടിൽ വളമുണ്ടാക്കാൻ സൂക്ഷിച്ചിരുന്ന മീൻ പോലും കൊടും വിഷം തളിച്ച് കേരളത്തിലേയ്ക്കു കൊണ്ടു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ എത്തിച്ച വിഷം കലർത്തിയ ആയിരം കിലോ മീനാണ് കോട്ടയത്ത് പിടിച്ചെടുത്തത്.

ചൊവ്വാഴ്ച രാവിലെയാണ് ചങ്ങനാശേരിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ആദ്യ പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ ഉണ്ണികൃഷ്ണൻ നായർ പിയുടെ നേതൃത്വത്തിലാണ് ചങ്ങനാശേരിയിൽ പരിശോധന നടത്തിയത്. ഇവിടെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 65 കിലോ മീനാണ് പിടിച്ചെടുത്തത്. കേര ചൂര, ഓലക്കൊടിയൻ തുടങ്ങിയ മീനുകളാണ് പിടിച്ചെടുത്തത്. ഈ മീനുകൾ പിടിച്ചെടുത്തു നശിപ്പിച്ചു കളയുകയും ചെയ്തിട്ടുണ്ട്. പതിനേഴോളം മീൻ സ്റ്റാളുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനു എം.സി റോഡിൽ ബേക്കർ ജംഗ്ഷനിൽ പൊലീസാണ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും വിൽപ്പനയ്ക്കായി എത്തിയ 600 കിലോ മീൻ പിടിച്ചെടുത്തത്. പൊലീസ് പരിശോധനയ്ക്കായി ബേക്കർ ജംഗ്ഷനിൽ നിൽക്കുകയായിരുന്നു പൊലീസ് കൺട്രോൾ റൂമിലെ എസ്.ഐമാരായ രവീന്ദ്രൻ, ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. പൊലീസ് ലോറി പിടിച്ചെടുത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി.

ഇതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പാലായിലെ ജീസസ് ഫിഷറീസ് എന്ന സ്ഥാപനത്തിൽ പരിശോധന നടത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ, കടയിൽ നിന്നും 330 കിലോ പഴകിയ ചെമ്മീൻ കണ്ടെത്തി. പിടിച്ചെടുത്ത മീനുകളെല്ലാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. പരിശോധനയ്ക്കു നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ജേക്കബ് സൺ, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ എം.ടി ബേബിച്ചൻ, തെരേസ് ലിൻ ലൂയീസ് , ഷെറിൻ സാറാ ജോർജ്, നിമ്മി അഗസ്റ്റിൻ, യമുനാ കുര്യൻ എന്നിവർ നേതൃത്വം നൽകി.

തമിഴ്‌നാട്ടിൽ വളം ഉത്പാദിപ്പിക്കാൻ വച്ചിരുന്ന മീനുകൾ പോലും കേരളത്തിലെ മാർക്കറ്റുകൾ ലക്ഷ്യമാക്കി എത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിടിച്ചെടുത്ത മീനുകൾക്കു രണ്ടു മാസമെങ്കിലും പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൊടും വിഷമാണ് ഈ മീനുകൾ കേടു കൂടാതിരിക്കാൻ തളിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.