പ്രളയ സെസ് ഈ മാസം 31 ന് അവസാനിക്കും; സർക്കാർ ഇതുവരെ പിരിച്ചെടുത്തത് 1,700 കോടി രൂപ; ഓഗസ്റ്റ് ഒന്നിന് ശേഷം പ്രളയ സെസ് ഈടാക്കരുതെന്ന് വ്യാപാരികൾക്ക് അറിയിപ്പ്; ബില്ലിംഗ് സോഫ്റ്റ്‌വേറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ചരക്ക്‌സേവന നികുതി വകുപ്പ്
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് ഈ മാസത്തോടെ അവസാനിക്കും.
ഓഗസ്റ്റ് ഒന്നിന് ശേഷം നടത്തുന്ന വിൽപ്പനകൾക്ക് പ്രളയ സെസ് ഈടാക്കരുതെന്ന് സംസ്ഥാന ചരക്ക്‌സേവന നികുതി വകുപ്പ് അറിയിപ്പ് നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാപാരികൾ തങ്ങളുടെ ബില്ലിംഗ് സോഫ്റ്റ്‌വേറിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിരുന്നു സർക്കാർ പ്രളയ സെസ് ഏർപ്പെടുത്തിയിരുന്നത്.
പ്രളയ സെസ് ഇനത്തിൽ സർക്കാർ ഇതുവരെ 1,700 കോടി രൂപയിലധികം പിരിച്ചെടുത്തു.
2019 ഓഗസ്റ്റ് ഒന്ന് മുതലായിരുന്നു സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങൾക്ക് പ്രളയ സെസ് ഏർപ്പെടുത്തിയത്.
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി 1,000 കോടി രൂപ പ്രളയ സെസ് ഇനത്തിൽ കണ്ടെത്തുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.
2020 അവസാനത്തോടെ തന്നെ 1,000 കോടിയിലധികം പിരിച്ചിരുന്നു. 2,000 കോടി രൂപ വരെ പിരിക്കാൻ ജി.എസ്.ടി. കൗൺസിൽ അനുമതി നൽകിയിരുന്നു.