മഴയ്‌ക്കൊപ്പം മത്സ്യം; പെയ്തിറങ്ങിയത് 50 കിലോയിലധികം;  അമ്പരന്ന് ഗ്രാമവാസികള്‍; ശക്തമായ ന്യൂനമര്‍ദ്ദമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്ന് കാലാവസ്ഥാ ഗവേഷകർ

മഴയ്‌ക്കൊപ്പം മത്സ്യം; പെയ്തിറങ്ങിയത് 50 കിലോയിലധികം; അമ്പരന്ന് ഗ്രാമവാസികള്‍; ശക്തമായ ന്യൂനമര്‍ദ്ദമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്ന് കാലാവസ്ഥാ ഗവേഷകർ

സ്വന്തം ലേഖിക

ലക്നൗ: മഴയില്‍ ആലിപ്പഴം പൊഴിയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാല്‍ മഴയ്‌ക്കൊപ്പം മത്സ്യം പെയ്തിറങ്ങിയാല്‍ എന്താണവസ്ഥ.

ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ച കനത്ത മഴയ്‌ക്കൊപ്പമാണ് മത്സ്യം പെയ്തിറങ്ങിയത്. ആകാശത്തു നിന്ന് മഴയ്‌ക്കൊപ്പം മത്സ്യങ്ങള്‍ പെയ്തിറങ്ങുന്നത് കണ്ട് ഗ്രാമവാസികള്‍ അമ്പരക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൗരി, ഭദോഹി പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം മത്സ്യങ്ങള്‍ പൊഴിഞ്ഞത്. 50 കിലോയിലധികം മത്സ്യമാണ് പ്രദേശത്ത് പൊഴിഞ്ഞുവീണത്. നിരവധിയാളുകള്‍ താഴെവീണുകിടന്ന മത്സ്യങ്ങള്‍ പെറുക്കിയയെടുക്കുന്നുണ്ടായിരുന്നു. വീടിന്റെ ടെറസ്സിലും പാടത്തുമൊക്കെയായി നിരവധി മത്സ്യങ്ങളാണ് പ്രദേശവാസികള്‍ക്ക് ലഭിച്ചത്.

ഈ മത്സ്യങ്ങളെയെല്ലാം പെറുക്കിക്കൂട്ടി കുളങ്ങളില്‍ നിക്ഷേപിക്കുകയും ബാക്കിയുള്ളവയെ ചെറിയ കുഴികളില്‍ എറിഞ്ഞുകളയുകയുമായിരുന്നു. മത്സ്യത്തില്‍ വിഷാംശമുണ്ടെന്ന ഭീതിയാണ് ഗ്രാമവാസികളെ ഇതിനു പ്രേരിപ്പിച്ചത്.

ശക്തമായ ന്യൂനമര്‍ദ്ദമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വിശദീകരണം. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ചുഴലിക്കാറ്റിന് കുളങ്ങളിലേയും പുഴകളിലേയും മറ്റും ഉപരിതലത്തോട് ചേര്‍ന്നുള്ള മത്സ്യങ്ങളെ വലിച്ചെടുക്കാനാകും.

കടലില്‍ നിന്നും മത്സ്യക്കൂട്ടങ്ങളെ ഇത്തരത്തില്‍ ചുഴലിക്കാറ്റുകള്‍ പൊക്കിയെടുക്കാറുണ്ട്. ഇത്തരത്തില്‍ ചുഴലിക്കാറ്റിനൊപ്പം കൂടുന്ന മത്സ്യങ്ങള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചശേഷമായിരിക്കും തിരികെ നിലത്തേക്ക് വീഴുക.

പലപ്പോഴും മഴയ്‌ക്കൊപ്പമായിരിക്കും ഇവ ഭൂമിയിലെത്തുക. ഇതാകാം ഇവിടെയും സംഭവിച്ചതെന്നാണ് നിഗമനം. പ്രദേശത്ത് കനത്ത മഴയും ശക്തമായ കാറ്റും വീശിയിരുന്നു.