സമൂഹമാധ്യമങ്ങളിലൂടെ ചികിത്സാഫണ്ടിനെ ചൊല്ലിയുള്ള തർക്കവും ഭീഷണിയും ; യുവതിയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു

സമൂഹമാധ്യമങ്ങളിലൂടെ ചികിത്സാഫണ്ടിനെ ചൊല്ലിയുള്ള തർക്കവും ഭീഷണിയും ; യുവതിയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കൊച്ചി : മഞ്ഞപ്പിത്തത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയക്കായി സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യർത്ഥിച്ച വർഷയ്ക്ക് ലക്ഷങ്ങളുടെ സഹായമാണ് ലഭിച്ചത്. അമ്മയുടെ ചികിത്സക്ക് വേണ്ടി വർഷ സമൂഹമാധ്യമങ്ങളിലൂടെ സമാഹരിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ചിലർ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തി വർഷ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

യുവതിയുടെ പരാതിയിൽ നാല് പേർക്കെതിരെ കേസെടുത്തു. യുവതിയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിത് എന്നിവർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇടപെട്ടതിന് പിന്നാലെ വർഷ എറണാകുളം ഡിസിപി പൂങ്കുഴലി ഐപിഎസിന് പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് ചേരാനല്ലൂർ പൊലീസ് വർഷയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

ജൂൺ 24നാണ് അമ്മ രാധയുടെ കരൾമാറ്റ ശസ്ത്രക്രിയക്ക് പണം തേടി വർഷ സമൂഹമാധ്യമങ്ങളിൽ ലൈവിൽ എത്തിയത്. ഫിറോസ് കുന്നുംപറമ്പിൽ ഉൾപ്പെടെയുള്ളവർ വർഷക്ക് സഹായം അഭ്യർഥിച്ചുള്ള വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

വർഷയുടെ ശസ്ത്രക്രിയ്ക്ക് 30 ലക്ഷത്തിൽ താഴെ തുകയാണ് ചികിത്സക്കായി വേണ്ടിയിരുന്നത്. എന്നാൽ ഫെയ്‌സ്ബുക്ക് ലൈവിൽ എത്തിയതിന് ശേഷമുള്ള ആദ്യ ദിവസം തന്നെ 65 ലക്ഷത്തിലേറെ തുക അക്കൗണ്ടിലേക്ക് എത്തുകയായിരുന്നു.

ഇതോടെ ഇനി ആരും പണം അയക്കേണ്ടതില്ല എന്ന് അറിയിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു കോടി 35 ലക്ഷം രൂപയാണ് വർഷയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. പിന്നാലെ തനിക്ക് കൂടി കൈകാര്യം ചെയ്യാൻ സാധിക്കും വിധം മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റണം എന്ന വാദവുമായി പണം സമാഹരിക്കാൻ സഹായിച്ച സാജൻ കേച്ചേരി എന്നയാൾ എത്തി.

സാജൻ പറഞ്ഞിട്ടാണ് വിളിക്കുന്നത്, പണം നൽകുമെന്ന് പറഞ്ഞു എന്ന വിധത്തിൽ അപരിചിത നമ്പറുകളിൽ നിന്ന് കൂടുതൽ കോളുകൾ വന്നിരുന്നു.

ഫോണിലൂടെയുള്ള ഭീഷണി ഭയന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല, സാജൻ കേച്ചേരി ആവശ്യപ്പെടുന്നത് പോലെ തന്നെയാണ് ഫിറോസ് കുന്നംപറമ്പിലും തന്നെ ഫോണിൽ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നതെന്നും വർഷ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.