സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവെപ്പ്, ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു ; മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ : സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിവെപ്പ്. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഇവർ പെട്ടെന്നുതന്നെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു.സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് മൂന്ന് ഷിഫ്റ്റുകളിലായി പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ജയിലില്‍ കഴിയുന്ന ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്ണോയിയും പിടികിട്ടാപ്പുള്ളി ഗോള്‍ഡി ബ്രാറും ഭീഷണി ഉയർത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും താരത്തെ കൊല്ലാന്‍ മുംബൈയിലേക്ക് ഷൂട്ടര്‍മാരെ അയച്ചതായും റിപ്പോർട്ടുകളുണ്ട്.
ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ശത്രുതക്ക് ആധാരം. വേട്ടയാടൽ ബിഷ്ണോയി സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറൻസ് ബിഷ്ണോയിയുടെ നിലപാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018ല്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹായി സമ്പത്ത് നെഹ്റ സല്‍മാന്‍ ഖാനെ വധിക്കാൻ വീട്ടിലെത്തിയിരുന്നു. ആക്രമണം നടത്തുന്നതിന് മുമ്പ് നെഹ്റയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ പൊലീസ് സൽമാൻ ഖാന്റെ സുരക്ഷ എക്‌സ് കാറ്റഗറിയിൽനിന്ന് വൈ പ്ലസ് കാറ്റഗറിയാക്കി ഉയർത്തിരുന്നു.