സ്തനത്തിൽ അസ്വഭാവിതകൾ കണ്ടാലും അർബുദ ലക്ഷണങ്ങൾ പ്രകടമായാലും യുവതികൾ ചികിത്സയ്ക്ക് മടിക്കുന്നു ; അപകടകരമെന്ന് ഗവേഷകർ

സ്തനത്തിൽ അസ്വഭാവിതകൾ കണ്ടാലും അർബുദ ലക്ഷണങ്ങൾ പ്രകടമായാലും യുവതികൾ ചികിത്സയ്ക്ക് മടിക്കുന്നു ; അപകടകരമെന്ന് ഗവേഷകർ

അർബുദം ബാധിച്ചാൽ ശരീരത്തിൽ പല ലക്ഷണങ്ങളും പ്രകടമാകാറുണ്ട്. പ്രത്യേകിച്ച്‌ സ്തനാർബുദത്തിന്. എന്നാല്‍ ഇവ നിസ്സാരമാക്കിവിടുന്നവരാണ് ഏറെയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ചെറുപ്പക്കാരായ സ്ത്രീകളിലേറെയും സ്തനാർബുദലക്ഷണങ്ങള്‍ കണ്ടാലും അവഗണിക്കുന്നവരാണെന്ന് പഠനത്തില്‍ പറയുന്നു.

സ്തനാർബുദത്തിന് മുന്നോടിയായി സ്തനത്തില്‍ വീക്കമോ, മറ്റ് അസ്വാഭാവികതകളോ കണ്ടാലും ആഴ്ചകളും മാസങ്ങളുമെടുത്തുമാത്രം വിദഗ്ധപരിശോധനയ്ക്ക് തയ്യാറാവുന്നവരാണ് മിക്ക യുവതികളുമെന്നാണ് പഠനത്തില്‍ പറയുന്നത്. കാനഡയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

സ്തനത്തില്‍ അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ട് രണ്ടാഴ്ചയ്ക്കുശേഷം ഡോക്ടർമാരെ കണ്ടവരാണ് യുവതികളിലേറെയുമെന്ന് പഠനത്തില്‍ പറയുന്നു. മൂന്നിലൊന്ന് സ്തനാർബുദ രോഗികളും ലക്ഷണങ്ങള്‍ കണ്ട് ഒരുമാസത്തിലേറെ കഴിഞ്ഞ് വിദഗ്ധ ചികിത്സ തേടിയവരാണ്. ഇത് അപകടകരമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാല്‍ഗറി സർവകലാശാലയിലെ ഡോക്ടറായ കാതറീൻ ഫ്ലെഷ്നർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്തനാർബുദ സ്ക്രീനിങ്ങുകളോ, മാമോഗ്രാഫികളോ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന യുവതികളാണ് കൂടുതലും. യുവതികള്‍ക്കിടയില്‍ സ്തനാർബുദത്തിന്റെ തോത് കുറഞ്ഞുനില്‍ക്കുന്നതാണ് ഈ നിസ്സാരവല്‍ക്കരണത്തിനു പിന്നില്‍. അതിനാല്‍ തന്നെ പ്രായമായവരെ അപേക്ഷിച്ച്‌ യുവതികളില്‍ സ്തനാർബുദം വൈകിയ സ്റ്റേജിലാണ് സ്ഥിരീകരിക്കപ്പെടുന്നതെന്നും കാതറീൻ ഫ്ലെഷ്നർ പറയുന്നു.

എന്നാല്‍ ഇക്കൂട്ടരിലെ സ്തനാർബുദം പൊതുവേ അക്രമകാരികളാകാറുണ്ടെന്നും അതിനാല്‍ വിദഗ്ധ ചികിത്സ നേരത്തേ തേടേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. 2015 മുതല്‍ 2022 വരെ കാലയളവില്‍, 1,148 യുവതികളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. റൂബി പ്രൊജെക്റ്റ്(Reducing the Burden of Breast Cancer in Young Women) അഥവാ യുവതികളിലെ സ്തനാർബുദം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പഠനം നടത്തിയത്.

നാല്‍പത്തിയൊന്ന് വയസ്സിനു മുമ്ബേ സ്തനാർബുദം സ്ഥിരീകരിച്ചവരേയാണ് പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചത്. മിക്കവരുടേയും ഏകദേശ പ്രായം മുപ്പത്തിയേഴായിരുന്നു. ഇതില്‍ പത്തില്‍ ഒമ്ബതുപേർക്കും അതായത് എണ്‍പത്തിയൊമ്ബത് ശതമാനം പേർക്കും സ്തനാർബുദ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. എഴുപത്തിയേഴ് ശതമാനം പേർക്കും സ്തനത്തില്‍ വീക്കം പ്രകടവുമായിരുന്നു.

സ്തനാർബുദത്തേക്കുറിച്ച്‌ അമിത ആശങ്കകളില്ലാത്തതാണ് വിദഗ്ധ ചികിത്സ തേടാൻ വൈകിയതിനു പിന്നിലെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. വേദനയുള്ള വീക്കം സ്തനത്തില്‍ കണ്ടാലും, സ്തനാർബുദം കുടുംബത്തിലെ അടുത്ത വ്യക്തികള്‍ക്ക് ഉണ്ടായാലുമൊക്കെ ഡോക്ടറെ കാണാൻ വൈകിക്കുന്നവരുണ്ട്. പലപ്പോഴും ഭയമോ അല്ലെങ്കില്‍ നിഷേധാത്മക സ്വഭാവമോ ആണ് നിസ്സാരമാക്കുന്നതിന് പിന്നിലെന്ന് ഗവേഷകർ പറയുന്നു.

അതേസമയം ഒരു പോസിറ്റീവ് വശവും ഈ പഠനത്തിലൂടെ കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു. ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ട് വിദഗ്ധ ചികിത്സയ്ക്കെത്തുന്ന പത്തുശതമാനത്തോളം പേർ തുടർചികിത്സ വൈകിക്കുന്നില്ല എന്നതാണത്. ഒർലാൻഡോയില്‍ വച്ച്‌ വരാനിരിക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ബ്രെസ്റ്റ് സർജന്മാരുടെ വാർഷിക സമ്മേളനത്തില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും.

സ്തനാർബുദം- സ്വയം പരിശോധന എപ്പോള്‍?

കൃത്യമായ മാസമുറ ഉള്ള സ്ത്രീകള്‍, മാസമുറ കഴിഞ്ഞാല്‍ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

 

എങ്ങനെ പരിശോധിക്കണം?

1.കണ്ണാടിയുടെ മുന്നില്‍ നിന്ന് മാറിടങ്ങള്‍ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളില്‍ വരുന്ന വ്യത്യാസം, പ്രകടമായ മുഴകള്‍, കക്ഷ ഭാഗത്തെ മുഴകള്‍, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.

2.കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച്‌ രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകള്‍ വളരെ ചെറിയ ദിശയില്‍ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകള്‍ അമർത്തി പരിശോധിച്ചാല്‍ സ്രവം ഉണ്ടെങ്കില്‍ അതും കണ്ടുപിടിക്കാം.

3. ആരംഭദശയില്‍ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാല്‍ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണ കാരണമാകുന്നില്ല. എന്നാല്‍ 4, 5 സ്റ്റേജില്‍ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതല്‍ 10 വർഷം കഴിയുമ്ബോള്‍ മരണ കാരണമായേക്കാം. ഇത്തരക്കാരില്‍ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.

തുടക്കത്തില്‍ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങള്‍

സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.

റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോള്‍ ഇതില്‍ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.

കീമോയുടെയും റേഡിയേഷന്റെയും ഡോസില്‍ കുറവ് വരുത്താൻ സാധിക്കും.

മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേല്‍പ്പറഞ്ഞ വ്യത്യാസങ്ങള്‍ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച്‌ കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താല്‍ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്ബോള്‍ ചികിത്സ സങ്കീർണമാകുന്നു. ഇതില്‍ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങള്‍ വഴി സാധിക്കും.

രോഗനിർണയം സങ്കീർണമല്ല

ക്ലിനിക്കല്‍ എക്സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന. റേഡിയോളജിക്കല്‍ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അള്‍ട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കില്‍ സി.ടി. ബ്രെസ്റ്റ്. ഇതില്‍ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച്‌ ഡോക്ടർ തീരുമാനിക്കുന്നു.

 

മുഴയില്‍ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന(Tissue diagnosis). ഇതിന് ഫൈൻ നീഡില്‍ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്സി, ഇൻസിഷൻ ബയോപ്സി, എക്സിഷൻ ബയോപ്സി എന്നീ പരിശോധനകളുണ്ട്.

 

ചികിത്സ

 

കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച്‌ ഓപ്പറേഷന് വിധേയമാക്കുക ഓപ്പറേഷന് ശേഷം റേഡിയേഷൻ പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നല്‍കുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറല്‍ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉള്‍പ്പെടുന്ന ടീം വർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തേണ്ടതാണ്.