ഫയര്‍ ഫോഴ്സിനെ വിളിച്ചാല്‍ ഓടിയെത്തുക പ്രയാസം; അംഗബലം കുറച്ചു; കോട്ടയം, ചങ്ങനാശേരി, പാലാ സ്റ്റേഷനുകളില്‍ കൂട്ടസ്ഥലംമാറ്റം

ഫയര്‍ ഫോഴ്സിനെ വിളിച്ചാല്‍ ഓടിയെത്തുക പ്രയാസം; അംഗബലം കുറച്ചു; കോട്ടയം, ചങ്ങനാശേരി, പാലാ സ്റ്റേഷനുകളില്‍ കൂട്ടസ്ഥലംമാറ്റം

സ്വന്തം ലേഖിക

കോട്ടയം: ജില്ലാ കേന്ദ്രത്തിലെ ഫയര്‍ഫോഴ്സിലെ തസ്തികകള്‍ വെട്ടിക്കുറച്ച്‌ കൂട്ടസ്ഥലംമാറ്റം.

കോട്ടയം, ചങ്ങനാശേരി, പാലാ സ്റ്റേഷനുകളില്‍ നിന്നാണ് 12 പേരെ എറണാകുളം, ആലപ്പുഴ ഫയര്‍ സ്റ്റേഷനുകളിലേയ്ക്ക് സ്ഥലംമാറ്റിയത്. ഫലത്തില്‍ 12 പേരുടെ സേവനം ഇനി ജില്ലയ്ക്കുണ്ടാവില്ല. ഡ്രൈവര്‍മാരും ഫയര്‍മാന്‍മാരുമാണ് സ്ഥലംമാറ്റപ്പെട്ടവര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, നിയമസഭാ മന്ദിരം എന്നിവിടങ്ങളിലേയ്ക്ക് പ്രത്യേകം സംഘത്തെ നിയോഗിക്കാനും ചെറു സ്റ്റേഷനുകളില്‍ അംഗബലം വര്‍ദ്ധിപ്പിക്കാനും പുതിയ നിയമനം നടത്താതെ, നിലവിലുള്ള നിലയങ്ങളില്‍ നിന്ന് ജീവനക്കാരെ പുനര്‍ വിന്യസിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്ഥലംമാറ്റം. എന്നാല്‍ പുതിയ ട്രാന്‍സ്ഫര്‍ നടത്തി മാസങ്ങള്‍ കഴിയുമ്പോഴാണ് കൂട്ടസ്ഥലം മാറ്റമുണ്ടായത്.

ഭരണാനുകൂല സംഘടന വരെ പ്രതിഷേധിച്ചെങ്കിലും നടപടിയുണ്ടായില്ല. ചൂട് കൂടിയത് മൂലം തീപിടിത്തം പതിവാകുന്നതിനിടെ ഉദ്യോഗസ്ഥരുടെ കുറവ് രക്ഷാ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. അഗ്‌നിരക്ഷാ സേനയില്‍ വര്‍ഷങ്ങളായി തയാറാക്കിവച്ചിരുന്ന പട്ടികയാണ് ഇപ്പോള്‍ ഉപയോഗിച്ചത്.
ഭരണപക്ഷ യൂണിയന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പട്ടിക മരവിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.

ടൂറിസം കേന്ദ്രമെന്ന നിലയില്‍ മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ വേണ്ടിവരുന്ന വിശിഷ്ടാതിഥികള്‍ എത്തുമ്പോള്‍ ആംബുലന്‍സില്‍ ഫയര്‍ഫോഴ്സ് അനുഗമിക്കണം. ഡ്രൈവര്‍മാര്‍ പോകുന്നതോടെ ആംബുലന്‍സ് ഉള്‍പ്പെടെ 15 വാഹനങ്ങള്‍ ഓടിക്കാന്‍ ആള് കുറയും.

കഴിഞ്ഞമാസം ജില്ലയില്‍ അമ്പതിലേറെ അഗ്‌നിബാധയും അപകടങ്ങളുമുണ്ടായി. വിളിക്കുമ്പോഴെല്ലാം ഓടിയെത്താന്‍ കഴിയുന്നത് അംഗബലം കൊണ്ടുകൂടിയാണ്. പുതിയ നിയമനമില്ലാത്തതിനാല്‍ ഉള്ള ആളെവച്ചു നോക്കണം.

കോട്ടയം സ്റ്റേഷനില്‍ നിന്നാണ് ഏറ്റവും അധികം പേര്‍ മാറിയത്. 4 ഡ്രൈവര്‍മാരും 6 ഓഫീസര്‍മാരും സ്ഥലംമാറി. പാലാ,ചങ്ങനാശേരി എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഡ്രൈവര്‍മാരും സ്ഥലംമാറി. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഡ്രൈവര്‍മാര്‍ പോയാല്‍ നാമമാത്ര ഡ്രൈവര്‍മാരെ സ്റ്റേഷനിലുണ്ടാവൂ. ഇതിനിടെ അവധിയടക്കം നല്‍കുകയും വേണം.

ചില ദിവസങ്ങളില്‍ ചെറുതും വലുതുമായ പത്തിലേറെ തീപിടിത്തം മാത്രമുണ്ടാകാറുണ്ട്. ഈ സാഹചര്യത്തില്‍ വണ്ടിയുണ്ടെങ്കിലും ഓടിക്കാന്‍ ആളില്ലാത്ത സാഹചര്യമുണ്ടാകും.