മക്കൾ പുറത്തു പോയപ്പോൾ 90 കാരി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചു

മക്കൾ പുറത്തു പോയപ്പോൾ 90 കാരി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: വീട്ടിലാരുമില്ലാതിരുന്ന സമയത്ത് തൊണ്ണൂറുകാരിയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളി ഇരവിനല്ലൂർ കാരോട്ട് കടവിൽ രാധാലയത്തിൽ (തപസ്യ) സോമശേഖരൻ പിള്ളയുടെ ഭാര്യ തങ്കമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇവരുടെ മൃതദേഹം. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. തങ്കമ്മയും മകന്റെ ഭാര്യഅധ്യാപികയായ ലീനയും, മരുമകൾ അഞ്ജനയുമാണ് ഇവിടെ താമസിക്കുന്നത്. രാവിലെ എട്ടു മണിയോടെ ഇരുവരും വീട്ടിൽ നിന്നു പുറത്തു പോയി. 8.45 ന് ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് കിടപ്പു മുറിയിൽ നിന്നു തീയും പുകയും ഉയരുന്നത് കണ്ടത്. തുടർന്നു ഇവർ ബഹളം വച്ച് നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്‌നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്തു കയറി. ഇവർ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ തങ്കമ്മയെ കണ്ടത്. ഉടൻ തന്നെ ഇവരെ അഗ്‌നിശമന സേനയുടെ ആംലുലൻസിൽ മെഡിക്കൽ കോളേജിലേയ്ക്കു കൊണ്ടു പോയെങ്കിലും മരണം സംഭവിച്ചിരുന്നു. വൈദ്യുതി മുടങ്ങിയതിനെ തുടർന്നു തങ്കമ്മയുടെ കട്ടിലിനു മുകളിൽ മെഴുകുതിരി കത്തിച്ചു വച്ചിരുന്നു. ഇത് കട്ടിലിലേയ്ക്കു മറിഞ്ഞു വീണാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നതായി സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് സംഘം അറിയിച്ചു.