മാസ്‌ക് വയ്ക്കാത്തവരെയും ഇരുചക്രവാഹന യാത്രികരെയും ബൈക്കിലെത്തി തടഞ്ഞു നിർത്തി പെറ്റി അടപ്പിക്കും; യാത്രക്കാരിൽ നിന്ന് സ്വർണവും പണവും ബലംപ്രയോ​ഗിച്ച് വാങ്ങും; തിരുവല്ലയിൽ പൊലീസുകാരൻ ചമഞ്ഞ് കവർച്ച നടത്തിയ യുവാവ് പിടിയിൽ

മാസ്‌ക് വയ്ക്കാത്തവരെയും ഇരുചക്രവാഹന യാത്രികരെയും ബൈക്കിലെത്തി തടഞ്ഞു നിർത്തി പെറ്റി അടപ്പിക്കും; യാത്രക്കാരിൽ നിന്ന് സ്വർണവും പണവും ബലംപ്രയോ​ഗിച്ച് വാങ്ങും; തിരുവല്ലയിൽ പൊലീസുകാരൻ ചമഞ്ഞ് കവർച്ച നടത്തിയ യുവാവ് പിടിയിൽ

തിരുവല്ല: പൊലീസുകാരൻ ചമഞ്ഞ് കാൽ നടയാത്രക്കാരിൽ നിന്നടക്കം പണവും സ്വർണം കവരുന്നത് പതിവാക്കിയ യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻ വീട്ടിൽ അനീഷ് (36) ആണ് പിടിയിലായത്. മഫ്തി പൊലീസുകാരനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ഞായറാഴ്ച രാവിലെ പത്തരയോടെ നടത്തിയ കവർച്ചയിൽ ലഭിച്ച പരാതിയെ തുടർന്നാണ് ഇയാൾ പിടിയിലായത്. മാസ്‌ക് ധരിച്ചിരുന്നില്ലെന്ന കാരണത്താൽ പരുമല സ്വദേശിയുടെ വാഹനം അനീഷ് ബൈക്ക് കുറുകെ വെച്ച് തടഞ്ഞു. ശേഷം സ്‌കൂട്ടറിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. രേഖകൾ കൈവശമില്ലെന്ന് വിജയൻ പറഞ്ഞു. ഇതോടെ പണം ആവശ്യപ്പെട്ടു. പിന്നെ അനീഷ് ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും 5000 രൂപ കൈക്കലാക്കി. ലോൺ അടയ്ക്കാനുള്ള പണമാണിതെന്ന് വിജയൻ പറഞ്ഞെങ്കിലും അനീഷ് ചെവിക്കൊണ്ടില്ല. കാതിൽ കിടന്നിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന കടുക്കനും ഇയാൾ ഊരിയെടുത്തു. തുടർന്ന് സ്റ്റേഷനിലേക്കെന്ന വ്യാജേനെ ബൈക്കിൽ കയറ്റിയ വിജയനെ പുളിക്കീഴ് പാലത്തിന് സമീപം ഇറക്കി വിട്ട ശേഷം കടക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് സംഘം മഫ്തിയിൽ പ്രദേശത്ത് അനീഷിനായി തെരച്ചിൽ നടത്തുകയായിരുന്നു. തട്ടിപ്പിന് ഇരയായ ആളുമായി ഇരമല്ലിക്കര പാലത്തിന് സമീപം പൊലീസ് സംഘം സംസാരിച്ചു നിൽക്കുന്നതിനിടെ അനീഷ് ബൈക്കിൽ അതു വഴി കടന്നുപോയി. തട്ടിപ്പിന് ഇരയായ ആൾ അനീഷിനെ തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞു നിർത്തി പെറ്റി എന്ന പേരിൽ പണം വാങ്ങും. ലൈസൻസും ഹെൽമെറ്റുമില്ലാതെ യാത്ര ചെയ്യുന്ന ഇരു ചക്ര വാഹന യാത്രക്കാരെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തിയും ഇയാൾ പെറ്റിയുടെ പേരിൽ പണം തട്ടിയിരുന്നു. സമാനമായ തട്ടിപ്പുകൾ സംബന്ധിച്ച് അനീഷിനെതിരെ മൂന്ന് പരാതികൾ കൂടി ലഭിച്ചതായി എസ് ഐ കവിരാജ് പറഞ്ഞു.

പൊലീസ് ഇൻസ്പെക്ടർ ഇഡി ബിജുവിനൊപ്പം എസ് ഐ കവിരാജൻ, എ എസ് ഐ പ്രകാശ്, പ്രസാദ്, എസ് സി പി ഓമാരായ പ്യാരിലാൽ, അഖിലേഷ്, പ്രദീപ്, സി പി ഓ രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.