സ്വന്തം ലേഖകൻ
കോട്ടയം: അഞ്ചു ദിവസമായി കനത്ത മഴ തുടരുന്നതിനാൽ വ്യാജ പ്രചാരണങ്ങളുമായി സോഷ്യൽ മീഡിയയിലെ സാമൂഹ്യ വിരുദ്ധർ രംഗത്ത്. മഴയെയും വെള്ളപ്പൊക്കത്തെയും കുറിച്ചുള്ള സാമൂഹ്യ വിരുദ്ധമായ പോസ്റ്റുകളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയ ചിത്രങ്ങളുമായി ചേർത്ത് ഇത്തവണത്തേത്ത് എന്ന രീതിയിലുള്ള പ്രചാരണവും ഇപ്പോൾ ശക്തമായിട്ടുണ്ട്.
തെറ്റായ രീതിയിലുള്ള പ്രചാരണാണ് ഇപ്പോൾ ഇത്തരക്കാർ പ്രധാനമായും സോഷ്യൽ മീഡിയയിലൂടെ നടത്തുന്നത്. മഴയും വെള്ളപ്പൊക്കവും ഉണ്ടായ സ്ഥലങ്ങളുടെ തെറ്റായ വിവരങ്ങൾ നൽകുക. വഴിയിൽ ഗതാഗത തടസമുള്ള സ്ഥലങ്ങളുടെ തെറ്റായ സന്ദേശം പ്രചരിപ്പിക്കുക. ഡാമുകൾ തകർന്നതായു പ്രചരിപ്പിക്കുക. ആളുകൾ ഒറ്റപ്പെട്ടതായുള്ള സന്ദേശം അയക്കുക തുടങ്ങിയവയാണ് ഇത്തരത്തിൽ തട്ടിപ്പ് സന്ദേശത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സർക്കാരും പൊലീസും മുന്നറിയിപ്പുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. വ്യാജ പ്രചാരണങ്ങളിൽ ഭയപ്പെടേണ്ടെന്നും, സർക്കാർ ഔദ്യോഗികമായി നൽകുന്ന ബോധവത്കരണങ്ങളും മുന്നറിയിപ്പുകളുമായും സാധാരണക്കാരായ ആളുകൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുമുണ്ട്.