play-sharp-fill
300 കോടി വ്യാജ പ്രൊഫൈലുകൾ ഇനി നിശ്ചലം ; അടച്ചു പൂട്ടിച്ച് വ്യാജന്മാർക്കു ഫേസ്ബുക്കിന്റെ കിടിലൻ പണി

300 കോടി വ്യാജ പ്രൊഫൈലുകൾ ഇനി നിശ്ചലം ; അടച്ചു പൂട്ടിച്ച് വ്യാജന്മാർക്കു ഫേസ്ബുക്കിന്റെ കിടിലൻ പണി

സ്വന്തംലേഖകൻ

കോട്ടയം : 300 കോടി വ്യാജ പ്രൊഫൈലുകൾ പൂട്ടിച്ച് ഫേസ്ബുക്ക്. ഒക്ടോബർ 2018നും മാർച്ച് 2019നും ഇടയിൽ മുന്നൂറ് കോടി വ്യാജ പ്രൊഫൈലുകൾ ഫേസ്ബുക്ക് പൂട്ടിച്ചുവെന്ന് കണക്കുകൾ. ഫേസ്ബുക്ക് പുറത്തുവിട്ട എൻഫോഴ്‌സ്‌മെന്റി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന് പുറമെ എഴുപത് ലക്ഷം വിദ്വേഷ പ്രസംഗങ്ങളും പ്ലാറ്റ്‌ഫോമിൽ നിന്നും നീക്കം ചെയ്തതായി ഫേസ്ബുക്ക് പറയുന്നു. മുമ്പും ഫേസ്ബുക്ക് ഇത്തരത്തിൽ വലിയൊരു ശതമാനം വ്യാജ അക്കൗണ്ടുകൾ പൂട്ടിച്ചിരുന്നു. ഇതിന് പുറമെ മയക്കുമരുന്നുകൾ, ആയുധങ്ങൾ എന്നിവ വിൽക്കുന്ന അക്കൗണ്ടുകളും ഫേസ്ബുക്ക് പൂട്ടിച്ചു. ഓരോ 10,000 കണ്ടെന്റിലും 14 എണ്ണം അശ്ലീല ദൃശ്യങ്ങളും, 25 എണ്ണം ആക്രമണങ്ങളുടേയുമാണ്. മൂന്നെണ്ണത്തിൽ താഴെയുള്ളത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെയും, ഭീകരവാദത്തിന്റെയുമാണ്. 2019 ജനുവരി മാർച്ച് മാസത്തിനിടയ്ക്ക് ഒരു മില്യണിൽ കൂടുതൽ അപേക്ഷകളാണ് വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ നീക്കം ചെയ്ത കണ്ടന്റുകൾക്കായി വന്നത്. ഇതിൽ 1,50,000 പോസ്റ്റുകൾ വിദ്വേഷ പ്രസംഗങ്ങളല്ലെന്ന് കണ്ടെത്തി തിരിച്ചു നൽകുകയായിരുന്നു. ഫേസ്ബുക്കിൽ വർധിച്ചുവരുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരെയുള്ള യുദ്ധം കമ്പനി തുടങ്ങിയിട്ട് നാളുകളേറെയായി. എങ്ങനെയാണ് വ്യാജ അക്കൗണ്ടുകൾ, വ്യാജ വാർത്തകൾ തിരിച്ചറിയേണ്ടതെന്നും മറ്റുമുള്ള മാർഗിർദ്ദേശങ്ങൾ ഫേസ്ബുക്ക് തന്നെ ഉപഭോക്താക്കളുമായി പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് എന്നത് ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഒരിടമാക്കി മാറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.