play-sharp-fill
ചെങ്കണ്ണ്  പടർന്നുപിടിക്കുന്നു; ചെങ്കണ്ണിനെ സൂക്ഷിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ലക്ഷണങ്ങൾ പ്രതിവിധികൾ എന്തൊക്കെയെന്ന് അറിയാം…!

ചെങ്കണ്ണ് പടർന്നുപിടിക്കുന്നു; ചെങ്കണ്ണിനെ സൂക്ഷിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ലക്ഷണങ്ങൾ പ്രതിവിധികൾ എന്തൊക്കെയെന്ന് അറിയാം…!

സ്വന്തം ലേഖിക

തിരുവനന്തപുരം:
ബാക്റ്റീരിയയോ വൈറസോ കാരണമുണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്.

സാധാരണയായി വേനലിലാണ് ചെങ്കണ്ണ് കേസുകള്‍ കൂടുതലായും കണ്ടുവരുന്നത്. ഒരാള്‍ക്ക് ബാധിച്ചാല്‍ വീട്ടിലെ മറ്റുള്ളവരിലേക്കും എളുപ്പം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൃത്യസമയത്ത് ചികിത്സ തേടേണ്ടത് പ്രധാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയോചിതമായി ചികിത്സിച്ചെല്ലെങ്കില്‍ ചിലര്‍ക്കെങ്കിലും കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ വരാം.

ലക്ഷണങ്ങള്‍:

കണ്ണിലെ ചുവപ്പ് നിറം, കണ്ണില്‍ നിന്ന് വെള്ളം ചാടല്‍, കണ്ണുകളില്‍ അമിതമായി ചീ പോള അടിയല്‍, പ്രകാശം നോക്കാന്‍ ബുദ്ധിമുട്ട്, രാവിലെ കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ട്, ചെവിയുടെ മുന്നില്‍ ഭാഗത്തു കഴല വീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചിലര്‍ക്ക് കണ്‍പോളകള്‍ക്കും കണ്ണിനു ചുറ്റും നീര് വെക്കുകയും ചെയ്യുന്നു. അപൂര്‍വം ചിലരില്‍ നേത്രപടലത്തെ ഈ അസുഖം ബാധിക്കാറുണ്ട്. രോഗബാധിതരില്‍ 30 ശതമാനത്തോളം പേര്‍ക്ക് രോഗബാധ കൃഷ്ണമണിക്ക് ബാധിക്കാന്‍ സാധ്യതയുണ്ട്.
90 ശതമാനം ചെങ്കണ്ണും വൈറസ് അണുബാധ മൂലമാണ് സംഭവിക്കുന്നത്.

ഒരു തവണ ബാധിച്ചയാള്‍ക്ക് വീണ്ടും രോഗബാധയുണ്ടാവാം. ശക്തിയായ വേദനയും ചുകപ്പും അനുഭവപ്പെട്ടാല്‍ തന്നെ ഡോക്ടറെ കാണുന്നത് നല്ലതാണ്. പ്രായം ചെന്നവര്‍, നിത്യ രോഗികള്‍, പ്രമേഹം, ക്യാന്‍സര്‍, കിഡ്നി സംബന്ധമായ അസുഖമുള്ളവര്‍ തുടങ്ങിവര്‍ക്ക് ചെങ്കണ്ണ് രോഗത്തിന്റെ വ്യാപ്തി പെട്ടെന്ന് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വേഗം തന്നെ ചികിത്സ തേടാന്‍ ശ്രമിക്കുക.

പ്രതിവിധി:

പൂര്‍ണമായും ചെങ്കണ്ണ് മാറാന്‍ സാധാരണ ഗതിയില്‍ രണ്ടാഴ്ച സമയമെടുക്കും. ചെങ്കണ്ണ് പിടിപ്പെട്ടാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോടിക് തുള്ളിമരുന്നുകളും ഓയില്‍മെന്റും കൃത്യമായ കാലയളവില്‍ ഉപയോഗിക്കുക. രോഗാവസ്ഥയുടെ കാഠിന്യത്തിനനുസരിച്ചായിരിക്കും ഡോക്ടര്‍ തുള്ളിമരുന്ന് നിശ്ചയിക്കുക. രോഗം വന്നവര്‍ പൊതുസ്ഥലങ്ങളില്‍ നിന്നും സ്‌കൂള്‍, കോളജ്, പൊതുയിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനിന്നാല്‍ രോഗം പകരുന്നത് തടയാനാവും. രോഗിയുടെ കണ്ണില്‍ നിന്നുള്ള സ്രവം പറ്റിപ്പിടിച്ച സ്ഥലങ്ങളില്‍ മറ്റുള്ളവര്‍ തൊടുകയും ആ കൈ കൊണ്ട് സ്വന്തം കണ്ണില്‍ തൊടുകയും ചെയ്യുമ്ബോഴാണ് ഈ അസുഖം പകരുന്നത്.

കൈകള്‍ ഇടയ്ക്കിടെ കഴുകുന്നതിലൂടെയും കണ്ണില്‍ തൊടാതിരിക്കുകയും ചെയ്യുന്നതിലൂടെയും ചെങ്കണ്ണ് പടരാതെ ശ്രദ്ധിക്കാനാവും. രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച വ്യക്തിഗത വസ്തുക്കള്‍, ടവല്‍, സോപ്, തലയിണ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത്. രോഗി ഉപയോഗിക്കുന്ന മരുന്ന് കുപ്പി മറ്റുള്ളവര്‍ തൊടുന്നത് രോഗ ബാധക്ക് ഇടയാക്കിയേക്കാം. വീട്ടില്‍ എല്ലാവരും ഉപയോഗിക്കുന്ന കണ്ണടയും കണ്‍മഷിക്കുപ്പിയും ചെങ്കണ്ണ് രോഗികള്‍ ഒഴിവാക്കുകയാണ് അഭികാമ്യം. കണ്ണിന് നല്ല വിശ്രമം കൊടുക്കുക. ടിവി കാണുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക. ചെങ്കണ്ണ് ബാധയുള്ള ആള്‍ പ്ലെയിന്‍ കണ്ണടയോ കൂളിങ് ഗ്ലാസോ ധരിക്കുക. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാനും ആഹാരത്തില്‍ പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പെടുത്താനും ശ്രദ്ധിക്കുക.