പൊലീസെന്ന വ്യാജേനയെത്തി ചൂതാട്ട സംഘത്തിൽ നിന്നും പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവം; മൂന്നുപേർ അറസ്റ്റിൽ;സംഭവത്തിനുശേഷം  ഊട്ടിയിലേക്ക് കടന്ന ബസ് ഡ്രൈവർമാർ കുടുങ്ങിയതിങ്ങനെ

പൊലീസെന്ന വ്യാജേനയെത്തി ചൂതാട്ട സംഘത്തിൽ നിന്നും പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവം; മൂന്നുപേർ അറസ്റ്റിൽ;സംഭവത്തിനുശേഷം ഊട്ടിയിലേക്ക് കടന്ന ബസ് ഡ്രൈവർമാർ കുടുങ്ങിയതിങ്ങനെ

സ്വന്തം ലേഖകൻ

പുതുക്കാട്: തൃശ്ശൂരിൽ ചൂതാട്ട സംഘത്തിൽ നിന്നും പൊലീസെന്ന വ്യാജേന പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതികൾ പൊലീസ് പിടിയിൽ.

പൊന്നാനി പേരൂർ സ്വദേശി കണ്ടശാംകടവ് പ്രദീപ്, ചെറുതുരുത്തി ആറ്റൂർ ഓട്ടുപുരയ്ക്കൽ സുബൈർ, കല്ലൂർ ആലേങ്ങാട് സ്വദേശി കണിയാംപറമ്പിൽ സനീഷ് നാരായണൻ എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏഴാം തീയതി പുതുക്കാട് ആലങ്ങാട്ട് വച്ചാണ് ചൂതാട്ടം കഴിഞ്ഞ് വരികയായിരുന്ന സംഘത്തിന്റെ വാഹനം കാറിലെത്തിയ സംഘം തടഞ്ഞു നിർത്തി പണം തട്ടിയത്. പണം കൈക്കലാക്കിയ ശേഷം സ്റ്റേഷനിലേക്ക് വരാൻ നിർദ്ദേശിച്ച സംഘം കാറുമായി കടന്നുകളയുകയായിരുന്നു.

പൊലീസുകാരെന്ന് പറഞ്ഞെത്തിയവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ചൂതാട്ടുസംഘം പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് ചോദിച്ചപ്പോഴാണ് തട്ടിപ്പു സംഘമാണ് പണവുമായി പോയതെന്ന് മനസിലായത്.

വിവരമറിഞ്ഞതോടെ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. പ്രതികളെ ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കേസിലെ പ്രതികൾ എല്ലാവരും ബസ് ഡ്രൈവർമാരാണെന്ന് പൊലീസ് പറഞ്ഞു. തൃശൂരിലെത്തിയ സംഘം തട്ടിയെടുത്ത തുക മൂന്നായി വീതം വെച്ച ശേഷം മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് ഊട്ടിയിലേക്കു കടന്നു. പുഴയ്ക്കൽ ഭാഗത്ത് വെച്ച് ഇവരുടെ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഊട്ടിയില്‍ നിന്നും തിരികെ നാട്ടിലെത്തി ഗോവയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പൊലീസ് പൊക്കുന്നത്. അന്വേഷണ സംഘം പ്രതികളായ പ്രദീപിനെയും സുബൈറിനെയും ചെറുതുരുത്തിയിൽവച്ചാണ് പിടികൂടിയത്. പിന്നീട് സനീഷിനെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ തെളിവെടുപ്പിനു ശേഷം ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി.