ചെറുപ്പത്തിൽ സർവീസിൽ കയറി: അപ്രതീക്ഷിതമായി മരണം എത്തി; ജോലിക്കിടയിലെ മരണത്തിലൂടെ എക്‌സൈസിന്റെ വീരനായി സുനിൽ; സുനിലിന് ആദരാഞ്ജലി അർപ്പിച്ച് എക്‌സൈസ് ഉദ്യോഗസ്ഥർ

ചെറുപ്പത്തിൽ സർവീസിൽ കയറി: അപ്രതീക്ഷിതമായി മരണം എത്തി; ജോലിക്കിടയിലെ മരണത്തിലൂടെ എക്‌സൈസിന്റെ വീരനായി സുനിൽ; സുനിലിന് ആദരാഞ്ജലി അർപ്പിച്ച് എക്‌സൈസ് ഉദ്യോഗസ്ഥർ

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് സ്ഥിതിഗതികൾ കൈവിട്ടു പോകമെന്ന മുന്നറിയിപ്പ് പുറത്തു വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാനത്തിന് നഷ്ടമായത് മിടുമിടുക്കനായ എക്‌സൈസ് ഉദ്യോഗസ്ഥനെ. പരീക്ഷയെഴുതി പരിശീലനം പൂർത്തിയാക്കി കേരളത്തിലെ മികച്ച സേനകളിൽ ഒന്നായ എക്‌സൈസ് സംഘത്തിലെത്തിയ യുവാവിന്റെ ജീവിതമാണ് കൊവിഡ് എന്ന മഹാമാരിയിൽ കുടുങ്ങി ഇല്ലാതായത്. മട്ടന്നൂർ എക്‌സൈസ് റേഞ്ച് ഓഫിസിലെ ഡ്രൈവർ പടിയൂർ സ്വദേശി കെ.പി സുനിലിന്റെ (28)മരണത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ഉദ്യോഗസ്ഥന്റെ മരണം സംഭവിച്ചിരിക്കുന്നത്.

കണ്ണൂരിലും സംസ്ഥാനത്തും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴാണ് ഇപ്പോൾ സർക്കാർ ജീവനക്കാരൻ തന്നെ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. സർവീസിൽ കയറിയിട്ട് ആറു മാസം മാത്രമേ ആയിട്ടുള്ളുവെങ്കിലും സുനിൽ മിടുമിടുക്കനായ ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് സഹപ്രവർത്തകർ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവറായിരുന്നുവെങ്കിലും എക്‌സൈസ് സംഘത്തിന്റെ ആക്ഷനുകളിൽ എല്ലാം സുനിലും ഒപ്പമുണ്ടായിരുന്നു. ഇത്തരം ആക്ഷനിൽ പങ്കെടുക്കുന്നതിനിടയിലാണ് സുനിലിന് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്. കൊറോണക്കാലത്ത് വ്യാജവാറ്റ് തടയുന്നതിനും മദ്യദുരന്തം തടയുന്നതിനും എക്‌സൈസ് സംഘം സംസ്ഥാന വ്യാപകമായി പരിശോധന അടക്കം നടത്തിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഒരു എക്‌സൈസ് ഉദ്യോഗസ്ഥൻ തന്നെ മരിച്ചിരിക്കുന്നത്.

മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ സുനിലിന്റെ ഫോട്ടോയാണ് സംസ്ഥാനത്തെ മിക്ക എക്‌സൈസ് ഉദ്യോഗസ്ഥരും വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും നൽകിയിരിക്കുന്നത്. ഇദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണ് സംസ്ഥാനത്തെമ്പാടും ഉള്ള സഹപ്രവർത്തകർ.

ഇതിനിടെ, സംസ്ഥാനത്ത് കൊറോണ രോഗം സ്ഥിരീകരിച്ച പലരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ വലഞ്ഞിരിക്കുകയാണ് ആരോഗ്യവകുപ്പ്.

തലസ്ഥാനത്ത് കഴിഞ്ഞ ദിവസം മരിച്ച വഞ്ചിയൂർ സ്വദേശി രമേശന്റെയും നാലാഞ്ചിറ സ്വദേശിയായ വൈദികന്റെയും രോഗ ഉറവിടം കണ്ടെത്താനായില്ല. അതേസമയം കാട്ടാക്കടയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുമായി ഇടപഴകിയവരുടെ സ്രവ സാംപിളുകൾ ഇന്ന് പരിശോധിക്കും.

തിരുവനന്തപുരത്ത് മരിച്ച മൂന്ന് കൊറോണ രോഗികളുടെയും ഉറവിടം കണ്ടെത്താൻ ഇതുവരെ ആരോഗ്യവകുപ്പിനായിട്ടില്ല. പോത്തൻകോട് സ്വദേശിയായ അബ്ദുൽ അസീസ് ,വൈദികൻ കെ ജി വർഗീസ് ,വഞ്ചിയൂർ സ്വദേശി രമേശ് എന്നിവരാണ് തലസ്ഥാനത്ത് കൊറോണ ബാധിച്ച് മരണപ്പെട്ടത്. ഇവർക്ക് മൂന്ന് പേർക്കും രോഗം എവിടെ നിന്നും പകർന്നു എന്ന് കണ്ടെത്താനാകാതെ ആശങ്കയിലാണ് തലസ്ഥാനജില്ല.

കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച വഞ്ചിയൂർ സ്വദേശിയുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കാട്ടാക്കട സ്വദേശിയായ ആശാവർക്കർക്ക് കൊറോണ വൈറസ് പിടിപെട്ടത് എവിടെ നിന്നാണെന്നറിയില്ല.

ഇവരുമായി സമ്ബർക്കം നടത്തിയ 600 ഓളം പേരുടെ ശ്രവ സാമ്പിളുകൾ ഇന്ന് പരിശോധിക്കും.ഇവരുടെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം ജില്ലാഭരണകൂടം പുറത്ത് വിട്ടിരുന്നു. ഇവർ സഞ്ചരിച്ച തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിളളി, കാവിൻപുറം, കൊല്ലോട് എന്നീ ആറ് വാർഡുകളാണ് കാട്ടാക്കട പഞ്ചായത്തിലെ കണ്ടെയ്ൻമെൻ്രറ് സോണുകളായി ജില്ലാഭരണകൂടം പ്രഖ്യാപിച്ചത്.

ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. അതേസമയം കൊറോണ രോഗം സ്ഥിരീകരിച്ച പാപ്പനംകോട് ബസ് ഡിപ്പോയിലെ ഡ്രൈവർക്ക് രോഗം വ്യാപിച്ചത് എവിടെനിന്നെന്ന് കണ്ടെത്താൻ ഇതുവരെ ആരോഗ്യവകുപ്പിനായിട്ടില്ല.