ഏറ്റുമാനൂരിൽ പാലരുവി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി തോമസ് ചാഴികാടൻ എം പി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാലക്കാടിനും തിരുനെൽവേലിക്കും ഇടയിൽ കൊല്ലം വഴി സർവീസ് നടത്തുന്ന പാലരുവി എക്‌സ്പ്രസിന് (ട്രെയിൻനമ്പർ 16791 & 16792) ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച് യാത്രാ ക്ലേശം പരിഹരിക്കണമെന്ന് തോമസ് ചാഴികാടൻ എം പി പാർലമെന്റിൽ സബ്മിഷൻ ഉന്നയിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നൽകുകയും ചെയ്തു.
ദിവസ്സവും രാവിലെ 7:30നും രാത്രി 8:15നും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്ന പാലരുവി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം അനുദിനം വർധിച്ചുവരികയാണ്. ഈ ട്രെയിനിൽ ഏറ്റുമാനൂരിനും എറണാകുളത്തിനും കൊല്ലത്തിനുമിടയിൽ ദിനംപ്രതി നൂറുകണക്കിനാളുകളാണ് യാത്ര ചെയ്യുന്നത്.
മഹാത്മാഗാന്ധി സർവകലാശാല, ഗവൺമെന്റ് മെഡിക്കൽ കോളേജ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ, ഏറ്റുമാനൂർ ഗവ. ഐ ടി ഐ, ഏറ്റുമാനൂരപ്പൻ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അതിപുരാതനമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, മാന്നാനം ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയം, അതിരമ്പുഴ സെന്റ് മേരീസ് പള്ളി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ ഈ റെയിൽവേ സ്റ്റേഷന്റെ സമീപ പ്രദേശത്താണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ, കോട്ടയം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും ഈ സ്റ്റേഷന്റെ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. പാലരുവി എക്‌സ്പ്രസിന്റെ സമയം കൂടുതൽ സൗകര്യപ്രദമായതിനാൽ ഈ ട്രെയിൻ ഏറ്റുമാനൂർ സ്റ്റേഷനിൽ നിർത്തണമെന്ന ആവിശ്യത്തിന്മേൽ കേന്ദ്രമന്ത്രിക്കും, റെയിൽവേ ബോർഡ് ചെയർമാനും, റെയിൽവേ ബോർഡ് ട്രാഫിക് മെമ്പർക്കും, സതേൺ റെയിൽവേ ജനറൽ മാനേജർക്കും നിരവധി തവണ നിവേദനം നൽകിയിട്ടുള്ള കാര്യം എം പി സബ്മിഷനിൽ ചൂണ്ടികാണിച്ചു.
2021 ഡിസംബർ 12 ലെ എം പി മാരുടെ കോൺഫെറൻസിൽ സതേൺ റെയിൽവേ ജനറൽ മാനേജരോടും, 2021 ഡിസംബർ 17ന് ബഹു: റെയിൽവേ മന്ത്രിയോടും ഈ വിഷയം താൻ നേരിട്ട് അവതരിപ്പിച്ച കാര്യവും എം പി സബ്മിഷനിൽ ഓർമപ്പെടുത്തി.
2022 ഫെബ്രുവരി 2ന് സതേൺ റെയിൽവേ ഹെഡ്ക്വാർട്ടേഴ്‌സ് റെയിൽവേ ബോർഡിന് അയച്ച കത്ത് പ്രകാരം (T/454/VI/Rev/TVC), 2020 ഫെബ്രുവരി 25ന് അയച്ച കത്തിൽ (T454/VI/Rev/TVC) ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ പാലരുവി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാൻ ശുപാർശ ചെയ്തിരുന്നു. കൂടാതെ PED/Coaching നെ ഏറ്റുമാനൂർ സ്റ്റേഷനിലെ ടിക്കറ്റ് വിവരങ്ങളും ഓവർ ഓൾ റണ്ണിങ് ടൈമിൽ (OAT) സ്റ്റോപ്പ് അനുവദിക്കാമെന്നും അറിയിച്ചിരുന്നു. വീണ്ടും സതേൺ റെയിൽവേ റെയിൽവേ ബോർഡിനോട് പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
മേൽപറഞ്ഞ വസ്തുതകൾ കണക്കിലെടുത്ത് ഏറ്റുമാനൂരിൽ പാലരുവി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും തോമസ് ചാഴികാടൻ എം പി പാർലമെന്റിൽ ആവശ്യപ്പെട്ടു.