ഏറ്റുമാനൂരിലെ എ.ഐ.സി.സി സാധ്യതാ പട്ടികയിൽ ജിം അലക്‌സും: കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ ജിം അലക്‌സിനും ലതികാ സുഭാഷിനും സാധ്യത; കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നൽകുന്നതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തം

ഏറ്റുമാനൂരിലെ എ.ഐ.സി.സി സാധ്യതാ പട്ടികയിൽ ജിം അലക്‌സും: കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ ജിം അലക്‌സിനും ലതികാ സുഭാഷിനും സാധ്യത; കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നൽകുന്നതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തം

തേർഡ് ഐ ബ്യൂറോ

കോട്ടയം: യു.ഡി.എഫിൽ കേരള കോൺഗ്രസുമായി തർക്കം നില നിൽക്കുന്ന ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേയ്ക്കുമെന്ന സൂചന ശക്തം. ഏറ്റുമാനൂർ സീറ്റ് കൂടി ഉൾപ്പെടുത്തിയുള്ള പട്ടിക സംസ്ഥാന കോൺഗ്രസ് നേതൃത്വം ഹൈക്കമാൻഡിനു നൽകിയതായാണ് തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ച റിപ്പോർട്ട്. ഏറ്റുമാനൂരിൽ കോൺഗ്രസിനുള്ളിലെ പ്രാദേശിക വികാരം ശക്തമായതാണ് ഇപ്പോൾ കോൺഗ്രസ് സംസ്ഥാന – ജില്ലാ നേതൃത്വങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് നേതാവും മണ്ഡലത്തിൽ നിർണ്ണായക സാന്നിധ്യവുമായ ജിം അലക്‌സിന്റെ പേരിലാണ് പട്ടികയിൽ പ്രഥമ പരിഗണന. ജില്ലയിൽ നിന്നും  വനിത സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം ഉയർന്നതോടെ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിന്റെ പേരും ഏറ്റുമാനൂർ സീറ്റിലേയ്ക്കു പരിഗണിക്കുന്നുണ്ട്. ഏറ്റുമാനൂരിൽ പ്രാദേശിക വികാരം ശക്തമാകുകയും, പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ തന്നെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംസ്ഥാന ജില്ലാ കോൺഗ്രസ് നേതൃത്വങ്ങൾ ഉണർന്നു തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാദേശിക വികാരം ഉയർത്തി നിലവിൽ കോൺഗ്രസിന് വിജയിക്കാൻ വേണ്ട സാഹചര്യം ഉയർത്തുകയാണ് ലക്ഷ്യം. ഇതിന് പ്രദേശത്ത് അടിവേരുള്ള നേതാക്കൾ തന്നെ വേണമെന്നു ജില്ലാ – സംസ്ഥാന നേതൃത്വങ്ങൾ കണക്ക് കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജിം അലക്‌സിന്റെയും, ലതികാ സുഭാഷിന്റെയും പേരുകൾ പരിഗണിക്കുന്നത്. കോൺഗ്രസ് സീറ്റ് ഏറ്റെടുത്തില്ലെങ്കിൽ ജിം സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങണമെന്ന ആവശ്യം ഏറ്റുമാനൂരിലെ ഒരു വിഭാഗം ഉന്നയിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താൺ കോൺഗ്രസ് ഇപ്പോൾ ഈ നിർണ്ണായക നീക്കം നടത്തുന്നത്.

ഇതിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഏറ്റുമാനൂർ സീറ്റിനു മേൽ ശക്തമായ അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഏറ്റൂമാനൂർ സീറ്റ് തങ്ങൾക്കു തന്നെ വിട്ടു നൽകണമെന്ന നിർണ്ണായകമായ നിലപാടാണ് പി.ജെ ജോസഫും കൂട്ടരും സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ, ഏറ്റുമാനൂർ സീറ്റ് തങ്ങൾക്കു വിട്ടു കിട്ടണമെന്നും ഇല്ലെങ്കിൽ മുന്നണിയിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും പി.ജെ ജോസഫ് വിഭാഗം പറയുന്നു. അതിരമ്പുഴ ഡിവിഷനിൽ ജില്ലാ പഞ്ചായത്തിൽ വിജയിച്ചതാണ് ഇവരുടെ അവകാശ വാദത്തിന്റെ കാരണം.

എന്നാൽ, അതിരമ്പുഴ ഡിവിഷനിൽ യു.ഡി.എഫ് വിജയിക്കുന്നതിനു വേണ്ടി വിയർപ്പൊഴുക്കിയത് ഓരോ കോൺഗ്രസ് പ്രവർത്തകനുമാണ് എന്ന വാദമാണ് യു.ഡി.എഫ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒരു പോലെ പറയുന്നത്. ഇത് തന്നെയാണ് ഇപ്പോൾ ഏറ്റുമാനൂരിൽ ശക്തമായ സമ്മർദത്തിനും മത്സരത്തിനും ഇടയാക്കുന്നത്.