ഏറ്റുമാനൂർ പെട്രോൾ പമ്പിൽ യുവാക്കളുടെ കൈവെട്ടിയ സംഭവം: കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാ സംഘാംഗമായ അച്ചു സന്തോഷ് അടക്കം രണ്ടു പേർ പിടിയിൽ; പിടിയിലായവർ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികൾ

ഏറ്റുമാനൂർ പെട്രോൾ പമ്പിൽ യുവാക്കളുടെ കൈവെട്ടിയ സംഭവം: കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാ സംഘാംഗമായ അച്ചു സന്തോഷ് അടക്കം രണ്ടു പേർ പിടിയിൽ; പിടിയിലായവർ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഏറ്റുമാനൂർ പെട്രോൾ പമ്പിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായ രണ്ടു യുവാക്കളുടെ കൈവെട്ടിയ സംഭവത്തിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ അച്ചു സന്തോഷ് അടക്കം രണ്ടു പേരെ ഏറ്റുമാനൂർ പൊലീസ് പിടികൂടി. കഞ്ചാവ് റെയിഡിനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ചു പ്രതികളെ മോചിപ്പിച്ച കേസിലെ അടക്കം പ്രതിയാണ് അച്ചു സന്തോഷ്.

നിഖിൽ

അറസ്റ്റിലായ അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനിയിൽ അച്ചു സന്തോഷ് (24), നാൽപ്പാത്തിമല സ്വദേശി നിഖിൽ (23) എന്നിവരെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിലാകാനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 19 നു രാത്രി ഏറ്റുമാനൂർ അതിരമ്പുഴ ഇരുപ്പേൽച്ചിറ ഭാഗത്തു വച്ചു അതിരമ്പുഴ സ്വദേശികളായ ബിബിൻ (27), എബിൻ (22) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ബിബിന്റെ കൈയ്ക്കു പ്രതികൾ മാരകമായി വെട്ടിപ്പരിക്കൽപ്പിച്ചിരുന്നു.

കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇരു സംഘങ്ങളും അതിരമ്പുഴ ഭാഗത്ത് വച്ച് ഏറ്റുമുട്ടി. ഇതിന്റെ തുടർച്ചയായാണ് ഇരു ടീമുകളും തമ്മിൽ പെട്രോൾ പമ്പിൽ വച്ച് ഏറ്റുമുട്ടലും വെട്ടുമുണ്ടായത്. ആക്രമണത്തിനു ശേഷം പ്രതികൾ സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു. പരിക്കേറ്റ രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ആക്രമണത്തിനു ശേഷം രക്ഷപെട്ട പ്രതികൾ രണ്ടു പേരും പാലാ മുത്തോലി ഭാഗത്തെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് പ്രതികളെപ്പറ്റി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചത്. തുടർന്നു ഏറ്റുമാനൂർ സി.ഐ എ.അൻസാരി, എസ്.ഐ അനൂപ് സി.നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ ഇവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കടുത്തുരുത്തിയിൽ കഞ്ചാവ് കേസിൽ പ്രതികളായവരെ പിടികൂടാൻ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ച കേസിലെ പ്രതിയാണ് അച്ചു സന്തോഷ്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ അച്ചു സന്തോഷ് ലഹരിയ്ക്ക് അടിമയാണ്. നേരത്തെ ഇയാളെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി നാട് കടത്തിയിരുന്നു.