ഈരാറ്റുപേട്ടയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും  മോഷണം; കടുവാമുഴി സ്വദേശി അറസ്റ്റിൽ

ഈരാറ്റുപേട്ടയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും മോഷണം; കടുവാമുഴി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

ഈരാറ്റുപേട്ട: ടൗണിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി.

ഈരാറ്റുപേട്ട കടുവാമുഴി കോട്ടയിൽ വീട്ടിൽ ദിലീഫ് മകൻ ഫുറൂസ് ദിലീഫ് (28) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈരാറ്റുപേട്ട ടൗണിൽ സ്ഥിതിചെയ്യുന്ന ഹിറാ ബുക്ക് സ്റ്റാളിൽ നിന്നും 17000 രൂപയും, സക്കറിയ ടയേഴ്സ് എന്ന കടയിൽ നിന്നും 34000 രൂപയും, ഇരുപതിനായിരം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും, തുഷാർ മൊബൈൽ ഷോപ്പിൽ നിന്നും 7 മൊബൈൽ ഫോണുകളും 7000 രൂപയും വിവിധ ദിവസങ്ങളിലായി മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും മോഷ്ടാവിന് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. പോലീസിന്റെ ശാസ്ത്രീയ പരിശോധനയില്‍ പ്രതി മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ചിരുന്നത് ഈരാറ്റുപേട്ടയില്‍ ഫ്രൂട്ട്സ് കട നടത്തുന്ന റിലീസ് മുഹമ്മദിനെയാണെന്ന് കണ്ടെത്തുകയും ഇയാളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ ഫുറൂസ് ദിലീഫിനെ അന്വേഷണസംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടുകയായിരുന്നു.അന്വേഷണ സംഘം ബംഗളൂരുവില്‍ എത്തിയതറിഞ്ഞ് പ്രതി അവിടെനിന്നും കോയമ്പത്തൂരിന് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് ഇയാളെ സാഹസികമായി പിടികൂടിയത്. ഇയാള്‍ അറബി പഠനത്തിനുശേഷം പല പള്ളികളിലും ജോലി ചെയ്തിരുന്നു .

ഇതിനു ശേഷം ആലപ്പുഴ കേന്ദ്രീകരിച്ച് ഹോംസ്റ്റേ നടത്തിവരികയായിരുന്നു. തന്റെ വഴിവിട്ട ജീവിതത്തിന് പണം കണ്ടെത്തുന്നതിനായിട്ടാണ് ഇയാള്‍ മോഷണത്തിലേക്ക് തിരിഞ്ഞത്. ഈരാറ്റുപേട്ട എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി വി, തോമസ് സേവിയർ, എ. എസ്.ഐ ഇക്ബാൽ പി.എ , സി.പി.ഓ മാരായ ജിനു കെ.ആർ, ജോബി ജോസഫ്, ശരത് കൃഷ്ണദേവ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.