ഈരാറ്റുപേട്ടയില്‍ തീവ്രവാദ സാന്നിധ്യമെന്ന റിപ്പോര്‍ട്ട് തിരുത്തി പോലീസ്; സിവില്‍ സ്റ്റേഷൻ നിർമ്മാണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി.എന്‍ വാസവന്‍; തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് ബിജെപി
കോട്ടയം: ജില്ലയിലെ ഈരാറ്റുപേട്ട തീവ്രവാദ സാന്നിധ്യമുള്ള മേഖലയാണെന്ന റിപ്പോർട്ട് പോലീസ് തിരുത്തിയതായി മന്ത്രി വി.എൻ വാസവൻ.
മിനി സിവില്‍ സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സ്ഥലം വിട്ടു നല്‍കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് നേരത്ത റിപ്പോർട്ട് നല്‍കിയത്. അതേസമയം മന്ത്രിയുടെ നിലപാടിനെതിരെ ബിജെപി രംഗത്ത് വന്നു.
ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷൻ സ്ഥാപിക്കാൻ പോലീസിന്റെ കൈവശമുള്ള സ്ഥലം നല്‍കുന്നതിനെതിരെ ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോർട്ടിലാണ് ഈരാറ്റുപേട്ടയ്ക്കെതിരായ പരാമർശം ഉണ്ടായിരുന്നത്. തീവ്രവാദ സാന്നിധ്യമുള്ള മേഖല എന്ന് റിപ്പോർട്ടില്‍ ഉണ്ടായിരുന്നതായി വാർത്തകള്‍ വന്നിരുന്നു.
ഇതിനെതിരെ ജമാ അത്ത് ഇസ്ലാമിയും എസ്ഡിപിഐയും അന്ന് കടുത്ത പ്രതിഷേധവും ഉയർത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘പണ്ട് എപ്പോഴോ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇത്തരമൊരു റിപ്പോര്‍ട്ട് എഴുതിയത്. നിലവിലെ സാഹചര്യം പരിശോധിച്ച് ഇപ്പോള്‍ അത്തരം പ്രശ്നങ്ങളിലെന്ന് റിപ്പോര്‍ട്ട് കൊടുത്തു. പഴയ റിപ്പോര്‍ട്ടിലെ പരാമര്‍ശം നീക്കപ്പെട്ടു,സിവില്‍ സ്റ്റേഷൻ നിർമ്മിക്കുന്ന നടപടിയുമായി മുന്നോട്ടു പോകും’- മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി റവന്യൂ വകുപ്പ് സ്ഥലം അന്വേഷിക്കുകയും തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള രണ്ട് ഏക്കറിലെ ഭൂമി ഇതിനായി വിനിയോഗിക്കാമെന്നും കണ്ടെത്തിയിരുന്നു. പൂഞ്ഞാര്‍ എംഎല്‍എയായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഇക്കാര്യം രേഖാമൂലം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
എന്നാല്‍, സ്ഥലം വിട്ടുനല്‍കാനാവില്ലെന്നായിരുന്നു കോട്ടയം എസ്പിയുടെ മുന്‍ നിലപാട്. കേസുകളില്‍ പിടിക്കുന്ന വാഹനം സൂക്ഷിക്കാനും പൊലീസ് ക്വാട്ടേഴ്‌സ്, തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം എന്നിവ നിര്‍മ്മിക്കാനും ഈ സ്ഥലം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ പ്രശ്‌നങ്ങളും മതപരമായ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സ്ഥലമാണ് ഈരാറ്റുപേട്ട എന്ന പരാമര്‍ശമാണ് വിവാദമായത്.