ഈരാറ്റുപേട്ട നഗരസഭ കവാടത്തില്‍ ചളിവെള്ളം ഒഴിച്ചു;ജീവനക്കാരെ കൈയ്യേറ്റം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍
ഈരാറ്റുപേട്ട: നഗരസഭ കവാടത്തില്‍ ചളിവെള്ളം ഒഴിക്കുകയും ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കല്‍ പാറനാനിയില്‍ നജീബ്, മകന് അന്‍സാര്‍, സക്കീര്‍ കൊല്ലംപറമ്പ് എന്നിവരെയാണ് പൊതുസ്ഥാപനത്തില്‍ അതിക്രമം കാണിച്ചു, ജീവനക്കാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.
നഗരസഭ ഏഴാം വാര്‍ഡിലെ ഈലക്കയം പമ്പ് ഹൗസ് റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് കാട്ടാമല പൗരസമിതി നേതൃത്വത്തില്‍ നഗരസഭ ഓഫിസ് പടിക്കലേക്ക് ധര്‍ണ സംഘടിപ്പിച്ചിരുന്നു. ഈ ധര്ണക്കിടയിലാണ് നിര്‍മാണം നടക്കുന്ന റോഡിലെ ചളിവെള്ളവുമായി എത്തിയ പ്രതിഷേധക്കാരില്‍ ചിലര്‍ നഗരസഭ കവാടത്തില്‍ ഒഴിച്ചത്.
സംഭവം വിഡിയോയില്‍ പകര്‍ത്തിയ ജീവനക്കാരന്റെ ഫോണ്‍ പിടിച്ചുവാങ്ങിക്കാന്‍ ശ്രമിക്കുകയും ജീവനക്കാരനെ ഓഫിസില്‍ കയറി തള്ളുകയും ചെയ്തു. സെക്രട്ടറിയുടെ പരാതിയില്‍ നഗരസഭയിലെ കാമറ പരിശോധിച്ച ശേഷമാണ് കുറ്റക്കാര്‍ക്കെതിരെ കേസെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group