വിമത ചരിത്രം ആവർത്തിച്ച് ഏറ്റുമാനൂർ : കരുത്തയായ ലതികാ സുഭാഷ് മത്സര രംഗത്തുള്ളത് അങ്കലാപ്പിലാക്കുന്നത് യു.ഡി.എഫിനെ ; മണ്ഡലത്തിലെ ലതികയുടെ വലിയ ബന്ധങ്ങളും കോൺഗ്രസിന് വെല്ലുവിളി

വിമത ചരിത്രം ആവർത്തിച്ച് ഏറ്റുമാനൂർ : കരുത്തയായ ലതികാ സുഭാഷ് മത്സര രംഗത്തുള്ളത് അങ്കലാപ്പിലാക്കുന്നത് യു.ഡി.എഫിനെ ; മണ്ഡലത്തിലെ ലതികയുടെ വലിയ ബന്ധങ്ങളും കോൺഗ്രസിന് വെല്ലുവിളി

സ്വന്തം ലേഖകൻ

കോട്ടയം: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതികാ സുഭാഷ് എറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏറ്റുമാനൂർ വീണ്ടും വിമത ചരിത്രം ആവർത്തിക്കുകയാണ്. 1987ൽ കോൺഗ്രസ് നേതാവ് ജോർജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മണ്ഡലം കൂടിയാണ് ഏറ്റുമാനൂർ.

2,533 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 1957, 1960 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചത് പൊടിപ്പാറയായിരുന്നു. ഇതിന് ശേഷമാണ് 1987 ൽ കോൺഗ്രസുമായി തെറ്റി ജോർജ്ജ് ജോസഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണയും ഏറ്റുമാനൂരിൽ യു.ഡി.എഫിന് വിമതനുണ്ടായിരുന്നു. കേരള കോൺഗ്രസ് എമ്മിലെ തർക്കങ്ങളായിരുന്നു കഴിഞ്ഞ തവണ വിമതന്റെ രംഗപ്രവേശനത്തിന് കാരണം. കേരള കോൺഗ്രസ് എമ്മിനായി തോമസ് ചാഴിക്കാടൻ മത്സരിച്ചപ്പോൾ എതിർപ്പുമായി ജോസ്മോൻ മുണ്ടയ്ക്കലാണ് രംഗത്തെത്തിയത്. എന്നാൽ തർക്കത്തിനൊടുവിൽ ജോസ്മോൻ വിമതനായി മത്സരിക്കുകയും ചെയ്തു. മത്സരത്തിൽ തോമസ് ചാഴിക്കാടൻ പരാജയപ്പെട്ടു.

എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സുരേഷ്‌കുറുപ്പ് 53,805 വോട്ടുകളാണ് നേടിയത്. തോമസ് ചാഴിക്കാടൻ 44,906ഉം. 3774 വോട്ടുകളാണ് ജോസ്മോൻ മുണ്ടയ്ക്കൽ നേടിയത്. എന്നാൽ, ഇത്തവണ കൂടുതൽ കരുത്തയാണ് രംഗത്തുള്ളതെന്നത് യു.ഡി.എഫിനെ അങ്കലാപ്പിലാക്കുന്നുണ്ട്.

ഏറ്റുമാനൂരിൽ വലിയ ബന്ധങ്ങളും ലതികാ സുഭാഷിനുണ്ട്. ഇതിനൊപ്പം ഏറ്റുമാനൂർ സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടുനൽകിയതിൽ മണ്ഡലത്തിലെ വലിയവിഭാഗം കോൺഗ്രസ് പ്രവർത്തകർ അമർഷത്തിലായിരുന്നു. ഇവരുടെ പിന്തുണയും ലതികയുടെ പുതിയ നീക്കത്തിനുണ്ട്. എന്നാൽ ലതികയ്‌ക്കൊപ്പം നിൽക്കുന്ന  പ്രവർത്തകരെ കോൺഗ്രസ് പാളയത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള നീക്കവും പാർട്ടിയിൽ നടക്കുന്നുണ്ട്.

അതേസമയം കേരളാ കോൺഗ്രസ് പിളർന്നതിന് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ജോസഫ് വിഭാഗത്തിന് ഏറ്റവും നിർണായകമാണ്. ഏറ്റുമാനൂരിലടക്കം ജില്ലയിലെ മൂന്നുസീറ്റുകളിലും വിജയം ലക്ഷ്യമിട്ട് വലിയ മുന്നൊരുക്കങ്ങളാണ് ഇവർ നടത്തുന്നത്.