ഷോക്കേറ്റ് ചരിയുന്ന ആനകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു; കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ ചരിഞ്ഞത് 257 ആനകള്‍; വനം കൊള്ളക്കാര്‍ കൊന്നൊടുക്കുന്ന കരിവീരന്മാര്‍

ഷോക്കേറ്റ് ചരിയുന്ന ആനകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു; കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ ചരിഞ്ഞത് 257 ആനകള്‍; വനം കൊള്ളക്കാര്‍ കൊന്നൊടുക്കുന്ന കരിവീരന്മാര്‍

സ്വന്തം ലേഖകന്‍

കോടനാട്: ഒരു വര്‍ഷം 67, മൂന്നു വര്‍ഷത്തിനിടെ 257. കേരളത്തില്‍ ചരിയുന്ന ആനകളുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലാണ്. അടുത്തകാലത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഷോക്കേറ്റുള്ള മരണങ്ങളാണ്. എന്നാല്‍ വനം-വൈദ്യുതി വകുപ്പുകളെ ഈ റിപ്പോര്‍ട്ടുകള്‍ ബാധിക്കുന്നതേയില്ല.

ആനകളുടെ എണ്ണത്തില്‍ കേരളത്തില്‍ വന്‍ തോതില്‍ കുറവ് ഉണ്ടായതായി കണക്കുകള്‍ പുറത്തു വരുമ്പോഴാണ് ദിവസേനയെന്നോണം ആനകള്‍ ചരിയുന്നത്. സ്വാഭാവികമായി ചരിഞ്ഞ ആനകള്‍ 181. അപകടത്തില്‍ കൊല്ലപ്പെട്ടവ 71. സാമൂഹിക വിരുദ്ധരാല്‍ കൊല്ലപ്പെട്ടവ 5 എന്നിങ്ങനെയാണ് കണക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018ലെ സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള സെന്‍സസ് അനുസരിച്ച് കേരളത്തിലെ ആനകള്‍ 5706 ആണ്. 2012ല്‍ ഇത് 6197 ആയിരുന്നു.

കേരളത്തിലെ വനാതിര്‍ത്തിക്കുള്ളില്‍ ആനകള്‍ സുരക്ഷിതരല്ല എന്ന പരിസ്ഥിതി പ്രേമികളുടെ ആരോപണത്തിന് ശക്തി പകരുന്നതാണ് റിപ്പോര്‍ട്ടുകള്‍. ചെളിക്കുളത്തിലും കയത്തിലും വീണും വൈദ്യുതാഘാതമേറ്റുമാണ് ആനകള്‍ ചരിയുന്നത് എന്നാണ് അന്വേഷണം നടത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

ഇത് സാക്ഷ്യപ്പെടുത്തുന്ന വെറ്റിനറി സര്‍ജന്മാരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടിയാകുമ്പോള്‍ അന്വേഷണം അവസാനിപ്പിച്ച് ഫയല്‍ അടയ്ക്കും. കാട്ടാനകള്‍
നിരന്തരമായി ചരിയുന്നതിന് പിന്നില്‍ വനം കൊള്ളക്കാരുടെ കൃത്യമായ കരങ്ങള്‍ഉണ്ടെന്നാണ് ആനപ്രേമി സംഘം കണക്കുകള്‍ സഹിതം ആരോപിക്കുന്നത്.

ഓരോ വര്‍ഷം കഴിയുമ്പോഴും കേരളത്തില്‍ കൊല്ലപ്പെടുന്ന ഗജവീരന്മാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇതിന് പുറമെയാണ് പ്രകൃതി ദുരന്തങ്ങളില്‍ കൊല്ലപ്പെട്ടവ. ഇതോടെ രാജ്യത്ത് തന്നെ ആനകളുടെ എണ്ണം കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നിലേക്ക് എത്തുകയാണ് കേരളം. ഈ സെന്‍സസ് പ്രകാരം തന്നെ കേരളത്തില്‍ 700 നാട്ടാനകള്‍ ഉണ്ടെന്നു കണ്ടത്തിയിട്ടുണ്ട്. ഇവയില്‍ അധികവും ക്ഷേത്രങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ളതാണ്.

ഉത്സവാഘോഷങ്ങള്‍ക്ക് പുറമേ തടി പിടിക്കാനും കൂപ്പിലെ പണികള്‍ക്കും ഇവയെ ഉപയോഗിക്കുന്നു. 145 നാട്ടാനകളുള്ള തൃശൂരാണ് ഇതില്‍ കണ്ണൂരില്‍ മൂന്ന് നാട്ടാനകളാണ് കണക്കിലുള്ളത്. ഇന്ത്യയിലാകമാനം 29964 ആനകള്‍ ഉണ്ടെന്നാണ് സെന്‍സസ് പറയുന്നത്. എന്നാല്‍ കാട്ടാനകളെ സംരക്ഷിക്കാന്‍ ബാധ്യതയും ഉത്തരവാദിത്വവും ഉള്ളവര്‍ ഈ ദൗത്യം കൃത്യമായി ഏറ്റെടുക്കാത്തതാണ് ദിനം പ്രതി ആനകള്‍ ചരിയുന്നതിന് കാരണം.