തിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ മുന്നോട്ട്:  ഒരാഴ്ച പിന്നിടുമ്പോൾ ഒരടി മുന്നിൽ ഇടത് മുന്നണി; ഒപ്പത്തിനൊപ്പമെത്താൻ ഇരു മുന്നണികളും: ആദ്യ ഘട്ടത്തിൽ വിജയപ്രതീക്ഷയിൽ മുന്നണികൾ

തിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ മുന്നോട്ട്: ഒരാഴ്ച പിന്നിടുമ്പോൾ ഒരടി മുന്നിൽ ഇടത് മുന്നണി; ഒപ്പത്തിനൊപ്പമെത്താൻ ഇരു മുന്നണികളും: ആദ്യ ഘട്ടത്തിൽ വിജയപ്രതീക്ഷയിൽ മുന്നണികൾ

സ്വന്തം ലേഖകൻ

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്ന് ഒരാഴ്ച പിന്നിടുമ്പോൾ ആദ്യ ഘട്ടത്തിൽ ഇടതു മുന്നണി ഒരടി മുന്നിൽ. ഒപ്പത്തിനൊപ്പമെത്താൻ ഇരു മുന്നണികളും പരിശ്രമിക്കുകയാണ്. രണ്ടാം ആഴ്ചയിൽ പ്രചാരണ രംഗം കീഴടക്കാനാവുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.


തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപ് തന്നെ സ്ഥാനാർത്ഥിയെ തീരുമാനിച്ച ഇടതു മുന്നണിയാണ് ആദ്യ ഘട്ടത്തിൽ മേധാവിത്വം ഉറപ്പിച്ചത്. പ്രചാരണ രംഗത്ത് മറ്റ് സ്ഥാനാർത്ഥികൾ എത്തും മുൻപ് തന്നെ ഒരു റൗണ്ട് ഓടിയെത്താനും, ഇടതു സ്ഥാനാർത്ഥി വാസവന് കഴിഞ്ഞു. തങ്ങളുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം കൃത്യമായി എത്താൻ വാസവനും സഹ പ്രവർത്തകർക്കും കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരാഴ്ച മുൻപ് തന്നെ വീടുകളിൽ നേരിട്ടെത്തി ഇടതു മുന്നണി പ്രവർത്തകർ വോട്ടർമാരുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനായി പ്രത്യേക സോഫ്റ്റ് വെയറും, മൊബൈൽ ആപ്ലിക്കേഷനും ഇടതു മുന്നണി തയ്യാറാക്കിയിരുന്നു. ഇതെല്ലാം ഉപയോഗിച്ച് ചിട്ടയായുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഇടതു മുന്നണി മുന്നേറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്നുണ്ടായ ആസ്വാരസ്യങ്ങൾക്ക് ശേഷം യുഡിഎഫ് സ്ഥാനാർത്ഥിയും പ്രവർത്തകരും കളം നിറഞ്ഞു തുടങ്ങിയിട്ടുണ്ട്. പതിയെ തുടങ്ങി ആളിക്കത്തുന്ന പതിവ് യുഡിഎഫ് ശൈലി തന്നെയാണ് ഇക്കുറി കാണാനാവുന്നത്. ആദ്യ ഘട്ടത്തിൽ സ്ഥാനാർത്ഥിയെ എതിർത്ത് രംഗത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ പോലും ഇപ്പോൾ സജീവമായി പ്രവർത്തന രംഗത്തുണ്ട്. കോട്ടയം സീറ്റിലെ വിജയം പ്രസ്റ്റീജായെടുത്ത് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും, തിരുവഞ്ചൂർ രാധാകൃഷ്ണനും, ജോസ് കെ.മാണി എംപിയും തന്നെ നേതൃത്വം നൽകുന്നുണ്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിനു ശേഷം പ്രവർത്തകർ പൂർണ സജ്ജരായി രംഗത്തിറങ്ങിയിട്ടുണ്ട്. വിവിധ ശക്തി കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ തോമസ് ചാഴിക്കാടൻ പ്രവർത്തകരെ ഊർജസ്വലരായി രംഗത്ത് ഇറക്കുകയും ചെയ്തു. ഇതോടെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർ വീടുകയറിയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്.


ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും എൻഡിഎ സ്ഥാനാർത്ഥി പി.സി തോമസും പ്രചാരണ രംഗത്ത് സജീവമാണ്. വിവിധ മേഖലകളിൽ ഫ്‌ളക്‌സുകളും പോസ്റ്ററുകളും പി.സി തോമസിന്റെ പേരിൽ നിറഞ്ഞു കഴിഞ്ഞു. വിജയം ഉറപ്പെന്ന പ്രചാരണവുമായി ബിജെപി ആർഎസ്എസ് പ്രവർത്തകർ എൻഡിഎ സ്ഥാനാർത്ഥിയ്ക്കു വേണ്ടി വീടുകൾ കയറിയുള്ള പ്രചാരണത്തിൽ സജീവമാണ്. മണ്ഡലത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം ആദ്യ റൗണ്ട് പ്രചാരണവുമായി പി.സി തോമസ് എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇത് എൻഡിഎയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.