എട്ടു നോമ്പ് പെരുന്നാൾ തുടങ്ങിയിട്ടും മണർകാട് ബൈപ്പാസ് റോഡ് നന്നായില്ല: ഇടിഞ്ഞ് താഴ്ന്ന റോഡ് അപകടാവസ്ഥയിൽ

എട്ടു നോമ്പ് പെരുന്നാൾ തുടങ്ങിയിട്ടും മണർകാട് ബൈപ്പാസ് റോഡ് നന്നായില്ല: ഇടിഞ്ഞ് താഴ്ന്ന റോഡ് അപകടാവസ്ഥയിൽ

സ്വന്തം ലേഖകൻ

കോട്ടയം: എട്ടു നോമ്പ് പെരുന്നാൾ ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മണർകാട് ബൈപ്പാസ് റോഡ് നന്നായില്ല. മണർകാട് ജംഗ്ഷൻ മുതൽ നാലു മണിക്കാറ്റ് വരെയുള്ള ഭാഗത്ത് പല സ്ഥലത്തും ബൈപ്പാസ് ഇടിഞ്ഞ് താഴ്ന്നിരിക്കുകയാണ്. റോഡ് അപകടാവസ്ഥയിലായെങ്കിലും അറ്റകുറ്റപണി നടത്തി നടപടിയെടുക്കാൻ ഇതുവരെയും പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല.


മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിൽ നാലുമണിക്കാറ്റിന് മുൻപുള്ള പാലത്തിലാണ് റോഡ് ഇടിഞ്ഞ് താഴ്ന്ന് കിടക്കുന്നത്. റോഡ് ഇടിഞ്ഞു താഴ്ന്നതോടെ പാലത്തിലേയ്ക്ക് കയറുന്ന ഭാഗത്ത് വൻ അപകട ഭീഷണിയാണ് ഉയരുന്നത്. ഭാരവാഹനങ്ങൾ എത്തുന്നതോടെ പാലത്തിന്റെ അപ്രോച്ച് റോഡ് ഓരോ ദിവസവും താഴുകയാണ്. പാലത്തിൽ നിന്നും നാലുമണിക്കാറ്റ് ഭാഗത്തേയ്ക്ക് തിരിയുമ്പോൾ റോഡിന്റെ മധ്യ ഭാഗം തന്നെ ഇടിഞ്ഞ് താഴ്ന്ന് കിടക്കുകയാണ്. ഇത് അപകട ഭീതിയാണ് റോഡിൽ ഉയർത്തുന്നത്.
ഇതുകൂടാതെയാണ് പാലത്തിലേയ്ക്ക് കയറന്നതിനു മുൻപ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് തുടങ്ങിയിരിക്കുന്നത്. മണർകാട് പള്ളി പെരുന്നാളിനു മുൻപ് ഈ വശങ്ങളിൽ അറ്റകുറ്റപണികൾ പൊതുമരാമത്ത് വകുപ്പ് നടത്തുന്നത് മുൻ വർഷങ്ങളിൽ പതിവുണ്ടായിരുന്നു. എന്നാൽ, ഇക്കുറി കാട് വെട്ടിത്തെളിക്കുന്ന ജോലികൾ മാത്രമാണ് നടത്തിയത്. ഇതോടെ റോഡിന്റെ വശങ്ങൾ രണ്ടും തെളിഞ്ഞു. ഇവിടെ മണ്ണ് മാത്രമാണ് ഉള്ളത്. ഈ വശങ്ങളിൽ പാടശേഖരങ്ങളുമാണ്. ഭാരവാഹനങ്ങൾ സൈഡ് കൊടുക്കുന്നതിനായി ഈ മൺ തിട്ടയിലേയ്ക്ക് കയറ്റിയാൽ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് റോഡിന്റെ വശങ്ങൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ഇത റോഡിൽ അപകടമുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
മണർകാട് ബൈപ്പാസ് റോഡിൽ അപകടാവസ്ഥയിലായ പാലങ്ങൾക്കും റോഡുകൾക്കും അടിയന്തര ശ്രദ്ധ ആവശ്യമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group