ഇനിയും സൂക്ഷിക്കണം: നിസാമുദ്ദീനിൽ നിന്ന് വന്നവരേയും അവർ ബന്ധപ്പെട്ടവരെയും നിരീക്ഷിക്കണം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നാലാഴ്ച കൂടി തുടർന്നേക്കും

ഇനിയും സൂക്ഷിക്കണം: നിസാമുദ്ദീനിൽ നിന്ന് വന്നവരേയും അവർ ബന്ധപ്പെട്ടവരെയും നിരീക്ഷിക്കണം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നാലാഴ്ച കൂടി തുടർന്നേക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാസർകോടുൾപ്പെടെ എട്ട് ജില്ലകൾ കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നാലാഴ്ച കൂടി തുടർന്നേക്കും.കൊവിഡ് പ്രതിരോധത്തിൽ കേരളം ആശാവഹമായ പുരോഗതി കൈവരിച്ചെങ്കിലും പലയിടത്തും പുതിയ കേസുകൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്നത്

 

ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഓരോദിവസവും പുറത്ത് വരുന്ന പോസിറ്റീവ് കേസുകളുടെ എണ്ണത്തിലുള്ള വ്യത്യാസം കേരളത്തിലെ കൊവിഡിനെ സംബന്ധിച്ച കൃത്യമായ വിലയിരുത്തലിന് തടസമാകുകയാണ്. പുതിയ രോഗികളുടെ എണ്ണം ഒരു ദിവസം കുറവാണെങ്കിൽ അടുത്തദിവസം കൂടുതലാകുന്നതാണ് പ്രശ്‌നം.

സംസ്ഥാനത്തൊരിടത്തും സമൂഹവ്യാപനത്തിന്റെ പ്രശ്‌നങ്ങഹ ഇല്ലെങ്കിലും രോഗപ്പകർച്ചയ്ക്കുള്ള സാധ്യത ഇപ്പോഴും നിസാരമായി തള്ളികളയാനികില്ല. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ രോഗലക്ഷണങ്ങളുണ്ടായപ്പോൾതന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രോഗത്തെ പ്രതിരോധിക്കാനാവശ്യമായ കരുതൽ നടപടികൾ സംസ്ഥാനം

 

കൈക്കൊണ്ടതാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയം. പുറത്തു നിന്നെത്തിയവരാണ് നമ്മുടെ രോഗികളിൽ ഭൂരിപക്ഷവും. അവർ മറ്റുചിലർക്ക് രോഗം നൽകിയിട്ടുണ്ട്. അവരിൽ മിക്കവരും സുഖം പ്രാപിച്ചു. ആദ്യഘട്ടത്തിൽ രോഗം ബാധിച്ചവരാണ് ഇപ്പോൾ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ആശുപത്രികളിൽ

 

ചികിത്സയിൽ കഴിയുകയും ചെയ്യുന്നത്. ഇതിനിടയിൽ ഒഴിവാക്കാനാകാത്ത രണ്ടു മരണങ്ങളും സംഭവിച്ചു.ഇനി സൂക്ഷിച്ചു കൈകാര്യം ചെയ്യണ്ടത് ഗൾഫിൽ നിന്നും ഡൽഹി നിസാമുദ്ദീനിൽനിന്നും വന്നവരെയും അവർ ബന്ധപ്പെട്ടവരെയുമാണ്.

 

മൂന്നാഴ്ചവരെ കോവിഡ് 19 വൈറസുകൾക്ക് ഇൻകുബേഷൻ പീരിഡുണ്ടെന്നിരിക്കെ പിന്നീട് വൈറസ് ബാധിതരായവരും വരും ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാൻ സാധ്യത ഉണ്ട്.

 

രോഗം ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം അജ്ഞാതമായി തുടരുകയാണെങ്കിലും കുടുംബാംഗങ്ങളിലോ നാട്ടുകാരിലോ പോസിറ്റീവ് കേസുകൾ കണ്ടെത്താത്തത് ആശ്വാസകരമാണ്. എങ്കിലും ഇവിടെയും രോഗ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല.

 

ഇപ്പോഴത്തെ നിലയിൽ കർശനമായ സാമൂഹ്യനിയന്ത്രണം തുടർന്നാൽ സമൂഹത്തിൽ പ്രതിരോധം വർദ്ധിക്കുന്ന മുറയ്ക്ക് കൊവിഡ് 19 കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകും. അതെപ്പോൾ സംഭവിക്കുമെന്ന് ആർക്കും പറയാനാകില്ല. നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ മികവിനെ ആശ്രയിച്ചിരിക്കും. ചിലപ്പോൾ മൂന്നുമാസമോ അതിലധികമോ സമയം വേണ്ടിവന്നേക്കാം.

കാസർകോട്, കണ്ണൂർ, എറണാകുളം പോലെ രോഗത്തിന്റെ തീവ്രത വർദ്ധിച്ച എട്ട് ജില്ലകളെ ഹോട്ട് സ്‌പോട്ടുകളാക്കി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അവിടങ്ങളിൽ വരുംദിവസങ്ങളിലും ഇപ്പോഴത്തെ നിയന്ത്രണങ്ങളോ അല്ലെങ്കിൽ കുറച്ച് കൂടി കർശനമായ നടപടികളോ കൈക്കൊണ്ടാലേ രോഗപ്പകർച്ച തടയാനാകൂ.

 

അതിനായി ഡോക്ടർമാരുൾപ്പെടെ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുന്നതിനൊപ്പം റാപ്പിഡ് പരിശോധനാ സംവിധാനവും കൊറോണ ബാധിതരെ പ്രവേശിപ്പിക്കാൻ കൂടുതൽ ഐസൊലേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുകയും വേണം.. ഇതിനാവശ്യമായ നടപടികൾ സർക്കാർ തലത്തിൽ ആരംഭിച്ചുകഴിഞ്ഞു.

 

ലോക്ക് ഡൗണിനു ശേഷവും കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തുശൂർ, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ തുടരും .ഈ ജില്ലകളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നത്.