ഏറ്റുമാനൂർ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റാന്റ് യാത്രക്കാര്‍ക്കും കോര്‍പ്പറേഷനും ഒരു പോലെ ഭാരമാകുന്നു;രാപകല്‍ ഭേദമന്യേ ദീര്‍ഘദൂര ബസുകള്‍ കയറി ഇറങ്ങിപ്പോകുന്ന സ്റ്റാന്റിൽ ,  വികസനം എത്താതെ ആയിട്ട് വര്‍ഷങ്ങൾ.

ഏറ്റുമാനൂർ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റാന്റ് യാത്രക്കാര്‍ക്കും കോര്‍പ്പറേഷനും ഒരു പോലെ ഭാരമാകുന്നു;രാപകല്‍ ഭേദമന്യേ ദീര്‍ഘദൂര ബസുകള്‍ കയറി ഇറങ്ങിപ്പോകുന്ന സ്റ്റാന്റിൽ , വികസനം എത്താതെ ആയിട്ട് വര്‍ഷങ്ങൾ.

സ്വന്തം ലേഖിക.

ഏറ്റുമാനൂർ : ഏറ്റുമാനൂർ ബസ് സ്റ്റാന്റിൽ സ്ഥലവും സൗകര്യവും ഏറെയുണ്ടെങ്കിലും അധികൃതരുടെ കെടുകാര്യസ്ഥത മൂലം ഡിപ്പോ ഇപ്പോൾ അവഗണനയുടെ വക്കിലാണ്. രാപകല്‍ ഭേദമന്യേ ദീര്‍ഘദൂര ബസുകള്‍ കയറി ഇറങ്ങിപ്പോകുന്ന സ്റ്റാന്റാണിത്.

 

സ്‌റ്റാന്‍ഡില്‍ 1.03 ഏക്കര്‍ സ്‌ഥലവും, 1600 സ്‌ക്വയര്‍ ഫീറ്റ്‌ കെട്ടിടവും നിലവിലുണ്ട്‌. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം ശബരിമല ഇടത്താവളം ആയതിനാല്‍ ഇത്‌ ഒരു ഓപ്പറേറ്റിങ്‌ ഡിപ്പോ ആക്കി മാറ്റിയാല്‍ തീര്‍ത്ഥാടകര്‍ക്ക്‌ ഏറെ ഉപകാരപ്പെടുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

 

2021ല്‍ കെ.എസ്‌.ആര്‍.ടി.സി എം.ഡിയായ ബിജു പ്രഭാകര്‍ 14 ജില്ലകളിലും ഡിസ്‌ട്രിക്‌ട്‌ കോമണ്‍ പൂള്‍ വര്‍ഷോപ്പ്‌ നടപ്പിലാക്കിയിരുന്നു.കോട്ടയത്തെ ഡിവിഷനല്‍ വര്‍ക്ക്‌ ഷോപ്പ്‌ പാലായിലും ഡിസ്‌ട്രിക്‌ട്‌ കോമണ്‍പൂള്‍ വര്‍ക്ക്‌ ഷോപ്പ്‌ ഏറ്റുമാനൂര്‍ ബസ്‌സ്‌റ്റാന്‍ഡിലും നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്‌തിരുന്നു.

പാലായില്‍ പ്രാവര്‍ത്തികമായെങ്കിലും, മതിയായ കെട്ടിട സൗകര്യം ഇല്ലാത്തതിനാലാണ് ഈ പദ്ധതി ഏറ്റുമാനൂരില്‍ നടപ്പിലാക്കാന്‍ കഴിയാതെ പോയത്‌. ഇപ്പോഴുള്ള കെട്ടിടം ഇരുനിലയാക്കുകയും ഓഫീസിന്റെ പ്രവര്‍ത്തനം മുകളിലത്തെ നിലയിലേക്ക്‌ മാറ്റുകയും ചെയ്‌താല്‍ ഏറ്റുമാനൂര്‍ ബസ്‌റ്റാന്‍ഡ്‌ ഓപ്പറേറ്റിങ്‌ സെന്റര്‍ കം ഡിവിഷണല്‍ വര്‍ഷോപ്പ്‌ ആക്കി മാറ്റാന്‍ കഴിയുമെന്നു ജനകീയ വികസന സമിതി ഭാരവാഹികള്‍ പറയുന്നു.

 

തുടക്കത്തില്‍ മിനിമം 15 ഓര്‍ഡിനറി ബസ്സുകള്‍ക്ക്‌ മാത്രമേ ഇവിടെനിന്നും സര്‍വീസ്‌ ആരംഭിക്കുവാന്‍ ഇതുമൂലം സാധിക്കൂ . അടിസ്‌ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‌ കേവലം 80 ലക്ഷം രൂപ മാത്രം മതിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.സ്‌റ്റാന്റ്‌ ഓപ്പറേറ്റിങ്ങ്‌ ഡിപ്പോ കം ഡിവിഷണന്‍ വര്‍ക്ക്‌ ഷോപ്പ്‌ ആയി ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള നിവേദനം ഗതാഗത മന്ത്രിയ്‌ക്കും കെ.എസ്‌.ആര്‍.ടി.സി. എം.ഡിയ്‌ക്കും നേരിട്ടു സമര്‍പ്പിക്കുമെന്നും സമിതി പ്രസിഡന്റ്‌ ബി. രാജീവ്‌ പറഞ്ഞു.