മുടക്കോഴി മലയിൽ കയറി കൊലയാളി വേട്ട നടത്തിയ ഷൗക്കത്തലിയെ വേട്ടയാടി വീണ്ടും സി.പി.എം:   പാരീസ് തീവ്രവാദ ആക്രമണക്കേസ് അന്വേഷിച്ച ശേഷം ഡെപ്യൂട്ടേഷൻ പൂർത്തിയാക്കിയ ഷൗക്കത്തലിയെ ഒതുക്കി

മുടക്കോഴി മലയിൽ കയറി കൊലയാളി വേട്ട നടത്തിയ ഷൗക്കത്തലിയെ വേട്ടയാടി വീണ്ടും സി.പി.എം: പാരീസ് തീവ്രവാദ ആക്രമണക്കേസ് അന്വേഷിച്ച ശേഷം ഡെപ്യൂട്ടേഷൻ പൂർത്തിയാക്കിയ ഷൗക്കത്തലിയെ ഒതുക്കി

തേർഡ് ഐ ബ്യൂറോ

കൊച്ചി: മുടക്കോഴി മലയിൽ കയറി ടി.പി ചന്ദ്രശേഖരൻ്റെ കൊലയാളി സംഘത്തെ വലയിലാക്കി മടങ്ങിയ , അന്വേഷണ സംഘത്തലവൻ എപി ഷൗക്കത്തലിയെ ഒതുക്കി സി.പി.എമ്മും സർക്കാറും. പിണറായിയുടെയും സി.പി.എമ്മിൻ്റെയും അപ്രീതിയ്ക്ക് പാത്രമായവരെ തിരഞ്ഞ് പിടിച്ച് വേട്ടയാടുകയാണ് ഇപ്പോഴും സർക്കാർ. ജേക്കബ് തോമസിനും , ടി.പി സെൻകുമാറിനും സംഭവിച്ചത് തന്നെയാണ് മികച്ച ട്രാക്ക് റെക്കോർഡുള്ള ഷൗക്കത്തലിയുടെ കാര്യത്തിലും ഇപ്പോൾ സംഭവിക്കുന്നത്.

ദേശീയ അന്വേഷണ ഏജന്‍സിയിലെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച്‌ മടങ്ങിയെത്തി ശേഷവും , ഷൗക്കത്തലിയെ മൂലയ്ക്കിരുത്തിയാണ് ഭരണത്തിന്റെ അവസാന നാളിലും പിണറായി സര്‍ക്കാരിന്റെ പ്രതികാരം. കേന്ദ്ര ഏജന്‍സിയിലെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച്‌ മടങ്ങിയെത്തുന്ന ഷൗക്കത്തലിക്ക് തൃശൂരിലെ പൊലീസ് അക്കാഡമിയിലാണ് നിയമനം. അതും പൊലീസ് സയന്‍സില്‍. ഇന്നലെയാണ് ഈ നിയമ ഉത്തരവ് പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ ശ്രദ്ധ ആകര്‍ഷിച്ച പല തീവ്രവാദ കേസുകളും അന്വേഷിച്ച എന്‍ഐഎ സംഘാംഗമായിരുന്നു ഷൗക്കത്തലി. കനകമല കേസിലെ പ്രതികളെ പിടികൂടിയതും ഷൗക്കത്തിലിയുടെ മികവായിരുന്നു. എന്നാല്‍ ടിപി ചന്ദ്രശേഖരന്റെ ഘാതകരെ മുടക്കോഴി മലയില്‍ എത്തി പിടിച്ച പൊലീസ് ഓഫീസര്‍ സിപിഎമ്മിന് അത്ര പിടിത്തമുള്ള ആളല്ല. ഇത് മനസ്സിലാക്കിയാണ് ഇടതു ഭരണം വന്നപ്പോള്‍ എന്‍ഐഎയിലേക്ക് ഷൗക്കത്തലി പോയത്. ഏതാണ്ട് അഞ്ചു കൊല്ലം എന്‍ഐഎയില്‍ പ്രവര്‍ത്തിച്ചു. എസ് പി റാങ്കിലേക്കും ഉയര്‍ന്നു. ഭരണമാറ്റ സാധ്യതകള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ഷൗക്കത്തലി മടങ്ങിയെത്തുന്നു. സിപിഎമ്മിന്റെ ഹിറ്റ് ലിസ്റ്റിലുള്ള പൊലീസ് ഉദ്യോഗസ്ഥരില്‍ ആദ്യ പേരുകാരനാണ് ഷൗക്കത്തലി.

ഭരണമാറ്റം ഉണ്ടായാല്‍ ഈ പേരെടുത്ത അന്വേഷകന് മികച്ച പോസ്റ്റ് കിട്ടും. അല്ലാത്ത പക്ഷം പൊലീസ് അക്കാഡമിയില്‍ തന്നെ ക്ലാസ് എടുക്കലുമായും മറ്റും കഴിഞ്ഞു കൂടേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന. അന്വേഷണത്തിലെ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2020 ലെ മെഡല്‍ 121 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിച്ചപ്പോള്‍ കേരളത്തിന് അഭിമാനമായി എന്‍ഐഎയിലെ മികവുമായി എ.പി.ഷൗക്കത്തലിയും ഉണ്ടായിരുന്നു. കുറ്റകൃത്യ അന്വേഷണത്തിലുള്ള കഴിവ് പ്രോത്സാഹിപ്പിക്കുക, അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലുള്ള അത്തരം മികവ് അംഗീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് 2018 മുതല്‍ മെഡല്‍ ഏര്‍പ്പെടുത്തിയത്.

സിപിഎമ്മിന്റെ കണ്ണിലെ കരടായ ഷൗക്കത്തലിയാണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍. മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയത് ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍, മുഖ്യപ്രതികളെ സാഹസികമായി പിടികൂടിയ മിടുമിടുക്കന്‍. സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കിയ ടിപി കൊലാപതകത്തില്‍ പി.മോഹനനും, പി.കെ.കുഞ്ഞനന്തനും അടക്കമുള്ളവര്‍ പിടിയിലായതും മുടക്കോഴി മലയിലെ പാര്‍ട്ടി ഗ്രാമത്തില്‍ പോയി ഒളിവില്‍ കഴിഞ്ഞിരുന്ന കൊടി സുനിയെ പൊക്കിയതും എല്ലാം ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലായിരുന്നു.

ടിപി കേസ് അന്വേഷണത്തിന് ശേഷം ഷൗക്കത്തലി ഡപ്യൂട്ടേഷന്‍ വാങ്ങി ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് കൂടുമാറി. അവിടെയും തിളങ്ങുന്ന നേട്ടങ്ങള്‍. പാരീസ് ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട്, പാരീസിലേക്ക് പോയ സംഘത്തിന്റെ നായകനായിരുന്നു ഷൗക്കത്ത് അലി. ആരെയും കൂസാത്ത് ഈ പൊലീസ് ഉദ്യോഗസ്ഥന്‍ കണ്ണൂരിലെ സിപിഎം നേതാക്കളുടെ കണ്ണിലെ കരടാണ്. തലശേരി ഡിവൈ.എസ്‌പിയായിരുന്ന കാലം മുതല്‍ക്കെ ഷൗക്കത്ത് അലി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികളെ തേടി തലശേരി സിപിഎം ഏരിയ കമ്മറ്റി ഓഫീസിലെത്തി. നിങ്ങള്‍ക്ക് സ്റ്റേഷന്‍ ആക്രമിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസിലും കയറാമെന്ന് ഷൗക്കത്ത് അലി പറയുന്നതിന്റെ ദൃശ്യങ്ങള്‍ അന്ന് ചാനലുകളില്‍ പ്രചരിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലും ഷൗക്കത്തലിയുടെ സാന്നിധ്യം അന്വേഷണത്തിന്റെ മുന്നോട്ടുള്ള ഗതിയില്‍ നിര്‍ണായകമാകും.

1995 ലെ കേരളപൊലീസ് എസ്‌ഐ ബാച്ചിലെ ഒന്നാം റാങ്കുകാരനായാണ് ഷൗക്കത്ത് അലി കേരള പൊലീസിന്റെ ഭാഗമാകുന്നത്. 2014 ല്‍ തലശ്ശേരി ഡി.വൈ.എസ്‌പി ആയിരിക്കെയാണ് ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയത് ഇടതു ഭരണം മുന്നില്‍ കണ്ടുള്ള നീക്കമായിരുന്നു ഇതിന് പിന്നില്‍. പലപ്പോഴും ഡെപ്യൂട്ടേഷന്‍ നീട്ടി എന്‍ ഐ എയില്‍ തന്നെ തുടര്‍ന്നതും കേരളത്തില്‍ എത്തിയാല്‍ പ്രധാന പദവികളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന തിരിച്ചറിവിലായിരുന്നു.

2015 നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണം അന്വേഷിക്കാന്‍ മലയാളി ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥരാണ് പാരീസിലെത്തിയത്. കേസ് അന്വേഷണത്തിനു ഫ്രഞ്ച് അന്വേഷണസംഘം എന്‍ഐഎയുടെ സഹായം തേടുകയായിരുന്നു. പാരിസ് ഭീകരാക്രമണത്തിലെ പ്രതികളെ കോയമ്പത്തൂരില്‍നിന്നു എന്‍ഐഎ അറസ്റ്റ് ചെയ്ത സുബഹാനി തിരിച്ചറിഞ്ഞിരുന്നു. ഇറാഖിലെത്തിയ സുബഹാനിക്ക് തീവ്രവാദ പരിശീലനം ലഭിച്ചത് പാരിസ് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകരര്‍ക്കൊപ്പമായിരുന്നു. 2015 നവംബറില്‍ പാരിസിലെ തിയറ്ററില്‍ നടന്ന വെടിവയ്പിലടക്കം 130 പേരെ കൊലപ്പെടുത്തിയ അബ്ദുല്‍ ഹമീദ് അബൗദിനെ നേരിട്ടറിയാമായിരുന്നെന്നും സുബഹാനി എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ സംഘം പാരീസിലെത്തിയത്.

ഐസിസിന്റെ കേരളത്തിലെ വേരുകള്‍ കണ്ടെത്തിയത് മലയാളിയും എന്‍ഐഎ ഉദ്യോഗസ്ഥനുമായ എ പി ഷൗക്കത്തലി. ഐസിസിന്റെ മലയാളി ഗ്രൂപ്പുകളില്‍ തുമ്പുണ്ടാക്കിയത് തലശ്ശേരി ഡിവൈഎസ്‌പിയായിരുന്ന ഷൗക്കത്തലിയാണ്. കുറ്റാന്വേഷകനെന്ന നിലയില്‍ ടിപി വധക്കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ ഷൗക്കത്തലിയുടെ കരുതലോടെയുള്ള നീക്കമാണ് കനകമലയിലെ ഐസിസ് ബന്ധം വെളിച്ചത്തു കൊണ്ടുവന്നതും നിരവധി അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും. ഈ അന്വേഷണ മികവാണ് ഷൗക്കത്തിലെ പാരീസിലെത്തിക്കുന്നത്. ഐസിസിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ റിക്രൂട്ടിങ് കേന്ദ്രം കേരളമാണ്. മലബാര്‍ കേന്ദ്രീകരിച്ച്‌ നിരവധി സംഘങ്ങളുണ്ട്. ഇവരെ കണ്ടെത്തുകയായിരുന്നു എന്‍ഐഎയുടെ പ്രധാന ലക്ഷ്യം..

ഐഎസ് അനുഭാവികള്‍ ടെലഗ്രാമില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത് വ്യക്തമായ പദ്ധതികളോടെയായിരുന്നു. സമീര്‍ അലിയെന്ന വ്യാജപേരുള്ള കണ്ണൂര്‍ സ്വദേശി മന്‍സീദായിരുന്നു സംഘത്തലവന്‍. ഈ ഗ്രൂപ്പ് ശ്രദ്ധയില്‍പ്പെട്ട എന്‍.ഐ.എ തന്ത്രപൂര്‍വ്വം അപേക്ഷ നല്‍കി പങ്കാളിയാവുകയായിരുന്നു. കേരളത്തിലെ ഇസ്ലാമിലെ തീവ്രസ്വഭാവം പുലര്‍ത്തുന്ന സംഘടനകളെയും ആളുകളെയും വ്യക്തമായ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ ഇത്തരക്കാരെ അടുത്തറിയാവുന്ന ഷൗക്കത്തലിയുടെ ഇടപെടലുകളില്‍ സമീര്‍ അലിയെന്ന മന്‍സീദായ്ക്ക് ഒരു സംശയവും തോന്നിയില്ല. അങ്ങനെയാണ് കനകമലയിലെ റെയ്ഡ് യാഥാര്‍ത്ഥ്യമായത്. മലയുടെ പ്രത്യേകതകള്‍ നന്നായി അറിയാവുന്ന ഷൗക്കത്തലി കരുതലോടെ മുന്നില്‍ നിന്നപ്പോള്‍ തീവ്രവാദികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളില്ലാതെയായി. കേരളാ പൊലീസിലെ മികച്ച അന്വേഷകനെന്ന് പേരെടുത്ത ഷൗക്കത്തലി, ടിപി വധക്കേസ് അന്വേഷണത്തിന് ശേഷമാണ് എന്‍ഐഎയില്‍ എത്തിയത്.

കുറ്റാന്വേഷണത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും പരിശീലനം നേടിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കുടുക്കാനുള്ള തന്ത്രങ്ങള്‍ ഷൗക്കത്തിലിക്ക് വശമുണ്ട്. ഇത് തന്നെയാണ് കനകമലയിലും തെളിഞ്ഞു നിന്നത്. കേരള പൊലീസില്‍ സീനിയര്‍ ഡിവൈ.എസ്‌പി.യായ ഷൗക്കത്തലി അഡീഷണല്‍ സൂപ്രണ്ട് തസ്തികയിലാണ് എന്‍ഐഎയില്‍ എത്തിയത്. ഇതിനിടെയില്‍ എസ് പിയായി സംസ്ഥാന സര്‍ക്കാര്‍ പ്രെമോഷന്‍ നല്‍കി. ഇതോടെ എന്‍ഐഎയിലും എസ് പിയായി. ഷൗക്കത്തലി നേരത്തെ ഐ.എസ്‌ഐ.ടിയില്‍ (ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വസ്റ്റിഗേഷന്‍ ടീം) ഡിവൈ.എസ്‌പിയായി പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷമാണു തലശേരി ഡിവൈ.എസ്‌പിയായത്.

2012 ജൂലൈ 14ന് മുടക്കോഴിമലയില്‍ വച്ച്‌ ടി.പി. വധക്കേസ് കൊലയാളി സംഘാംഗങ്ങളെ സൈലന്റ് നൈറ്റ് ഓപ്പറേഷനിലൂടെ പിടികൂടിയതില്‍ ഷൗക്കത്തലിയുടെ പങ്കു നിര്‍ണായകമാണ്. ടിപി കേസില്‍ പ്രതികളെ പിടികൂടാനുള്ള ചുമതലയായിരുന്നു ഷൗക്കത്തലിക്കുണ്ടായിരുന്നത്. കൊടി സുനിയെയും സംഘത്തെയും മുടക്കോഴി മലയില്‍ അര്‍ധരാത്രിയെത്തി സാഹസികമായി പിടികൂടിയത് ഷൗക്കത്തലിയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച വാള്‍ കിണറ്റിലിട്ട ലംബു പ്രദീപനെ കുടുക്കിയത്, കൊലയാളി സംഘാംഗമായ ടി.കെ. രജീഷിനെ തിരഞ്ഞ് മുംബൈയിലേക്കുള്ള യാത്ര, ടി.പി. കേസില്‍ കോളിളക്കം സൃഷ്ടിച്ചുനടന്ന പി. മോഹനന്റെ അറസ്റ്റ് എന്നിവയും ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു ഷൗക്കത്തലി. അതുകൊണ്ട് തന്നെയാണ് കേരളാ പൊലീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എന്‍ ഐ എയിലേക്ക് പോകാന്‍ ഷൗക്കത്തലിയെ പ്രേരിപ്പിച്ചത്.

ടി.പി വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ലിസ്റ്റില്‍ വന്നതിന്റെ പേരില്‍ പ്രമോഷന്‍ ഇടത് സര്‍ക്കാര്‍ തടഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. രണ്ടരമാസക്കാലമായി തടഞ്ഞുവച്ചിരുന്ന പ്രമോഷന്‍ കഴിഞ്ഞ മാസമാണ് അംഗീകരിച്ചത്. ടി.പി വധക്കേസ് അന്വേഷിക്കുകയും സിപിഎം ഉന്നത നേതാക്കളുടെ പങ്ക് വെളിച്ചത്തുകൊണ്ടുവരികയും ചെയ്താണ് ഷൗക്കത്തലിയുടെ പ്രമോഷന്‍ നീണ്ടുപോയത്.

കേരളാ പൊലീസുമായും നല്ല ബന്ധം ഷൗക്കത്തലിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പൊലീസുമായി ആശയ വിനിമയവും സുഗമമായി. ജമാഅത്തെ ഇസ്ലാമിയുടെ കൊച്ചിയിലെ സമ്മേളന സ്ഥലത്തേക്ക് ടിപ്പര്‍ ഇടിച്ച്‌ കയറ്റുന്നത് സംബന്ധിച്ച ചര്‍ച്ച ചോര്‍ന്നതോടെ ടെലഗ്രാം ഗ്രൂപ്പ് നിശ്ചലമായിരുന്നു. ഗ്രൂപ്പിലെ ഒറ്റുകാരനെ കണ്ടെത്താന്‍ ഇവര്‍ ഒത്തുചേരാന്‍ തീരുമാനിച്ച സ്ഥലമായിരുന്നു കണ്ണൂരിലെ കനകമല. ഈ വിവരം ചോര്‍ത്തിയാണ് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം യുവാക്കളെ കുടുക്കിയത്. ചാറ്റിങ് ഗ്രൂപ്പില്‍ മൊത്തം 12 പേരാണ് അംഗങ്ങള്‍. ഇതില്‍ പകുതി പേരും രാജ്യത്തിന് പുറത്താണ്. കേരളത്തിലെ 4 പ്രമുഖരെ വധിക്കാനും ഗ്രൂപ്പിലുള്ള ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് എന്‍ഐഎയുടെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രതികളെ പിടികൂടാന്‍ ഷൗക്കത്തലി കനകമലയിലെത്തിയത്. ഈ വിവരം ചോരാതിരിക്കാനും എല്ലാ മുന്‍കരുതലുമെടുത്തു. ഇതാണ് ലക്ഷ്യം കണ്ടത്.

കനകമലയിലെ അറസ്റ്റ് ഐസിസ് വേട്ടയില്‍ ഏറെ നിര്‍ണ്ണായകമായിരുന്നു. 21 മലയാളികള്‍ ഐസിസിന്റെ ഭാഗമാകാന്‍ അഫ്്ഗാനിലെത്തിയതായും റിപ്പോര്‍ട്ടുകളെത്തി. ഇതും നിരീക്ഷിച്ചിരുന്നത് ഷൗക്കത്തലിയായിരുന്നു. എപ്രകാരമാണ് ഇവരെ റിക്രൂട്ട് ചെയ്തതെന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിരവധി അവ്യക്തതയുണ്ട്. ഈ സാഹചര്യത്തിലാണ് ഐസിസില്‍ പരിശീലന വിഭാഗത്തിലെ പ്രമുഖനായ ഫ്രഞ്ച് തീവ്രവാദിയെ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുന്നത്. ഇതിലൂടെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. സുബഹാനിയുടെ അറസ്റ്റും നിര്‍ണ്ണായക വഴിത്തിരവായിരുന്നു.

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ചെന്നൈ വിമാനത്താവളം വഴിയാണ് സുബഹാനി തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് കടന്നത്. പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും എത്തിയവരോടൊപ്പം അവിടെ നിന്ന് ഐഎസിന്റെ സ്വാധീന മേഖലയായ ഇറാഖിലേക്ക് കടക്കുകയായിരുന്നു. ഈ കാലത്താണ് പാരിസ് ആക്രമണത്തിനു നേതൃത്വം നല്‍കിയ സലാഹ് അബ്ദുസലാം, അബ്ദുല്‍ ഹമീദ് അബൗദ് എന്നിവരെ പരിചയപ്പെട്ടത്. ഇവരില്‍ അബ്ദുല്‍ ഹമീദ് അബൗദ് പാരീസിലെ തിയറ്ററില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സലാഹ് അബ്ദുസലാം ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്യാനാണ് ഷൗക്കത്തലിയും സംഘവും പാരീസില്‍ പോയത്.