നാലു തവണ ബാഡ്ജ് ഓഫ് ഓണർ; ഇപ്പോൾ കുറ്റാന്വേഷണ മികവിനുള്ള രാഷ്ട്രപതിയുടെ മെഡലും; ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ പുരസ്‌കാര പ്രഭയിൽ; ഒപ്പം വിജിലൻസ് ഡിവൈ.എസ്.പി എൻ.രാജനും രാഷ്ട്രപതിയുടെ മെഡൽ

നാലു തവണ ബാഡ്ജ് ഓഫ് ഓണർ; ഇപ്പോൾ കുറ്റാന്വേഷണ മികവിനുള്ള രാഷ്ട്രപതിയുടെ മെഡലും; ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ പുരസ്‌കാര പ്രഭയിൽ; ഒപ്പം വിജിലൻസ് ഡിവൈ.എസ്.പി എൻ.രാജനും രാഷ്ട്രപതിയുടെ മെഡൽ

എ.കെ ശ്രീകുമാർ

കോട്ടയം: ജില്ലയിലെ പൊലീസ് സേനയ്ക്ക് അഭിമാനിക്കാവുന്ന അത്യപൂർവ സുന്ദര ദിവസമാണ് ശനിയാഴ്ച. സംസ്ഥാന പൊലീസ് സേനയിലെ മികച്ച ട്രാക്ക് റെക്കോർഡ് പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന്, ജില്ലയിലെ രണ്ട് ഉദ്യോഗസ്ഥരാണ് ഇപ്പോൾ അർഹരായിരിക്കുന്നത്. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറും, വിജിലൻസ് ഡിവൈ.എസ്.പി എൻ.രാജനുമാണ് ഇക്കുറി രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിരിക്കുന്നത്. റിപബ്ലിക്ക് ദിനത്തിന് മുന്നോടിയായാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ  പ്രഖ്യാപിച്ചത്.

കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം നാലു തവണയാണ് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിനെ തേടിയെത്തിയിയത്. രണ്ടു തവണ ലോ ആൻഡ് ഓർഡറിലും, രണ്ടു തവണ വിജിലൻസ് അന്വേഷണ സംഘത്തിന്റെ ഭാഗമായി ഇരുന്നപ്പോഴുമാണ് ബാഡ്ജ് ഓഫ് ഓണറിന്റെ തിളക്കം സുരേഷ്‌കുമാറിന്റെ തോളിൽ കയറിയത്. ക്രമസമാധാന പാലത്തിനും, കുറ്റാന്വേഷണത്തിലും, അഴിമതിക്കെതിരായ പോരാട്ടത്തിലും ഒരേ നിലവാരം എന്നും കാത്തു സൂക്ഷിക്കാൻ സുരേഷ്‌കുമാറിനു സാധിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ഇദ്ദേഹത്തിന്റെ പുരസ്‌കാരങ്ങളുടെ തിളക്കം വർധിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ആയിരിക്കെ പാമ്പാടിയിൽ മിമിക്രി കലാകാരൻ ലെനീഷിന്റെ കൊലപാതകക്കേസ് തെളിയിച്ചതോടെയാണ് ആദ്യമായി ഇദ്ദേഹത്തെ തേടി ബാഡ്ജ് ഓഫ് ഓണറിന്റെ പുരസ്‌കാരം എത്തുന്നത്. പൊലീസ് നടത്തിയ തന്ത്രപരമായ ഇടപെടലിനെ തുടർന്ന് ഒറ്റ ദിവസം കൊണ്ടു തന്നെ മൃതദേഹം തിരിച്ചറിയുകയും, പ്രതിയെ കണ്ടെത്തുകയും ചെയ്തു. ഈ കേസിലെ അന്വേഷണ മികവ് പരിഗണിച്ചാണ് സംസ്ഥാന പൊലീസ് മേധാവി ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിച്ചത്.

തുടർന്ന് വിജിലൻസ് ഡിവൈ.എസ്.പി ആയിരിക്കെ രണ്ടു തവണയാണ് ഇദ്ദേഹത്തെ തേടി ബാഡ്ജ് ഓഫ് ഓണറിന്റെ വെള്ളിവെളിച്ചം എത്തിയത്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ രഹസ്യനീക്കങ്ങളിലൂടെ കുടുക്കിയതും, അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനും രണ്ടു തവണയാണ് ബാഡ്ജ് ഓഫ് ഓണർ അണിയിച്ചത്. ഇതിനു ശേഷമാണ് സംസ്ഥാനം മുഴുവൻ കേന്ദ്രീകരിച്ച് നടന്ന എ.ടി.എം കവർച്ചാ കേസിലെ പ്രതികളെ ഇരുളിൽ നിന്നും വെളിച്ചത്തെത്തിച്ച ഓപ്പറേഷൻ നടത്തിയത്. ഈ കേസിൽ പൊലീസിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ ഒരാൾ സുരേഷ് കുമാറായിരുന്നു. ഇത് കൂടി ചേർന്നതോടെയാണ് സുരേഷ്‌കുമാറിന്റെ തൊപ്പിയിൽ പൊൻതൂവലായി. ഇതിനും സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ തന്നെ ലഭിച്ചു.

ഇതിനെല്ലാം കൂടുതൽ തിളക്കമേറ്റിയാണ് ഇക്കുറി രാഷ്ട്രപതിയുടെ പൊലീസ് മെഡൽ എത്തുന്നത്. സംസ്ഥാനത്തെ കുറ്റാന്വേഷണ രംഗത്ത് മികച്ചു നിൽക്കുന്ന ഉദ്യോഗസ്ഥരിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന ഉദ്യോഗസ്ഥനാണ് സുരേഷ്‌കുമാർ. ഈ അന്വേഷണ മികവിനുള്ള അംഗീകാരം കൂടിയാണ് ഇപ്പോൾ ലഭിച്ച രാഷ്ട്രപതിയുടെ മെഡൽ.

നേരത്തെ ചങ്ങനാശേരി ഡിവൈ.എസ്.പിയായിരുന്ന എൻ.രാജൻ നിലവിൽ കോട്ടയം വിജിലൻസ് ഡിവൈ.എസ്.പിയാണ്. അഴിമതിക്കാരായ നിരവധി ഉദ്യോഗസ്ഥരെയാണ് എൻ.രാജന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കഴിഞ്ഞ ദിവസങ്ങളിൽ കുടുക്കിയിരിക്കുന്നത്. ഇത് തന്നെയാണ് ഇദ്ദേഹത്തെയും രാഷ്ട്രപതിയുടെ മെഡൽ തേടിയെത്താൻ കാരണം.