പൂവൻതുരുത്തിൽ പൊതുസ്ഥലത്തിരുന്ന് അടിച്ച കള്ള് തലയ്ക്കു പിടിച്ചു: പൊലീസുകാരുടെ നേരെ കുതിരകയറി; മദ്യലഹരിയിൽ പൊലീസുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ

പൂവൻതുരുത്തിൽ പൊതുസ്ഥലത്തിരുന്ന് അടിച്ച കള്ള് തലയ്ക്കു പിടിച്ചു: പൊലീസുകാരുടെ നേരെ കുതിരകയറി; മദ്യലഹരിയിൽ പൊലീസുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ

തേർഡ് ഐ ബ്യൂറോ
ചിങ്ങവനം: പൊതുസ്ഥലത്തിരുന്ന് സ്ഥിരമായി മദ്യപിക്കുകയും, ഇതിനെപ്പറ്റി നാട്ടുകാർ പരാതിപ്പെട്ടപ്പോൾ അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിക്കുകയും ചെയത മൂന്നംഗ സംഘം പൊലീസ് പിടിയിലായി. മദ്യപിച്ച സ്ഥലത്തു വച്ചും, ജീപ്പിനുള്ളിൽ വച്ചും സ്റ്റേഷനിലേയ്ക്കു കൊണ്ടു പോകുന്ന വഴിയിലും മദ്യപ സംഘം പൊലീസുകാരെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരിൽ ഒരാൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പൂവൻതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന കോടിമത വേമ്പുഞ്ചേരിൽ വീട്ടിൽ ബോബിൻ (26), പൂവൻതുരുത്ത് പാലത്തിങ്കൽ തോപ്പിൽ അഭിലാഷ് (31), പൂവൻതുരുത്ത് എട്ടേക്കർ വീട്ടിൽ മനോ മോഹൻ (44) എന്നിവരെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്ഥിരമായി പൂവൻതുരുത്ത് ഭാഗത്ത് ഇടവഴികളിലും, റോഡരികിലും മദ്യപ സംഘങ്ങൾ തമ്പടിക്കുന്നതായും, പരസ്യമായി മദ്യപിക്കുന്നതായും പൊലീസിനു പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇതേപ്പറ്റി അന്വേഷിക്കുന്നതിനായാണ് ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുബൈർ, എ.എസ്.ഐ ഷിബി, സിവിൽ പൊലീസ് ഓഫിസർമാരാ സജേഷ്, സുമേഷ് എന്നിവർ ജീപ്പിൽ പൂവൻതുരുത്തിൽ എത്തിയത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് പൊലീസ് സംഘം സ്ഥലത്ത് എത്തുന്നത്. തുടർന്ന് പവർ സ്റ്റേഷനു സമീപം ഇടവഴിയിൽ ഇരുന്ന് മദ്യപിച്ചിരുന്ന പ്രതികളെ പൊലീസ് പിടികൂടി. പൊലീസിനു നേരെ ആദ്യം മുതൽ തന്നെ പ്രതികൾ മസിൽ പിടുത്തം ആരംഭിച്ചിരുന്നു. അനാവശ്യമായ പൊലീസുകാർക്കു നേരെ ബലം പ്രയോഗിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ തന്നെ കീഴടക്കി ജീപ്പിൽ കയറ്റി. ജീപ്പിനുള്ളിൽ വച്ചും പ്രതികൾ പൊലീസുകാരെ ആക്രമിച്ചു. ജീപ്പ് ബുക്കാന ഭാഗത്ത് എത്തിയപ്പോൾ പ്രതികളിൽ ഒരാൾ പൊലീസുകാരനായ സുമേഷിനെ ആക്രമിച്ചു. അടിവയറ്റിൽ മർദനമേൽക്കുകയും, സുമേഷിന്റെ യൂണിഫോം പ്രതികളിൽ ഒരാൾ വലിച്ച് കീറുകയും ചെയ്തു.
ഒടുവിൽ സ്റ്റേഷനിലെത്തിച്ച് കൂടുതൽ പൊലീസുകാരുടെ സഹായത്തോടെയാണ് പ്രതികളെ ശാന്തരാക്കിയത്. ഇവരെ പിന്നീട് ചങ്ങനാശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.