മദ്യം ലഭിക്കാതെ കോട്ടയത്തും ആത്മഹത്യാ ശ്രമം: ചങ്ങനാശേരിയിൽ സ്ഥിരം മദ്യപാനി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിക്കാൻ ശ്രമിച്ചു: ജീവനൊടുക്കാൻ ശ്രമിച്ച മറ്റം സ്വദേശി ആശുപത്രിയിൽ

മദ്യം ലഭിക്കാതെ കോട്ടയത്തും ആത്മഹത്യാ ശ്രമം: ചങ്ങനാശേരിയിൽ സ്ഥിരം മദ്യപാനി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിക്കാൻ ശ്രമിച്ചു: ജീവനൊടുക്കാൻ ശ്രമിച്ച മറ്റം സ്വദേശി ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: മദ്യം ലഭിക്കാതെയുള്ള ആത്മഹത്യ ശ്രമം കോട്ടയത്തും. കൊറോണ ലോക്ക് ഡൗണിന് പിന്നാലെ സംസ്ഥാനത്ത് മദ്യം ലഭിക്കാതെ ആറു പേർ ജീവനൊടുക്കിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കോട്ടയത്തും ആത്മഹത്യാ ശ്രമം ഉണ്ടായത്. ചങ്ങനാശേരി മറ്റം സ്വദേശിയാണ് നഗരമധ്യത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചങ്ങനാശ്ശേരി പി എം ജെ കോംപ്ലക്സിന്റെ മൂന്നാം നിലയിൽ ഒരാൾ നിൽക്കുന്നത് ആദ്യം കണ്ടത് സെക്യൂരിറ്റി ജീവനക്കാരാണ്. ഇവർ വിവരം വിളിച്ച് ചോദിച്ച് താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. പിച്ചും പേയും പറഞ്ഞ ഇയാൾ ക്ഷുഭിതനാകുകയും ചെയ്തു.

ഇതോടെ സെക്യൂരിറ്റി ജീവനക്കാർ വിവരം പൊലീസിൽ അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസും ചങ്ങനാശേരി അഗ്നി രക്ഷാ സേന അധികൃതരും ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ചു. ആദ്യം വഴഞാൻ തയ്യാറാകാതിരുന്ന ഇയാളെ ബലം പ്രയോഗിച്ചാണ് താഴെ ഇറക്കിയത്. നിന്നും മറ്റം സ്വദേശിയായ ശശിയാണ് ആന്മഹത്യക്ക് ശ്രമിച്ചത്.

തുടർന്ന് ഇയാളെ ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളേജിലെക്ക് മാറ്റി. ഇയാൾക്ക് മദ്യാസക്തി മാറ്റാനുള്ള ചികിത്സ നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം കൊല്ലത്ത് കാൻസർ രോഗിയായ  സുരേഷും , മയ്യനാട് മുൻ ഐ എസ് ആർ ഒ ഉദ്യോഗസ്ഥനായ ബിജു വിശ്വനാഥും മദ്യം കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. തൃശൂരും കാക്കനാടുമായി രണ്ടു പേർ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു . മദ്യം ലഭിക്കാത്തതിന്റെ പേരിൽ പത്തനംതിട്ട ഇരവിപേരൂരിൽ വീട് തല്ലിത്തകർത്ത യുവാവ് ഡി അഡിക്ഷൻ സെൻ്ററിൽ ചികിത്സയിലാണ്.

മദ്യം ലഭിക്കാതെ പ്രശ്നം ഉണ്ടാക്കുന്നവരെ കണ്ടെത്തി ലഹരി വിമുക്ത ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനും എക്സൈസിനും നിർദ്ദേശം നൽകിയിരുന്നു. ഇത് കൂടാതെ അമിത മദ്യപാന ആസക്തി ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽകാനും നിർദേശിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോഴുണ്ടായ അക്രമസംഭവങ്ങൾ.