അനധികൃത അവധിയെടുത്ത് മദ്യപിച്ച് കറങ്ങുന്നതിനിടെ വാഹനാപകടം: ലോക്ക് ഡൗണിൽ പൊലീസിന്റെ പേരുകളയാൻ ശ്രമിച്ച കറുകച്ചാൽ സിഐ കോട്ടയത്ത് ഒളിവിൽ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് നാലു ദിവസം കഴിഞ്ഞിട്ടും സിഐയെ അറസ്റ്റ് ചെയ്തില്ല

അനധികൃത അവധിയെടുത്ത് മദ്യപിച്ച് കറങ്ങുന്നതിനിടെ വാഹനാപകടം: ലോക്ക് ഡൗണിൽ പൊലീസിന്റെ പേരുകളയാൻ ശ്രമിച്ച കറുകച്ചാൽ സിഐ കോട്ടയത്ത് ഒളിവിൽ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് നാലു ദിവസം കഴിഞ്ഞിട്ടും സിഐയെ അറസ്റ്റ് ചെയ്തില്ല

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അനധികൃത അവധിയെടുത്ത് മദ്യപിച്ച് കൂട്ടുകാരുമൊത്ത് കറങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയ ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കറുകച്ചാൽ സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ.സലിമിനെ നാലു ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തില്ല. സലിം മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ചാത്തന്നൂർ പൊലീസ് കേസെടുത്തിട്ടും ഇതുവരെ ഇദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടികൾ ഒന്നും ഉണ്ടായിട്ടുമില്ല.

മേയ് 26 ന് രാത്രി ഒൻപതരയോടെ ദേശീയ പാതയിൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. സലിമും സുഹൃത്തുക്കളും മദ്യലഹരിയിൽ അമിത വേഗത്തിൽ എത്തിയ വാഹനം പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞതോടെ സലിമും സുഹൃത്തുക്കളും കാറുമായി സ്ഥലത്തു നിന്നും രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്റ്റേഷനിൽ നിന്നും വിവരം അറിയിച്ചത് അനുസരിച്ച് രണ്ടു കിലോമീറ്റർ അകലെയായി കൊട്ടിയം ജംഗ്ഷനിൽ വച്ച് കൺട്രോൾ റൂം പൊലീസ് സംഘം വാഹനം തടഞ്ഞിട്ടു. ഇതോടെ സിഐ സലിം അടക്കമുള്ളവർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി കൺട്രോൾ റൂം പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു. തുടർന്നു പാരിപ്പള്ളി സിഐ അടക്കമുള്ളവർ സ്ഥലത്ത് എത്തി സലിമിന്റെ ഒപ്പമുണ്ടായിരുന്നവരെ അടക്കം കസ്റ്റഡിയിൽ എടുത്തു.

ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൊലീസ് സംഘം ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്തു. ഇവരെ സ്റ്റേഷനിൽ എത്തിച്ചു. ഓട്ടോ ഡ്രൈവറിൽ നിന്നും മൊഴിയെടുത്ത് വാഹനാപകടത്തിനും , പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമടക്കം സലിമിനെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ജാമ്യമില്ലാത്ത വകുപ്പ് പ്രകാരവും കേസെടുത്തു.

എന്നാൽ, സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട സലിമിനെ നാലു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. ഇദ്ദേഹം ഒളിവിലാണ് എന്ന സൂചനയാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. അനധികൃതമായി അവധിയെടുത്തു മുങ്ങുകയും, മദ്യപിച്ച്  അപകടമുണ്ടാക്കുകയും, പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായിട്ടും ജില്ലയിലെ ഉന്നതനായ ഉദ്യോഗസ്ഥനെതിരെ ഇതുവരെയായിട്ടും അച്ചടക്ക നടപടിയെടുക്കാൻ പൊലീസ് മേധാവികൾ തയ്യാറായിട്ടില്ല. ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാൽ ജില്ലാ തലത്തിൽ നടപടിയെടുക്കാൻ സാധിക്കില്ല.

സലിമിനെതിരെ നടപടി ഒഴിവാക്കാനുള്ള നീക്കം ഉന്നത തലത്തിൽ നിന്നും നടക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. സാധാരണക്കാരനായിരുന്നു ഈ കുറ്റം ചെയ്തിരുന്നതെങ്കിൽ ജയിലിൽ പോയി റിമാൻഡിൽ കഴിയേണ്ടപ്പോഴാണ് ഒരു നിയമപാലകൻ തന്നെ നിയമം ലംഘിച്ച കേസിൽ യാതൊരു നടപടിയുമില്ലാത്തത്.