പ്രണയപ്പകയിലെ കൊലപാതകം: കൊടും ക്രൂരനായ പ്രതിയ്ക്കു ജീവപര്യന്തം: ശിക്ഷിച്ചത് തൃശൂരിൽ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ

പ്രണയപ്പകയിലെ കൊലപാതകം: കൊടും ക്രൂരനായ പ്രതിയ്ക്കു ജീവപര്യന്തം: ശിക്ഷിച്ചത് തൃശൂരിൽ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ

തേർഡ് ഐ ബ്യൂറോ

തൃശൂർ: കേരളത്തിലെമ്പാടും ഇപ്പോൾ കേക്കുന്നത് പ്രണയപ്പകയിലുള്ള കൊലപാതകങ്ങളും ഇതേ തുടർന്നുണ്ടായ അതിക്രമങ്ങളുടെയും കഥയാണ്. കൃത്യമായ ശിക്ഷ ലഭിക്കാത്തതിനെ തുടർന്നാണ് ഇത്തരം അതിക്രമങ്ങളും അക്രമ സംഭവങ്ങളും വർദ്ധിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. പീഡനക്കേസുകളിലെ ശിക്ഷകൾ അടക്കമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രധാന ചർച്ചയാകുന്നതും. എന്നാൽ, ഏറ്റവും ഒടുവിൽ പുറത്തു വന്നത് പ്രണയപ്പകയിലെ കൊലപാതകത്തിലെ പ്രതിയ്ക്കു ലഭിച്ച ശിക്ഷയെപ്പറ്റിയാണ്.

വിവാഹാഭ്യർത്ഥന നിരസിച്ചതിന് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വടക്കെക്കാട് കല്ലൂർകാട്ടയിൽ വീട്ടിൽ നിധീഷിനെയാണ് (27) തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമേ വിവിധ വകുപ്പുകൾ പ്രകാരം ഒമ്പത് വർഷം കഠിനതടവിനും 15, 000 രൂപ പിഴ അടയ്ക്കുന്നതിനും ജഡ്ജി ഡി. അജിത് കുമാർ ശിക്ഷിച്ചു. പിഴയടയ്ക്കാത്ത പക്ഷം രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. പിഴയടയ്ക്കുകയാണെങ്കിൽ അഞ്ച് ലക്ഷം രൂപ നീതുവിന്റെ മുത്തശ്ശി വത്സലാ മേനോന് നൽകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ഏപ്രിൽ നാലിന് രാവിലെ 6.45നായിരുന്നു സംഭവം. ചിയ്യാരം വത്സാലയത്തിൽ കൃഷ്ണരാജിന്റെ മകൾ നീതുവിനെയാണ് (21) കുത്തിപ്പരിക്കേൽപ്പിച്ച ശേഷം നിധീഷ് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്താലാണ് നിധീഷ് നീതുവിനെ കൊലപ്പെടുത്തിയതെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവച്ചു.നീതുവിന്റെ മാതാവ് വളരെ മുമ്പേ മരിച്ചിരുന്നു. അച്ഛൻ വേറൊരു വിവാഹം കഴിച്ച് മാറിത്താമസിക്കുകയാണ്. ചിയ്യാരത്തുള്ള അമ്മാവന്റെ വീട്ടിൽ താമസിച്ചാണ് നീതു പഠനം നടത്തിയിരുന്നത്. കാക്കനാടുള്ള ഐ.ടി കമ്പനിയിൽ ജീവനക്കാരനായ നിധീഷ് കളമശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കളമശ്ശേരിയിൽ നിന്ന് കത്തിയും വിഷവും നായരങ്ങാടിയിലെ പെട്രോൾ പമ്പിൽ നിന്ന് പെട്രോളും വാങ്ങിയാണ് പ്രതി സംഭവസ്ഥലത്തെത്തിയത്. രാവിലെ 6.45ന് മോട്ടോർ സൈക്കിളിൽ നീതുവിന്റെ വീടിന്റെ പിൻവശത്ത് എത്തിയ പ്രതി മേട്ടോർ സൈക്കിൾ റോഡരികിൽ വച്ച ശേഷം പിറകിലെ വാതിലിലൂടെ വീട്ടിലേക്ക് കയറി.

പിന്നീട് കുളിമുറിയിൽ അതിക്രമിച്ചു കയറി നീതുവിനെ കഴുത്തിലും നെഞ്ചിലും വയറിലും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നീതുവിന്റെ അമ്മാവന്മാരും അയൽവാസികളും നിധീഷിനെ പിടികൂടി നെടുപുഴ പൊലീസിൽ ഏൽപ്പിച്ചു. നെടുപുഴ സി.ഐ: എ.വി. ബിജു രജിസ്റ്റർ ചെയ്ത കേസിൽ സിറ്റി ക്രൈംബ്രാഞ്ച് അസി. കമ്മിഷണറായ സി.ഡി. ശ്രീനിവാസനാണ് അന്വേഷണം പൂർത്തിയാക്കിയത്.90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് ഒന്നര വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയെന്ന അപൂർവതയുമുണ്ട്. ആഗസ്റ്റ് 20 മുതൽ സാക്ഷി വിസ്താരം ആരംഭിച്ചു. 67 സാക്ഷികൾ ഉണ്ടായിരുന്നു.

പ്രൊസിക്യൂഷനായി ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.കൊവിഡ് ലോക്ക് ഡൗൺ തടസം മറികടന്ന് റെക്കാഡ് വേഗത്തിൽ സാക്ഷി വിസ്താരം പൂർത്തിയാക്കി വിധി പ്രസ്താവിച്ചത് കേസ് വിചാരണയുടെ പ്രത്യേകതയായിരുന്നു. തിരുവനന്തപുരത്ത് കൊവിഡ് തീവ്രത കൂടുതലായി നിൽക്കുന്ന സമയത്താണ് ഫോറൻസിക് ലാബിലെ വിദഗ്ദ്ധരെ തിരുവനന്തപുരത്തു നിന്നും കൂടുതൽ സാക്ഷികളാക്കി പ്രോസിക്യൂഷൻ വിസ്തരിച്ചത്.

കൊലപാതകം നടന്ന് ഒന്നരവർഷം കഴിഞ്ഞ് വിധി വരുമ്പോഴും ആ ക്രൂര കൊലപാതകത്തിന്റെ ഞെട്ടൽ ഒഴിഞ്ഞിട്ടില്ലന്നു നാട്ടുകാർ. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയെ കുത്തിയശേഷം കത്തിച്ചു കൊലപ്പെടുത്തിയ സംഭവം അടുത്തകാലത്തൊന്നും തൃശൂരിലുണ്ടായിട്ടില്ല. നീതുവിന്റെ വീട്ടിൽ നിന്നുയർന്ന ബന്ധുക്കളുടെ നിലവിളികളും പുകയും ചോര തളം കെട്ടിയ വീടും ഇന്നും പരിസരവാസികൾക്ക് മറക്കാനാവുന്നില്ല.

ബാഗിൽ രണ്ട് കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായാണ് പ്രതിയായ നിധീഷ് ചിയ്യാരത്തെത്തിയത്. പെട്രോൾ കൊണ്ടുവന്നത് നീതുവിനെ കൊലപ്പെടുത്താനും വിഷം കരുതിയത് സ്വയം ജീവനൊടുക്കാനുമായിരുന്നു. നീതുവിന്റെ ബന്ധുക്കൾ പിടിച്ചുകെട്ടിയതോടെ വിഷം കഴിച്ചു മരിക്കാനുള്ള നിധീഷിന്റെ ആസൂത്രണം പൊളിഞ്ഞു.

രാവിലെ നാലരയോടെ തന്നെ വീടിന്റെ പരിസരത്ത് എത്തിയിരുന്നെങ്കിലും അടുക്കള വാതിൽ തുറക്കുന്നതും കാത്ത് പുറത്തു നിന്നു. ബൈക്ക് വീടിന്റെ മുൻഭാഗത്തായിരുന്നില്ല പാർക്ക് ചെയ്ത്. സമീപത്തെ ഇടറോഡിൽ വച്ചശേഷം നടന്നുവരികയായിരുന്നു. ചെരുപ്പ് ബൈക്കിന് താഴെ ഊരിയിടുകയും ചെയ്തു. ബാഗിൽ രണ്ട് കുപ്പിയിൽ പെട്രോൾ നിറച്ചു സൂക്ഷിച്ചിരുന്നു.വിലയേറിയ കത്തിയും ബാഗിനുള്ളിലുണ്ടായിരുന്നു. കൈയുറയും കരുതിയിരുന്നു. വീട്ടിലേക്ക് നേരിട്ടു കടക്കാതെ അടുത്ത് താമസിക്കുന്ന നീതുവിന്റെ അമ്മാവന്റെ പറമ്പിലൂടെ കടന്ന് നീതുവിന്റെ വീടിന്റെ പിന്നിലെത്തുകയായിരുന്നു. ആറരയോടെ അടുക്കളവാതിൽ കടന്ന് ഉള്ളിലെത്തിയായിരുന്നു അക്രമം. അഞ്ച് മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. കുത്തേറ്റു വീണപ്പോഴാണ് നീതുവിന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്.

അയൽക്കാരും ബന്ധുക്കളും യുവാവിന്റെ കൈകൾ കെട്ടിയ ശേഷം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. നീതുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതു വരെ ജീവനുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു.