തൃശ്ശൂരും വയനാടും രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

തൃശ്ശൂരും വയനാടും രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

സ്വന്തം ലേഖിക

തൃശ്ശൂര്‍: തൃശ്ശൂരും വയനാടുമായി രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.

തൃശ്ശൂര്‍ ആറാട്ടുപുഴ മന്ദാരംകടവില്‍ കുളിക്കാനിറങ്ങിയ കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ആറാട്ടുപുഴ സ്വദേശി ഗൗതമാണ് മരിച്ചത്. പതിനാല് വയസായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൗതമിനൊപ്പം കുളിക്കാന്‍ ഇറങ്ങിയ സുഹൃത്ത് ഷിജിനെ (15) കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

ഫുട്ബോള്‍ കളിച്ച ശേഷം മന്ദാരംകടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. സ്ഥിരമായി ആളുകള്‍ കുളിക്കുന്ന കടവാണിത്. പുഴയില്‍ ചെളി കൂടിയതിനാല്‍ കാലുകള്‍ താഴ്ന്നതാകാം അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നായിരുന്നു തിരച്ചില്‍.

വയനാട് എടവകയില്‍ കാരക്കുനി ചെമ്പിലോട് സ്വദേശിയായ രണ്ടര വയസുകാരി നാദിയ ഫാത്തിമയാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു.

ഉടന്‍ വയനാട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. നൗഫല്‍ നജുമത് ദമ്പതികളുടെ മകളാണ് നാദിയ.