പുതുവത്സരാഘോഷം ഡ്രോൺ നിരീക്ഷിക്കും…! കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

പുതുവത്സരാഘോഷം ഡ്രോൺ നിരീക്ഷിക്കും…! കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷ പരിപാടികൾക്ക് നിയന്ത്രണം കർശനമായി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും. ആഘോഷങ്ങളുടെ ജനക്കൂട്ടവും ആഘോഷങ്ങളും ഡിസംബർ 31 ന് രാത്രി 10 മണിക്ക് ശേഷം ഉണ്ടാകില്ലെന്നും പോലീസ് ഉറപ്പുവരുത്തും.

നിരീക്ഷണം കർശനമാക്കാൻ പ്രധാനകേന്ദ്രങ്ങളിൽ നിരീക്ഷണത്തിന് ഡ്രോൺ നിരീക്ഷണവും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.ശബ്ദകോലാഹലങ്ങൾ തടയുന്നതിനും നടപടി സ്വീകരിക്കും. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള പൊലീസ് പ്രെടോളിങ്ങിനായി നിയോഗിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംസ്ഥാന അതിർത്തികൾ, തീരപ്രദേശങ്ങൾ, ട്രെയിനുകൾ എന്നിവിടങ്ങളിൽ ലഹരികടത്ത് തടയാനായി പ്രത്യേക പരിശോധന നടത്തും. മദ്യപിച്ചുള്ള ഡ്രൈവിങ്, അമിതവേഗം എന്നിവ കണ്ടെത്തുന്നതിനും പ്രധാനകേന്ദ്രങ്ങളിൽ പരിശോധനയുണ്ടാകും. ആവശ്യമുള്ള സ്ഥലങ്ങളിൽ വനിതാ പോലീസിനേയും നിയോഗിക്കും. മുതിർന്ന ഉദ്യോഗസ്ഥൻമാരും പൊതുസ്ഥലങ്ങളിൽ ഡ്യൂട്ടിയിലുണ്ടാകും. ജനുവരി ഒന്നിന് രാത്രി പത്തുമണി വരെ പോലീസ് ജാഗ്രത തുടരും.

ഇതിന് പുറമെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങൾക്കും വനിതകൾക്കും വിദേശികൾക്കും സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.ഹോട്ടലുകളിലും മറ്റും കോവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും.

അതേസമയം വീടുകളിലും മറ്റും നടക്കുന്ന ആഘോഷപരിപാടികളിൽ അനാവശ്യമായി ഇടപെടാൻ പാടില്ലെന്നും പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യമായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.