കരാറടിസ്ഥാനത്തില്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഡ്രൈവര്‍മാരേ വേണം ; ശമ്പളം പതിനെണ്ണായിരം രൂപയും ബാറ്റയും; അപേക്ഷാ ഫോമിന് അന്‍പത്തിയൊന്ന് രൂപ ഗൂഗിൾ പേ ചെയ്യണം ; ചതിയിൽ വീണത് ആയിരക്കണക്കിന് സാധുക്കൾ ;തേർഡ് ഐ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്

കരാറടിസ്ഥാനത്തില്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഡ്രൈവര്‍മാരേ വേണം ; ശമ്പളം പതിനെണ്ണായിരം രൂപയും ബാറ്റയും; അപേക്ഷാ ഫോമിന് അന്‍പത്തിയൊന്ന് രൂപ ഗൂഗിൾ പേ ചെയ്യണം ; ചതിയിൽ വീണത് ആയിരക്കണക്കിന് സാധുക്കൾ ;തേർഡ് ഐ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം: കേരളത്തിലെ വിവിധ ജില്ലകളിലെ ആരോഗ്യ സ്ഥാപങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതായി വ്യാജ പരസ്യം. പാസഞ്ചര്‍ കാര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് ഹെല്‍ത് ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തില്‍ നിയമനം ലഭിക്കുമെന്നുമാണ് പരസ്യത്തില്‍ പറയുന്നത്.

എട്ടാംക്ലാസ് യോഗ്യതയും എല്‍എംവി ലൈസന്‍സുമുള്ള 24- മുതല്‍ 37 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ഇളവുകളും ലഭ്യമാണത്രേ. സംസ്ഥാനത്ത് ഉടനീളം 176 ഒഴിവുകള്‍ ഉണ്ടെന്നും അപേക്ഷാ ഫോമിനായി 51 രൂപ ജി പേ, പേടിഎം, നെറ്റ് ബാങ്കിംഗ് ഇവയിലൂടെ അടയ്ക്കണമെന്നും തട്ടിപ്പുകാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റനോട്ടത്തില്‍ വളരെ വിശ്വസനീയമായി തോന്നുന്ന ഈ പരസ്യത്തിന് പിന്നില്‍ വന്‍തട്ടിപ്പ് സംഘമാണുള്ളത്. 51 രൂപ മാത്രം ഈടാക്കുന്നത് കൊണ്ട് നിരവധി ആളുകള്‍ ഈ കെണിയില്‍ വീണു.

താരതമ്യേന ചെറിയ തുകയായതിനാല്‍ പണം നഷ്ടപ്പെടുന്നവര്‍ പരാതിയുമായി മുന്നോട്ട് പോകാനും സാധ്യത കുറവാണ്. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടമായവരില്‍ ഏറിയ പങ്കും ഡ്രൈവര്‍മാരയതിനാല്‍ നിരവധി ആളുകള്‍ അപേക്ഷിച്ചു.

ഇന്നലെ ഉച്ചയോടെ ഇത് സംബന്ധിച്ച് തേർഡ് ഐ ന്യൂസിൽ പരാതി ലഭിക്കുകയായിരുന്നു. തുടർന്ന് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലൊരു നിയമനം ആരോഗ്യ വകുപ്പ് നടത്തുന്നില്ലന്ന് കണ്ടെത്തി.തുടർന്ന് ഇവരുടെ വെബ്സൈറ്റും അപ്രത്യക്ഷമായി.

കെഎസ്ആര്‍ടിസി ബസുകള്‍ ഓടാതെ കിടക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെയാണ് ആരോഗ്യവകുപ്പിന്റെ വാഹനങ്ങള്‍ ഓടിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ളവർ വാഹനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് രോഗികള്‍ക്കും വിട്ട് നല്‍കിയിട്ടുണ്ട്. ഇതിലും കെഎസ്ആര്‍ടിസി, അഥവാ സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഡ്രൈവര്‍മാരാണ് സേവനം അനുഷ്ഠിക്കുന്നത്.

തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യം മുതലാക്കി സാധാരണക്കാരായ ഡ്രൈവര്‍മാരെ പറഞ്ഞ് പറ്റിക്കുന്ന ഇത്തരം സംഘങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കേണ്ടതുണ്ട്.

ഇവര്‍ പരസ്യത്തില്‍ നല്‍കിയിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക്, ഉദ്ദേശിച്ച തുക അക്കൗണ്ടില്‍ എത്തി കഴിയുമ്പോള്‍ പ്രവര്‍ത്തനരഹിതമാകുന്ന കാഴ്ചയും സര്‍വ്വസാധാരണമാകുകയാണ്.

51 രൂപയല്ലേ ഉള്ളൂ എന്ന് കരുതി നിസ്സാരവത്കരിച്ചാല്‍ കോവിഡിന്റെ മറവില്‍ തട്ടിപ്പ് സംഘങ്ങള്‍ കൂണുപോലെ മുളക്കുമെന്നുറപ്പ്. 51 രൂപ വീതം പതിനായിരക്കണക്കിന് ആളുകള്‍ നല്‍കുമ്പോള്‍ അത് ലക്ഷങ്ങളുടെ തട്ടിപ്പാകും. ഇത്തരം വ്യാജന്മാരെ കണ്ടാല്‍ ഉടന്‍ അധികൃതര്‍ക്ക് പരാതി നല്‍കാന്‍ മറക്കേണ്ട…

Tags :