വെളിച്ചം വീഴും മുന്‍പേ തുറക്കും ഡ്രീംലാന്‍ഡും എമറാള്‍ഡും..! പാമ്പാടിയിലെ ഡ്രീംലാന്‍ഡ് ബാറും ഞാലിയാകുഴിയിലെ എമറാള്‍ഡ് ബാറും തുറക്കുന്നത് രാവിലെ ഏഴ് മണിക്ക്; നാട്ടുകാരുള്‍പ്പെടെ പരാതിപ്പെട്ടിട്ടും നടപടിയില്ല; പതിനൊന്ന് മണിക്ക് മാത്രമേ തുറക്കാന്‍ പാടൂള്ളൂ എന്ന് നിയമമുണ്ടായിട്ടും മദ്യക്കച്ചവടം അതിരാവിലെ തുടങ്ങുന്നത് ഗുണ്ടകളുടെ പിന്‍ബലത്തില്‍; എല്ലാം അറിഞ്ഞിട്ടും അനക്കമില്ലാതെ എക്‌സൈസ്, പിന്നില്‍ ലക്ഷങ്ങളുടെ കോഴ
സ്വന്തം ലേഖകന്‍
കോട്ടയം: സന്ധ്യമയങ്ങി കഴിഞ്ഞാല്‍ കോട്ടയത്ത് രണ്ട് കാലില്‍ നില്‍ക്കുന്നത് പി.ടി ചാക്കോയുടെ പ്രതിമ മാത്രമാണെന്നൊരു പറച്ചിലുണ്ട് അന്യനാട്ടുകാര്‍ക്ക്. മദ്യപാനത്തില്‍ മറ്റു ജില്ലകളേക്കാള്‍ പിന്നിലാണെങ്കിലും മദ്യപാനികളെന്ന പേര് പതിച്ച് കിട്ടിയിരിക്കുന്ന ഹതഭാഗ്യരാണ് കോട്ടയംകാര്‍. പക്ഷേ, കോട്ടയത്തിന്റെ ദുഷ്‌പേര് അരക്കിട്ടുറപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് പാമ്പാടിയിലെയും ഞാലിയാകുഴിയിലെയും ബാറുകള്‍.
പാമ്പാടിയിലെ ഡ്രീംലാന്‍ഡ്, ഞാലിയാകുഴിയിലെ എമറാള്‍ഡ് എന്നീ ബാറുകളാണ് അതിരാവിലെ ഏഴ് മണിക്ക് മുന്‍പേ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇക്കാരണത്താല്‍ രാവിലെ മുതല്‍ പ്രദേശത്ത് കുടിയന്മാര്‍ കൂട്ടമായി തമ്പടിക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെപ്പോലും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നിരവധി തവണ നാട്ടുകാരുള്‍പ്പെടെ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കേണ്ട എക്‌സൈസ് വിഭാഗം അനക്കമില്ലാതെ നിലകൊള്ളുന്നതിന് പിന്നില്‍ ലക്ഷങ്ങളുടെ കോഴയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
” കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് മുന്‍പേ കള്ള് കച്ചവടം തുടങ്ങുന്നത് നാട്ടുകാരോട് ചെയ്യുന്ന ദ്രോഹമാണ്. രാവിലെ പതിനൊന്ന് മണി മുതല്‍ മാത്രമേ ബാറുകള്‍ തുറക്കാന്‍ പാടുള്ളൂ എന്ന് നിയമമുണ്ടായിട്ടും ഇത്തരത്തില്‍ തോന്നിയപോലെ പ്രവര്‍ത്തിക്കുന്നത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എത്രയും വേഗം അധികൃതര്‍ നടപടി എടുത്തില്ലെങ്കില്‍ ജനകീയ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം” പാമ്പാടി ഡ്രീംലാന്‍ഡ് ബാറിന് സമീപത്ത് താമസിക്കുന്ന വീട്ടമ്മ പറയുന്നു.
ഈ ബാറുകളില്‍ ബാര്‍മാന്‍മാരായി ജോലിചെയ്യുന്നവര്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന പരാതിയും വ്യാപകമാണ്. പരാതിയുമായി ചെല്ലുന്നവരെ വിരട്ടി തിരികെ വിടാന്‍ ബാറുടമകള്‍ ആശ്രയിക്കുന്നതും ഇവരെത്തന്നെയാണ്. രാത്രി 11 വരെ വീണ്ടും ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത് രണ്ടാം കോവിഡ് ലോക്ക് ഡൗണിന് ശേഷമാണ്.