play-sharp-fill
മരണം സുനിശ്ചിതം ; എത്ര നീന്തല്‍ അറിയാമെങ്കിലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്

മരണം സുനിശ്ചിതം ; എത്ര നീന്തല്‍ അറിയാമെങ്കിലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്

ഇടുക്കി : രണ്ടാഴ്ചയ്ക്കിടെ ഇടുക്കിയിലെ ജലാശയങ്ങളില്‍ മുങ്ങി മരിച്ചത് 15 വയസ്സുകാരൻ ഉൾപ്പെടെ നാല് യുവാക്കൾ. ഇത്രയും ജീവൻ പൊലിഞ്ഞിട്ടും കൂസലില്ലാതെ അധികൃതർ. വോട്ട് ചെയ്യുന്നതിന് ജനങ്ങളെ പ്രബുദ്ധരാക്കാൻ പാരാഗ്ലൈഡിംഗും റാഫ്റ്റിംഗും വരെ ബോധവത്കരണത്തിന് ഉപയോഗിക്കുന്ന ഭരണകൂടത്തിന് ഒരു തലമുറ വെള്ളത്തില്‍ മുങ്ങി മരിക്കുന്നത് തടയാൻ ചെറുവിരല്‍ പോലും അനക്കാനാകുന്നില്ല എന്നത് പരിതാപകരമാണ്.

മനുഷ്യന് സ്വാഭാവികമായുള്ള സിദ്ധിയല്ല ജലത്തില്‍ നീന്തല്‍. അത് നാം ആർജിച്ചെടുക്കുന്നതാണ്. അതുകൊണ്ട് തന്നെ നമ്മുടെ നാട്ടില്‍ ഉണ്ടാവുന്ന അസ്വാഭാവിക മരണങ്ങളില്‍ എണ്ണത്തില്‍ വളരെ കൂടുതലാണ് മുങ്ങിമരണങ്ങള്‍. വാഹനാപകടങ്ങളും ആത്മഹത്യയും കഴിഞ്ഞാല്‍ ഏറ്റവുമധികം ജീവൻ അപഹരിക്കുന്നത് മുങ്ങി മരണങ്ങളാണ്. ധാരാളം ചെറുപ്പക്കാരും വിദ്യാർത്ഥികളും കുട്ടികളും മുങ്ങി മരണങ്ങള്‍ക്കിരയാവുന്നുണ്ട്. കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളിലും മറ്റും മരിക്കുന്നവരേക്കാള്‍ വളരെയധികമാണ് ഓരോ വർഷവും മുങ്ങി മരിക്കുന്നവരെന്നാണ് നാഷണല്‍ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. ഇരുന്നൂറും മുന്നൂറുമല്ല ആയിരത്തിലധികമാണ് ഒരു വർഷം കേരളത്തില്‍ മുങ്ങി മരിക്കുന്നവരുടെ എണ്ണം.

ഉദാഹരണത്തിന് 2019ല്‍ കേരളത്തില്‍ 1452 സംഭവങ്ങളിലായി 1490 പേരാണ് മുങ്ങി മരിച്ചത്. 2004ല്‍ സുനാമിയില്‍ കേരളത്തില്‍ ആകെ മരിച്ചത് 174 പേരാണ്. അതായത് ഓരോ രണ്ടു മാസത്തിലും കേരളത്തില്‍ ഒരു സുനാമിയുടെ അത്രയും ആളുകള്‍ മുങ്ങി മരിക്കുന്നുണ്ട്. ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ 2018ല്‍ 480 പേരാണ് മരിച്ചത്. അതായത് ഓരോ നാലു മാസത്തിലും പ്രളയത്തില്‍ മരിച്ചതില്‍ കൂടുതല്‍ ആളുകള്‍ മുങ്ങി മരിക്കുന്നുണ്ട്. മുങ്ങി മരണങ്ങള്‍ മിക്കവാറും ഒറ്റയ്‌ക്കൊറ്റയ്ക്കായതിനാല്‍ പ്രാദേശിക വാർത്തകള്‍ക്കപ്പുറം അത് പോകാറില്ല. അതുകൊണ്ട് ഇത്രമാത്രം മരണങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെടുന്നില്ല. ഇടുക്കി ജില്ലയില്‍ മാത്രം അഞ്ച് വർഷത്തിനിടെ നൂറ്റമ്ബതോളം പേരുടെ ജീവനാണ് ജലാശയങ്ങളില്‍ പൊലിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍പ്പെടുന്നവരിലേറെയും കുട്ടികളാണെന്നതാണ് ഏറെ സങ്കടകരം. അവധിക്കാലത്ത് ബന്ധുവീട് സന്ദർശനത്തിനെത്തുന്നവരാകും ഇവരിലേറെയും. സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങി അപകടത്തില്‍പെടും. അതിസാഹസികത കാട്ടാനുള്ള ശ്രമങ്ങളും അപകടത്തിലാക്കും. സ്‌കൂള്‍ അടച്ച ആശ്വാസത്തിലും ആവേശത്തിലും പുഴകളിലും തോടുകളിലും സംഘം ചേർന്ന് കുളിക്കാനിറങ്ങുന്ന കുട്ടികള്‍ അപകടത്തില്‍ പെടുന്നത് നാടിന് ഏറെ നൊമ്ബരമാണ് സൃഷ്ടിക്കുന്നത്. വെള്ളക്കെട്ടുകളുള്ള സ്ഥലങ്ങളില്‍ കുട്ടികള്‍ ഒറ്റയ്ക്ക് എത്തിപ്പെടാവുന്ന സാഹചര്യം ഒഴിവാക്കാൻ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഇത് ചെയ്യാൻ പറ്റാത്ത ഇടങ്ങളില്‍ വേലി, മതില്‍ കെട്ട് തുടങ്ങിയവ ഒരുക്കി സുരക്ഷ ഉറപ്പാക്കണം. മൂടാത്ത കിണറുകള്‍, പൊട്ടക്കിണറുകള്‍, ചെറിയ കുളങ്ങള്‍ തുടങ്ങിയവയും അപകട സാദ്ധ്യതകളാണ്.

മരണം പതിയിരിക്കുന്ന ചതിക്കുഴികൾ

ജലാശയങ്ങളിലെ പതിയിരിക്കുന്ന ചതിക്കുഴികള്‍ മനസിലാക്കാതെയാണ് പലരും അപകടത്തിലേക്ക് എടുത്തു ചാടുന്നത്. മീൻ പിടിക്കാൻ പോകുന്ന പരിചയ സമ്പന്നരായവർ പോലും പ്രതികൂല കാലാവസ്ഥയില്‍ അപകടത്തില്‍പ്പെടുന്നുണ്ട്. കയത്തിലും ചെളി നിറഞ്ഞ ഭാഗങ്ങളിലും അകപ്പെട്ട് തിരികെ കയറാൻ കഴിയാതെയാണ് പലരുടെയും ജീവൻ നഷ്ടമാകുന്നത്. നീന്തല്‍ അറിയാവുന്നവരുടെയും ജീവൻ ഇത്തരത്തില്‍ പൊലിഞ്ഞിട്ടുണ്ട്.

2020ലെ ക്രിസ്തുമസ് ദിനത്തില്‍ സിനിമാ നടൻ അനില്‍ നെടുമങ്ങാട് ഇത്തരത്തില്‍ മരണപ്പെട്ടയാളാണ്. ഷൂട്ടിംഗ് ഇല്ലാത്ത ദിവസം തൊടുപുഴയില്‍ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള മലങ്കര ടൂറിസം ഹബിലെത്തിയ അനിലും രണ്ട് സുഹൃത്തുക്കളും സമീപത്തെ ഒരു ചെറിയ കടവില്‍ കുളിക്കുമ്ബോഴായിരുന്നു അപകടം. നാട്ടുകാരിലൊരാള്‍ മിനിട്ടുകള്‍ക്കകം അനിലിനെ പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. അനിലിന് നന്നായി നീന്തല്‍ അറിയാമായിരുന്നുവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ വ്യക്തമാക്കുന്നു.

പല വിധത്തില്‍ പുഴകള്‍ അപകടക്കെണിയാകാം. പല പുഴകളും പുറമേ നിന്നു കാണുമ്ബോള്‍ ആഴം കുറഞ്ഞവയായി തോന്നാം. പക്ഷേ, മണലൂറ്റല്‍ മൂലം രൂപപ്പെട്ട കുഴികള്‍ അപകടത്തില്‍പെടുത്താം. ഇത്തരം ഗർത്തങ്ങളില്‍ കുടുങ്ങിയാല്‍ പിന്നെ രക്ഷയില്ല. വല്ലാത്ത അടിയൊഴുക്കും ഇവിടങ്ങളിലുണ്ടാകും. പുറമെ പുല്ലുവളർന്നു നില്‍ക്കുന്ന വെള്ളക്കെട്ടുകള്‍ക്ക് ആഴം കുറവാകുമെന്നു കരുതിയിറങ്ങി അപകടത്തില്‍പെടുന്നവരുമേറെയാണ്. പുല്ലിന് താഴെ ആഴക്കയമാണെങ്കില്‍ നീന്തി രക്ഷപ്പെടാൻ പോലും കഴിയില്ല. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കല്‍, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കല്‍ ചീളുകള്‍, കുഴികള്‍ എന്നിവയും അപകടമുണ്ടാക്കും. എത്ര നന്നായി നീന്തല്‍ അറിയാമെങ്കിലും ഇവയെക്കുറിച്ചു ധാരണയില്ലാത്തിടത്ത് ഇറങ്ങരുത്.

സുരക്ഷാ പലയിടത്തും വെള്ളത്തിലെ വരച്ച വര

മുങ്ങിമരണം കേരളത്തിലെ സുരക്ഷാനിർവഹണ രംഗത്തെ ഒരു അനാഥ പ്രേതമാണ്. ഇതിനെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്നത് പോട്ടെ, ഇതിനെതിരെ ബോധവത്കരണം നടത്താൻ റോഡ് സുരക്ഷാ അതോറിട്ടി പോലെ ഒരു അതോറിട്ടിയോ റോഡ് സുരക്ഷയ്ക്കുള്ളത് പോലെ ഒരു ഫണ്ടോ ഇല്ല എന്നതാണ് യാഥാർത്ഥ്യം. സംസ്ഥാനത്തിന് ഒരു ജലസുരക്ഷാ പദ്ധതി എത്ര അത്യന്താപേക്ഷിതമാണെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. നീന്തല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ഇനിയും വൈകരുത്. വെള്ളത്തില്‍ വീഴുന്നവർക്ക് പ്രഥമശുശ്രൂഷ നല്‍കാൻ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. അപകടസ്ഥലത്ത് വെറും കാഴ്ചക്കാരായി നിന്ന് ഫോട്ടോയും വീഡിയോയും എടുക്കുന്നവരായി മാത്രം നമ്മുടെ യുവത അധഃപതിക്കരുത്. നാലുവയസിന് മുമ്ബ് നീന്തല്‍ പഠിച്ചാല്‍ കുട്ടികളിലെ മുങ്ങി മരണം 80 ശതമാനത്തില്‍ കൂടുതല്‍ കുറയ്ക്കാമെന്നാണ് പഠനങ്ങള്‍. ഒരു വയസില്‍ തന്നെ നീന്തല്‍ പഠിപ്പിക്കാൻ കഴിയുമെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം ആറ് വയസിലാണ് മിക്കയിടങ്ങളിലും നീന്തല്‍ പഠിപ്പിക്കാൻ തുടങ്ങുന്നത്. കുത്തിയൊലിക്കുന്ന നീരൊഴുക്കുള്ള സ്ഥലങ്ങള്‍, അടിയൊഴുക്കുള്ള സ്ഥലങ്ങള്‍ എന്നിങ്ങനെ എവിടെയെല്ലാം നീന്തരുത് എന്ന് കൂടി പഠിപ്പിക്കണം. മുന്നറിയിപ്പുകള്‍ അനുസരിക്കാനും പ്രത്യേകം പരിശീലനം നല്‍കണം.