റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിനെതിരെ കോടികളുടെ അഴിമതി ആരോപണം;ഒരേ ഭൂമി തന്നെ രണ്ടും മൂന്നും തവണ രജിസ്റ്റര്‍ ചെയ്ത് വിറ്റു; നടന്നത് 200 കോടിയുടെ തട്ടിപ്പ്

റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിനെതിരെ കോടികളുടെ അഴിമതി ആരോപണം;ഒരേ ഭൂമി തന്നെ രണ്ടും മൂന്നും തവണ രജിസ്റ്റര്‍ ചെയ്ത് വിറ്റു; നടന്നത് 200 കോടിയുടെ തട്ടിപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിനെതിരെ കോടികളുടെ അഴിമതിയാരോപണമുയര്‍ത്തി പരാതി. 200 കോടി രൂപയോളം ഡിഎല്‍എഫ് തട്ടിപ്പ് നടത്തി സ്വന്തമാക്കിയെന്ന് കൊച്ചി യാട്ട് ക്ലബ് എന്‍ക്ലേവില്‍ താമസിക്കുന്ന ബേബി ജോര്‍ജ് എന്ന വ്യക്തി നല്‍കിയ പരാതിയില്‍ പറയുന്നു.

റവന്യൂ മന്ത്രി കെ രാജനും രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വിഎന്‍ വാസവനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ഡിഎല്‍എഫിന്റെ ഉപകമ്പനിയായ ഡിഎല്‍എഫ് സതേണ്‍ ടൗണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് പണിത കാക്കനാട്ടെ ന്യൂ ടൗണ്‍ ഹൈറ്റ്‌സ് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ വസ്തു വിതരണത്തില്‍ തട്ടിപ്പ് നടന്നെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1100 അപ്പാര്‍ട്‌മെന്റുകളാണ് ഈ കോംപ്ലക്‌സിലുള്ളത്. ഇതില്‍ ഒരേ വസ്തു തന്നെ പല ഉപഭോക്താക്കള്‍ക്കായി വിറ്റെന്നും ഇതിലൂടെ കോടിക്കണക്കിന് രൂപയാണ് കമ്പനി തട്ടിപ്പാണ് നടത്തിയതെന്ന് ബേബി ജോര്‍ജ് ആരോപിക്കുന്നു.

അര്‍ഹതപ്പെട്ട 25 ഏക്കര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത് കൊടുക്കേണ്ടതിന് പകരം 9.32 ഏക്കര്‍ സ്ഥലം മാത്രമാണ് രജിസ്റ്റര്‍ ചെയ്ത് കൊടുത്തിട്ടുള്ളത്. ഒരു ഉപഭോക്താവിന് നേരത്തെ വിറ്റ ഭൂമി തന്നെ മറ്റൊരു ഉപഭോക്താവിന് നല്‍കുകയാണ് ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു.

ഈ വിവരം താന്‍ രജിസ്റ്റര്‍ ഓഫീസിലും വില്ലേജ് ഓഫീസിലും നേരിട്ടും പരാതി നല്‍കിയും അറിയിച്ചെങ്കിലും അവര്‍ കണ്ടമട്ട് നടിച്ചില്ല. അനധികൃതമായി കമ്പനിയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നില്‍ക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. അതിലൂടെ സര്‍ക്കാരിനെ വഞ്ചിച്ചെന്നും പരാതിയിലുണ്ട്.

രജിസ്‌ട്രേഷന്‍ വകുപ്പും റവന്യൂ വകുപ്പും ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയും സര്‍ക്കാര്‍ രേഖകളില്‍ കൃത്രിമം നടത്തുകയും ചെയ്തു. ഇതിലൂടെ 200 കോടി രൂപയുടെ അഴിമതി നടത്താന്‍ ഡിഎല്‍എഫിന് സഹായകരമായിയെന്നും പരാതിയിലുണ്ട്.