ഡയനോവ ലാബ് അടച്ച് പൂട്ടേണ്ട സമയം അതിക്രമിച്ചു: കോട്ടയം മെഡിക്കൽ കോളേജിൽ കാൻസറില്ലാത്ത രോഗിയെ കാൻസറുകാരിയാക്കിയ ഡയനോവ വീണ്ടും പിഴവ് വരുത്തി; ഇക്കുറി പിഴച്ചത് തിരുവനന്തപുരത്ത്; ഡയനോവയിൽ പരിശോധന നടത്തുന്നവർ ഒന്നു കൂടി സൂക്ഷിക്കുക

ഡയനോവ ലാബ് അടച്ച് പൂട്ടേണ്ട സമയം അതിക്രമിച്ചു: കോട്ടയം മെഡിക്കൽ കോളേജിൽ കാൻസറില്ലാത്ത രോഗിയെ കാൻസറുകാരിയാക്കിയ ഡയനോവ വീണ്ടും പിഴവ് വരുത്തി; ഇക്കുറി പിഴച്ചത് തിരുവനന്തപുരത്ത്; ഡയനോവയിൽ പരിശോധന നടത്തുന്നവർ ഒന്നു കൂടി സൂക്ഷിക്കുക

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറിടത്തിലെ മുഴയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ കാൻസർ രോഗിയാക്കിയ ഡയനോവ ലാബിന് വീണ്ടും പിഴച്ചു. ഇക്കുറി തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയാണ് ഡയനോവ ലാബിന്റെ പിഴവിന് ഇരയായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്ത് പ്രവർത്തിക്കുന്ന ഡയനോവ ലാബിനെതിരെയാണ് രണ്ടു മാസം മുൻപ് ആലപ്പുഴ സ്വദേശിയായ രജനി പരാതി നൽകിയത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന ലാബിനെതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അർബുദത്തിന് ചികിത്സയ്‌ക്കെത്തിയ ഹുസൈബ (46) എന്നയാൾക്ക് അർബുദം ഇല്ലെന്നും ഉണ്ടെന്നുമുള്ള രണ്ട് വ്യത്യസ്ത പരിശോധന റിപ്പോർട്ടുകൾ നൽകിയതായാണ് പരാതി. ഹുസൈബയുടെ പരാതിയെ തുടർന്ന് ലാബ് പൊലീസ് അടച്ചുപൂട്ടി. എന്നാൽ, ആലപ്പുഴ സ്വദേശിയായ രജനിയ്ക്ക് തെറ്റായ മെഡിക്കൽ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കീമോ തെറാപ്പിയ്ക്ക് വിധേയയാകേണ്ടി വന്നിട്ടു പോലും കോ്ട്ടയം മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബ് ഇതുവരെയും അടച്ചു പൂട്ടാൻ അധികൃതർ നടപടി സ്വ്ീകരിച്ചിട്ടില്ല.
അതേസമയം, സാങ്കേതിക തകരാറാണെന്നാണ് ലാബിന്റെ വിശദീകരണം. അണ്ഡാശയ അർബുദത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയതായിരുന്നു അടൂർ സ്വദേശിയായ ഹുസൈബ. എറണാകുളത്തായിരുന്നു മുമ്പ് ചികിത്സ തേടിയിരുന്നത്. 12 തവണ ഹുസൈബ കീമോയ്ക്ക് വിധേയയായിട്ടുണ്ട്. ഏറ്റവുമൊടുവിൽ നടത്തിയ പരിശോധനയിലാണ് കരളിലേക്ക് അർബുദം ബാധിച്ചതായി കണ്ടെത്തിയത്.തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തി.

മെഡിക്കൽ കോളേജിലെ ഡോക്ടറെ കാണുന്നതിനു മുമ്പ് തൊട്ടടുത്ത ഡയനോവ ലാബിൽ പരിശോധന നടത്തി. എന്നാൽ ഫലം കണ്ട് ഹുസൈബവും കുടുംബവും ഞെട്ടി. അർബുദം ഇല്ലെന്ന പരിശോധന ഫലമാണ് ലാബിൽ നിന്നും ലഭിച്ചത്.ഇതിൽ സംശയം തോന്നിയ ഹുസൈബ അതേ രക്ത സാംമ്പിൾ വീണ്ടും പരിശോധന നടത്താൻ ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ അർബുദം ഉണ്ടെന്ന ഫലമാണ് ഇവർക്ക് ലഭിച്ചത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തെറ്റായ ലാബ് പരിശോധനയുടെ അടിസ്ഥാനത്തിൽ കാൻസറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തിൽ ഡയനോവ ലാബിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്ക് എതിരെ അടക്കം ആലപ്പുഴ സ്വദേശി പരാതി നൽകിയിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സിഎംസി ക്യാൻസർ സെൻററിൽ നടത്തിയ മാമോഗ്രാമിലും ഡയനോവ ലാബിലെ ബയോപ്‌സിയിലും കാൻസറുണ്ടെന്ന റിപ്പോർട്ടായിരുന്നു ലഭിച്ചത്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡോ. സുരേഷ് കുമാർ കീമോ ചെയ്യാൻ നിർദ്ദേശിച്ചത്.
ഒരാളുടെ പ്രവൃത്തിമൂലം മറ്റൊരാളുടെ ജീവന് അപായമുണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. അന്വേഷണത്തിൽ ചികിത്സാപിഴവ് കണ്ടെത്തിയാൽ ആ വകുപ്പും ചുമത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി ആദ്യമാണ് മാറിടത്തിലെ മുഴയുമായി രജനി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്. സർജറി വിഭാഗം ബയോസ്പിക്ക് നിർദ്ദേശിക്കുകയും ചെയ്തു. മെഡിക്കൽ കോളേജിലെ റിപ്പോർട്ട് വൈകുമെന്നതിനാൽ സ്വകാര്യ ലാബിൽ കൂടി പരിശോധന നടത്തി. സ്വകാര്യ ലാബിൽ നിന്നും നൽകിയ പരിശോധന റിപ്പോർട്ടിൽ കാൻസറാണെന്ന് വ്യക്തമാക്കിയതോടെ ഉടൻതന്നെ ചികിത്സയും ആരംഭിക്കുകയായിരുന്നു.

ആദ്യഘട്ട കീമോ തെറാപ്പിക്ക് ശേഷമാണ് മെഡിക്കൽ കോളേജ് പാതോളജി ലാബിൽനിന്നുള്ള ഫലം ലഭിച്ചത്. മുഴ കാൻസറിനെ തുടർന്നല്ലെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ തിരുവനന്തപുരം ആർസിസിയിലും പരിശോധന നടത്തി. അവിടെ നിന്നും കാൻസർ ഇല്ലെന്ന ഫലം പുറത്തുവന്നതോടെ ആരോഗ്യമന്ത്രി ഉൾപ്പടേയുള്ളവർക്ക് പരാതി നൽകുകയായിരുന്നു.