ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കുമായി വീതം വയ്ക്കാൻ കോൺഗ്രസ് നിർദേശം; അവസാന വട്ട ചർച്ച ഒൻപത് മണിയ്ക്ക്; നിർണ്ണായകമാകുക കോൺഗ്രസ് നീക്കം

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കുമായി വീതം വയ്ക്കാൻ കോൺഗ്രസ് നിർദേശം; അവസാന വട്ട ചർച്ച ഒൻപത് മണിയ്ക്ക്; നിർണ്ണായകമാകുക കോൺഗ്രസ് നീക്കം

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തർക്കം തീർക്കാൻ കോൺഗ്രസിന്റെ ഫോർമുല. ഇനി ശേഷിക്കുന്ന കാലയളവ് കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കുമായി വീതം വയ്ക്കാനാണ് കോൺഗ്രസിൽ ധാരണയായിരിക്കുന്നത്. കോൺഗ്രസിന്റെ നിർദേശം ജോസ് കെ.മാണി വിഭാഗത്തെയും, ജോസഫ് വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതു സംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയാകുന്നതോടെ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഇന്ന് രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത ഹാളിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
ബുധനാഴ്ച രാവിലെ പത്തു മണിയോടെ തിരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ ജില്ലാ പഞ്ചായത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ, കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് വിപ്പ് നൽകി രംഗത്ത് എത്തിയതോടെയാണ് തർക്കം രൂക്ഷമായത്. തുടർന്ന് തിരഞ്ഞെടുപ്പിൽ നിന്നു വിട്ടു നിൽക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇത് അനുസരിച്ച് കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളു വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. കോറം തികയാതെ വന്നതോടെ വോട്ടെടുപ്പ് ഇന്നത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.
24 മണിക്കൂർ ലഭിച്ചതോടെ തർക്കം പരിഹരിച്ച് ഇന്ന് തിരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും പദ്ധതി. എന്നാൽ, രാത്രി വൈകിയും ചർച്ച നടത്തിയിട്ടും കൃത്യമായ ധാരണ ഉണ്ടാക്കാൻ സാധിച്ചില്ല. തുടർന്ന് തിരുവനന്തപുരത്ത് ഇന്ന് പുലർച്ചെ യുഡിഎഫിന്റെ മുതിർന്ന നേതാക്കൾ ചേർന്ന് നടത്തിയ ചർച്ചയിലാണ് ഭരണ കാലാവധി വീതം വയ്ക്കാൻ ധാരണയിൽ എത്തിച്ചേർന്നത്.
എന്നാൽ, ഈ ധാരണയോടെ ജോസ് കെ.മാണി വിഭാഗം സഹകരിക്കുമോ എന്ന ആശങ്ക നില നിൽക്കുകയാണ. ജില്ലാ പഞ്ചായത്തിലെ അഞ്ച് അംഗങ്ങളും തങ്ങൾക്കൊപ്പമാണെന്നാണ് ജോസ് കെ.മാണി വിഭാഗത്തിലെ പ്രമുഖ നേതാവ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞത്. അതുകൊണ്ടു യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകില്ലെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ, അജിത് മുതിരമല തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകുമെന്നും ഇതിനുള്ള ധാരണയാണ് ഉണ്ടായിരിക്കുന്നതെന്നും ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാവ് അവകാശപ്പെട്ടു.