പീരുമേട്ടില്‍ വന്‍നാശം വിതച്ച്‌ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും; കോടിക്കണക്കിനു രൂപയുടെ നഷ്ടം; 774 വീടുകള്‍ തകര്‍ന്നു; നാശനഷ്ടം കൃത്യമായി കണക്കാക്കാന്‍ ഏഴു പ്രത്യേക സംഘങ്ങളെ നിയോഗിച്ചു

പീരുമേട്ടില്‍ വന്‍നാശം വിതച്ച്‌ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും; കോടിക്കണക്കിനു രൂപയുടെ നഷ്ടം; 774 വീടുകള്‍ തകര്‍ന്നു; നാശനഷ്ടം കൃത്യമായി കണക്കാക്കാന്‍ ഏഴു പ്രത്യേക സംഘങ്ങളെ നിയോഗിച്ചു

സ്വന്തം ലേഖിക

ഇടുക്കി: വെള്ളിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായതായി പ്രഥമിക വിലയിരുത്തല്‍.

774 വീടുകളാണ് തകർന്നത്. 183 വീടുകള്‍ പൂര്‍ണമായും 591 എണ്ണം ഭാഗികമായി തകര്‍ന്നെന്നാണ് റവന്യൂവകുപ്പിന്‍റെ പ്രാഥമിക കണക്ക്. നാശനഷ്ടം കൃത്യമായി കണക്കാക്കാന്‍ ഏഴു പ്രത്യേക സംഘങ്ങളെ റവന്യൂ വകുപ്പ് നിയോഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊക്കയാറിലൂടെയും പുല്ലകയാറിലൂടെയും കലിതുള്ളിയൊഴുകി എത്തിയ വെളളവും പലഭാഗത്തായുണ്ടായ വലുതും ചെറുതുമായ ഉരുള്‍ പൊട്ടലുകളുമാണ് കൊക്കയാര്‍, പെരുവന്താനം വില്ലേജുകളില്‍ വന്‍ നാശം വിതച്ചത്.

വീടു തകര്‍ന്നുമാത്രമുണ്ടായ നഷ്ടം പതിമൂന്നു കോടി എണ്‍പത്തിരണ്ടു ലക്ഷം രൂപ. കൃഷി നാശം ഉള്‍പ്പെടെയുള്ളവ കണക്കാക്കി വരുന്നതേയുള്ളൂ. ആറിന്റെ കരയിലുണ്ടായിരുന്ന പല വീടുകളുടെയും സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകള്‍ വിള്ളല്‍ വീണ് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്.

വീട്ടു സാധനങ്ങളും ഒഴുകിപ്പോയി. ഉടുതുണി മാത്രമായി രക്ഷപെട്ടവരും നിരവധി. കൊക്കയാറില്‍ മാത്രം ഏഴു പേര്‍ മരിച്ചു. ഒഴുക്കില്‍ പെട്ട ആന്‍സിയെ ഇനിയും കണ്ടെത്താനായിട്ടില്ല. പെരുവന്താനത്ത് ഒരാളും മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര സഹായമായി പതിനായിരം രൂപ വീതം കൈമാറി.

പരുക്കേറ്റ പതിനൊന്നു പേരില്‍ ആറു പേര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കി. പീരുമേട് താലൂക്കില്‍ വീടു നഷ്ടപ്പെട്ട 461 കുടുംബങ്ങളിലെ 1561 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്ബിലാണ്. ഒന്‍പതു ക്യാമ്ബുകള്‍ കൊക്കയാറിലുണ്ട്. ഇവിടെ മാത്രം 1260 പേരും.

ആഴങ്ങാട്, ആനചാരി, പെരുവന്താനം, ഉറുമ്ബിക്കര എന്നിവിടങ്ങളിലെല്ലാം മഴ നാശം വിതച്ചു. നാശനഷ്ടം കണക്കാക്കാന്‍ അഞ്ചു പേര്‍ വീതമടങ്ങുന്ന ഏഴു സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ചു സംഘങ്ങള്‍ കൊക്കയാറിലെ നഷ്ടം തിട്ടപ്പെടുത്താനാണ്.

ഏക്കറുകണക്കിനു സ്ഥലത്തെ കൃഷിയും നശിച്ചു. റോഡുകളും പാലങ്ങളും തകര്‍ന്നത് വേറെ. തിങ്കളാഴ്ച ഈ സംഘങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്ബോഴേ നാശനഷ്ടം സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ അറിയാന്‍ കഴിയൂ