2500 കാലി ചാക്ക് സംഘടിപ്പിക്കാനായില്ല: ക്യാമ്പ് പിരിച്ച് വിട്ടിട്ടും ജില്ലയിൽ ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്യാനായില്ല; കിറ്റ് വിതരണം മുടങ്ങിയത് വൈക്കം താലൂക്കിൽ

2500 കാലി ചാക്ക് സംഘടിപ്പിക്കാനായില്ല: ക്യാമ്പ് പിരിച്ച് വിട്ടിട്ടും ജില്ലയിൽ ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്യാനായില്ല; കിറ്റ് വിതരണം മുടങ്ങിയത് വൈക്കം താലൂക്കിൽ

സ്വന്തം ലേഖകൻ

കോട്ടയം: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് നൽകാൻ സർക്കാർ പ്രഖ്യാപിച്ച ആശ്വാസ കിറ്റ് വിതരണം ജില്ലയിൽ മുടങ്ങി. അരിയും വെളിച്ചെണ്ണയും അടക്കമുള്ള സാധനങ്ങൾ ഒന്നിച്ച് കിറ്റാക്കി മാറ്റുന്നതിനുള്ള 2500 കാലി ചാക്കുകൾ സംഘടിപ്പിക്കാനാവാതെ വന്നതോടെയാണ് കിറ്റിന്റെ വിതരണം പാതിവഴിയിൽ മുടങ്ങിയത്. ഇതോടെ വൈക്കം താലൂക്കിലെ കുടുബങ്ങൾക്ക് വിതരണം ചെയ്യാനുള്ള 2500 ചാക്ക് സാധനങ്ങൾ കോട്ടയം ബസേലിയസ് കോളേജിലെ കേന്ദ്രത്തിൽ കെട്ടിക്കിടക്കുകയാണ്.
കിറ്റ് വിതരണം വൈകുന്നതായി പരാതി ഉയർന്നതോടെ എൻ ജി ഒ യൂണിയൻ കിറ്റ് നിറയ്ക്കുന്ന ജോലി ഏറ്റെടുക്കുകയായിരുന്നു. ഇതിനായി 200 പ്രവർത്തകരെയും ബസേലിയസ് കോളേജിലെത്തിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 9.30ന് 25 ടൺ അരി ബസേലിയസ് കോളേജിൽ എത്തിച്ചു. ഉച്ചയോടെ യൂണിയൻ പ്രവർത്തകർ ഈ അരി അഞ്ച് കിലോ വീതമുള്ള അയ്യായിരം പാക്കറ്റുകളാക്കി മാറ്റി. തുടർന്ന് വെളിച്ചെണ്ണ ഒരു പാക്കറ്റിലും, മറ്റ് അവശ്യ വസ്തുക്കൾ മറ്റ് പാക്കറ്റുകളിലായി നിറയ്ക്കുകയും ചെയ്തു. എന്നാൽ, ഇതെല്ലാം ഒന്നിച്ചാക്കുന്നതിനുള്ള 2500 ചാക്കുകൾ നൽകാൻ ജില്ലാ ഭരണകൂടത്തിനു സാധിച്ചില്ല. ്‌വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിവരെയുള്ള സമയത്തിനിടയിൽ ഈ സാധനങ്ങളെല്ലാം പാക്ക് ചെയ്ത് തീർന്നെങ്കിലും ഇത് ഒന്നിച്ച് പാക്ക് ചെയ്യുന്നതിനുള്ള ചാക്ക് എത്തിച്ചു നൽകാനാവാതെ പോയതോടെയാണ് സാധനങ്ങളുടെ വിതരണം അവതാളത്തിലായത്.
ക്യാമ്പിൽ നിന്നു വീട്ടിലേയ്ക്ക് മടങ്ങുന്ന കുടുബത്തിന് രണ്ടു ദിവസത്തേയ്ക്കുള്ള അരിയും, വെളിച്ചെണ്ണയും, സവാളയും, ഉരുളക്കിഴങ്ങും അടക്കമുള്ള 22 ഇനം അവശ്യ വസ്തുക്കളാണ് പാക്കറ്റിലുണ്ടായിരുന്നത്. ഇത് ഒന്നിച്ച് ഒരു ചാക്കിലാക്കിയാണ് ഇതുവരെയും വിതരണം ചെയ്തിരുന്നത്. ഇതാണ് ജില്ലാ ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മ മൂലം മുടങ്ങിയത്. ജില്ലയിൽ ഇനി ഏഴ് ക്യാമ്പുകൾ മാത്രമാണ് പിരിച്ചു വിടാൻ ബാക്കിയായിരിക്കുന്നത്. ഈ ക്യാമ്പുകൾ പിരിച്ചു വിടാനിരിക്കെ വ്യാഴാഴ്ച വൈകുന്നേരത്തോടെയെങ്കിലും വൈക്കം താലൂക്കിൽ സാധനങ്ങൾ എത്തിക്കേണ്ടതായിരുന്നു. ഇതാണ് ഇന്നലെയും വൈകിയത്.ബസേലിയസ് കോളേജ് മുൻ പ്രിൻസിപ്പലും, ഓർത്തഡോക്‌സ് സഭയുടെ പി.ആർഒയുമായ പ്രഫ.പി.സി ഏലിയാസിന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ പത്തു മണിക്കുള്ളിൽ സാധനങ്ങൾ മുഴുവനും ബസേലിയസ് കോളേജിൽ നിന്നു മാറ്റി നൽകണമെന്ന് കോളേജ് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് വൈകുന്നേരത്തിനുള്ളിൽ പാക്കിങ് പൂർത്തിയാക്കാനുള്ള ക്രമീകരണം ജില്ലാ ഭരണകൂടം ഒരുക്കിയില്ലെങ്കിൽ പദ്ധതി തന്നെ പൂർണമായും അവതാളത്തിലാകും.