സ്വന്തം ലേഖകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരെ ഇന്ന് മുതല്‍ മൂന്നുദിവസം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രതികള്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കി. ഒന്‍പത് മണിക്ക് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിക്കും.
ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുക.
ദിലീപിന്റെ അടുത്ത സുഹൃത്തും വിഐപിയെന്ന് അറിയപ്പെടുന്ന ശരത് ജി നായരെയും ചോദ്യം ചെയ്യാനും തീരുമാനമുണ്ട്. സാക്ഷിയായാണ് ശരത്തിനെ വിളിച്ചു വരുത്തുക. എന്നാല്‍ ശരത് ജി നായര്‍ക്ക് നോട്ടീസ് നല്‍കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ കേസ് തീര്‍പ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.
എഡിജിപി എസ്. ശ്രീജിത്, എം.പി മോഹനചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടപടികള്‍ നടക്കുക. ഇതിനായുള്ള ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കി. ആദ്യം വിവിധ സംഘങ്ങളായി പ്രതികളെ ഓരോരുത്തരെയും പ്രത്യേകം ചോദ്യം ചെയ്യും. ശേഷം സംഘത്തെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ലൈംഗിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വൈരാഗ്യം കാരണം, അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് ഉദ്യോഗസ്ഥരെയും ഇല്ലാതാക്കാന്‍ ഹര്‍ജിക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാര്‍ നല്‍കിയ ചില വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതി.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നതാണ് കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.