ഡൽഹി ആരോഗ്യ മന്ത്രിയ്ക്കും കോവിഡ്: അമിത്ഷായും അരവിന്ദ് കേജരിവാളും ക്വാറന്റൈനിൽ പോകേണ്ടി വരും; സ്ഥിതിഗതികൾ കൈവിട്ടു പോയി രാജ്യ തലസ്ഥാനം

ഡൽഹി ആരോഗ്യ മന്ത്രിയ്ക്കും കോവിഡ്: അമിത്ഷായും അരവിന്ദ് കേജരിവാളും ക്വാറന്റൈനിൽ പോകേണ്ടി വരും; സ്ഥിതിഗതികൾ കൈവിട്ടു പോയി രാജ്യ തലസ്ഥാനം

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ ഭരണം തന്നെ സ്തംഭനാവസ്ഥയിവലേയ്ക്കു തള്ളിവിടാനുള്ള സാധ്യത വർദ്ധിപ്പിച്ച് ഡൽഹി ആരോഗ്യമന്ത്രിയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിക്കും മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ഷായും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പങ്കെടുത്ത യോഗത്തിലും ഡൽഹി ആരോഗ്യ മന്ത്രി പങ്കെടുത്തതിനാൽ ഇരുവരും ക്വാറന്റൈനിൽ പോകേണ്ടി വരുമെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്.

കനത്ത പനിയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു ഇവിടെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച സത്യേന്ദ്ര ജെയിന് രോഗ ബാധ സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യേന്ദ്ര ജെയിന് നടത്തിയ രണ്ടാമത്തെ ടെസ്റ്റിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായിട്ടായിരുന്നു പരിശോധനകൾ. നേരത്തെ നടന്ന പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നു. രോഗലക്ഷണങ്ങൾ മാറാത്തതിനെ തുടർന്നായിരുന്നു വീണ്ടും പരിശോധന നടത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് ആരോഗ്യമന്ത്രി ആശുപത്രിയിൽ അഡ്മിറ്റായത്.

അശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അദ്ദേഹം തന്നെയാണ് പുറത്ത് വിട്ടത്. ആരോഗ്യമന്ത്രിക്ക് പുറമെ ഡൽഹി ആം ആദ്മി പാർട്ടി എംഎൽഎ അതിഷിക്കും ബുധനാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ചയാണ് അതിഷിക്ക് കൊവിഡ് പരിശോധന നടത്തിയത്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിലേക്ക് മാറി. നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണ് എംഎൽഎക്കുള്ളതെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ ഉൾപ്പെടെ പങ്കെടുത്തതിന് പിന്നാലെയാണ് ജെയിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം ഡൽഹിയിലെ രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. ഡൽഹിയിലെ രോഗ വ്യാപനം ചർച്ച ചെയ്യാനായിരുന്നു യോഗം വിളിച്ച് ചേർത്തത്.

ദിവസങ്ങൾക്ക് മുൻപ് അരവിന്ദ് കെജ്രിവാളും പനിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാൽ അദ്ദേഹത്തിന് രോഗം ഉണ്ടായിരുന്നില്ല. പിന്നാലെയാണ് ആരോഗ്യമന്ത്രി രോഗ ലക്ഷണങ്ങളുമായി ചികിൽസ തേടുന്നത്.

അതിനിടെ, ഡൽഹിയിൽ ഇതുവരെ 44,688 പേർക്ക് കോവിഡ് സ്ഥീരീകരിച്ചു. ഇതിൽ 16,500 പേരുടെ രോഗം ഭേദമായി. 1837 പേർ മരിച്ചു. നിലവിൽ 26,351 പേരാണ് ചികിത്സയിലുള്ളത്. ദേശീയ തലത്തിൽ കൊവിഡ് പിടിപെട്ടവരുടെ എണ്ണം 3.54 ലക്ഷമായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,003 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. പുതിയതായി 10,974 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.