മണ്ണിനടിയിൽ കിടന്നപ്പോഴും ജോയി ജീവനു വേണ്ടി പിടഞ്ഞു; മുഖം മുഴുവനും മണ്ണു മൂടി സാജു; കിണറ്റിൽ കുടുങ്ങിക്കിടന്ന രണ്ടു ജിവനുകൾക്കായി അവസാനം വരെയും കിണഞ്ഞു പരിശ്രമിച്ച് നാട്ടുകാരും അഗ്നിരക്ഷാസേനയും
സ്വന്തം ലേഖകൻ
കോട്ടയം: കിണറ്റിലെ മണ്ണിടിഞ്ഞു വീഴുമ്പോൾ, കിണറിനുള്ളിൽ കിടന്ന് ശ്വാസം മുട്ടുകയായിരുന്നു ആ രണ്ടു ജീവനുകൾ. അയർക്കുന്നം പുന്നത്തുറക്കടവിൽ കിണറിടിഞ്ഞു വീണു മരിച്ച രണ്ടു പേരും അരമണിക്കൂറിൽ താഴെ സമയം മാത്രമാണ് മണ്ണിനടിയിൽ കിടന്നത്. പക്ഷേ, ഇരുവരുടെയും ജീവൻ രക്ഷിക്കാൻ നാട്ടുകാർക്കും തൊഴിലാളികൾക്കും സാധിച്ചില്ല.
അപകടത്തിൽ മരിച്ച അയർക്കുന്നം പൂവത്താനം സാജു (46) , മഴുവൻ ചേരി കാലായിൽ ജോയി (48 ) എന്നിവരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം രണ്ടു പേരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടു നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ, അയർക്കുന്നം കമ്പനിക്കടവിലാണ് കിണർ ഇടിഞ്ഞു വീണത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയർക്കുന്നം കമ്പനികടവ് പണ്ടാരശേരി വിട്ടിൽ ശശീന്ദ്രന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കിണർ കുത്തിയിരുന്നത്. നേരത്തെ ഇവിടെ നിന്നാണ് ഇഷ്ടിക കളത്തിലേയ്ക്കു മണ്ണെടുത്തിരുന്നത്. അതുകൊണ്ടു തന്നെ ഇവിടുത്തെ മണ്ണിന് ബലം കുറവായിരുന്നു. ഇതിനാൽ ജെ.സി.ബി ഉപയോഗിച്ചാണ് കിണർ കുഴിക്കുന്ന ജോലികൾ നടത്തിയിരുന്നത്. ഈ കിണറ്റിൽ റിങ്ങ് ഇറക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച അപകടം ഉണ്ടായത്.
അപകടം ഉണ്ടായ ഉടൻ തന്നെ ഓടിയെത്തിയ സമീപവാസികൾ വിവരം അഗ്‌നിരക്ഷാ സേനാ അധികൃതരെ അറിയിച്ചു. സമീപത്തുണ്ടായിരുന്ന നാട്ടുകാരും , തൊഴിലാളികളും അഗ്‌നി രക്ഷാ സേനാംഗങ്ങളും ചേർന്നാണ് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. വീട് നിർമിയ്ക്കുന്നതിനായി മണ്ണടിച്ചു പൊക്കിയ സ്ഥലമാണ് ഇത് .അടിയിൽ ബലം കുറഞ്ഞ ചെളി മണ്ണായിരുന്നു. 13 അടിയോളം ആഴമുണ്ട് കിണറിന്.
തൊഴിലാളികൾ കിണറ്റിൽ ഇറങ്ങി വശങ്ങൾ ചെത്തി വൃത ആകൃതിയിൽ ആക്കുന്നതിന് ഇടയിലാണ് ഒരു വശതു നിന്നും കിണറിന്റെ മുകൾ ഭാഗം മുതലുള്ള മണ്ണു ഇടിഞ്ഞു വീണത്.
അപകടത്തെ തുടർന്ന് മറ്റുള്ള ജോലിക്കാർ ബഹളം വച്ചതിനെ
തുടർന്ന് നാട്ടുകാരും തോട്ടു പ്രവർത്തിക്കുന്ന ഇഷ്ടിക ചൂളയിൽ നിന്നുമുള്ള തൊഴിലാളികളും ഓടിയെത്തി.തുടർന്ന് നാട്ടുകാർ അഗ്‌നി രക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. സിനിയാണ് മരിച്ച ജോയിയുടെ ഭാര്യ. മക്കൾ :സോനാ, സാനിയ. സംസ്കാരം പിന്നീട്. ഷിനാ ആണ് സാജു വിന്റെ ഭാര്യ.മക്കൾ: മാർട്ടിൻ, മരിയ. സാജുവിന്റെ സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നു സെന്റ് തോമസ് ചർച്ച് വെള്ളാപ്പള്ളിയിൽ.