ജനന രജിസ്‌ട്രേഷന് അച്ഛന്റെ പേര് നിര്‍ബന്ധമില്ല; സിംഗിള്‍ പേരന്റും വിവാഹിതയല്ലാത്ത സ്ത്രീയും ഗര്‍ഭിണിയാകുമ്പോള്‍ ഫോമുകളില്‍ പിതാവിന്റെ പേര് നല്‍കാന്‍ നിര്‍ബന്ധിതയാകുന്നത് സ്വകാര്യത, സ്വാതന്ത്ര്യം, അന്തസ്സ് എന്നീ മൗലിക അവകാശങ്ങളുടെ ലംഘനം; സാങ്കേതിക വിദ്യയുടെ വികാസത്തിനും ജീവിത രീതിയിലുള്ള മാറ്റത്തിനും അനുസരിച്ചു നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലും നടത്താറുണ്ടെന്നും ഹൈക്കോടതി
സ്വന്തം ലേഖകന്‍
കൊച്ചി: കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങളിലൂടെ ഗര്‍ഭിണിയാകുമ്പോള്‍ കുഞ്ഞിന്റെ ജനന മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഫോമുകളില്‍ പിതാവിന്റെ പേര് നല്‍കണമെന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി.
അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്‌നോളജീസ് (എആര്‍ടി) വഴി ഗര്‍ഭിണിയായാല്‍ ബീജദാതാവിന്റെ പേര് നിയമത്തിന്റെ പേരില്‍ നിര്‍ബന്ധമായ സാഹചര്യങ്ങളിലൊഴികെ വെളിപ്പെടുത്തേണ്ടതില്ലെന്ന് കോടതി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിംഗിള്‍ പേരന്റും വിവാഹിതയല്ലാത്ത അമ്മയും കൂടി വരുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകളില്‍ റജിസ്‌ട്രേഷനും ജനന മരണ സര്‍ട്ടിഫിക്കറ്റിനുമായി പ്രത്യേക ഫോമുകള്‍ ഉടന്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നു ജസ്റ്റിസ് സതീഷ് നൈനാന്‍ നിര്‍ദേശിച്ചു.
നിലവിലുള്ള ഫോമുകളില്‍ പിതാവിന്റെ പേര് പരാമര്‍ശിക്കേണ്ടതുണ്ട്. അജ്ഞാതമായി വയ്‌ക്കേണ്ട ഈ വിവരം രേഖപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളിലെ സ്വകാര്യത, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ലംഘിക്കുന്നു.
കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിച്ച കുട്ടിയെ ഒറ്റയ്ക്കു വളര്‍ത്തുന്ന മാതാവിന്റെ (സിംഗിള്‍ മദര്‍) കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് രേഖപ്പെടുത്തണമെന്നു നിര്‍ദേശിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊല്ലം സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്.
വിവാഹമോചനം നേടിയ ശേഷം അജ്ഞാത ദാതാവിന്റെ ബീജം സ്വീകരിച്ച് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷനിലൂടെയാണു (ഐവിഎഫ്) ഗര്‍ഭിണിയായതെന്നും ഇത്തരത്തില്‍ ഗര്‍ഭം ധരിക്കുന്നവരോട് ആരാണ് ബീജം നല്‍കിയതെന്ന് പറയില്ലെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരി എട്ടുമാസം ഗര്‍ഭിണിയായതിനാല്‍ അടിയന്തര സാഹചര്യം പരിഗണിച്ച് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനും ജനന, മരണ ചീഫ് റജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കി.