കിണറ്റിലെ മൃതദേഹം: രണ്ടാം ദിവസം തിരച്ചിൽ പുനരാരംഭിച്ചു; വെള്ളം വറ്റിച്ചു തുടങ്ങിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല

കിണറ്റിലെ മൃതദേഹം: രണ്ടാം ദിവസം തിരച്ചിൽ പുനരാരംഭിച്ചു; വെള്ളം വറ്റിച്ചു തുടങ്ങിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല

സ്വന്തം ലേഖകൻ
കോട്ടയം: അനാശാസ്യ പ്രവർത്തകർ തമ്മിലുള്ള തർക്കത്തെ തുടർന്ന് നഗരമധ്യത്തിലെ കിണറ്റിൽ യുവാവിനെ കൊന്ന് തള്ളിയെന്ന സംഭവത്തിൽ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. വ്യാഴാഴ്ച രാത്രി വൈകി നിർത്തി വച്ച തിരച്ചിലാണ് ഇന്ന് പുനരാരംഭിച്ചിരിക്കുന്നത്. 35 അടിയിലേറെ അഴമുള്ള കിണറ്റിലെ വെള്ളം വറ്റിയ്ക്കാനാവാതെ വന്നതോടെ തിരച്ചിൽ ഏറെ ദുഷ്‌കരമായിരിക്കുകയാണ്.
നഗരത്തിലെ അനാശാസ്യ പ്രവർത്തകയായ ബിന്ദു എന്ന സ്ത്രീയാണ് കഴിഞ്ഞ ദിവസം തിരുനക്കര അനശ്വര തീയറ്റിനു മുന്നിലെ ആളൊഴിഞ്ഞ കിണറ്റിൽ രണ്ടു പേർ ചേർന്ന് ഒരാളെ തല്ലിക്കൊന്ന് തള്ളിയതായി പൊലീസ് സംഘത്തോടു വെളിപ്പെടുത്തിയത്. ബിന്ദുവിന്റെ ഭർത്താവ് സന്തോഷും (ആന സന്തോഷ് – 49), സുഹൃത്ത് സഞ്ജയനും ചേർന്ന് പാമ്പാടി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ബൈജു (കൊച്ചുമോനെ- 46) കൊലപ്പെടുത്തി കിണറ്റിൽ തള്ളിയെന്നായിരുന്നു ബിന്ദുവിന്റെ വെളിപ്പെടുത്തൽ.
എന്നാൽ, വ്യാഴാഴ്ച രാവിലെ പൊലീസ് സംഘം ഈ കിണറിനു സമീപം എത്തി നടത്തിയ തിരച്ചിലിൽ രക്തക്കയറും കൊല്ലപ്പെട്ട കൊച്ചുമോന്റെ വസ്ത്രവും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം ഈ പൊട്ടക്കിണറ്റിൽ തിരച്ചിൽ നടത്താൻ തീരുമാനിച്ചത്. എന്നാൽ, 35 അടി ആഴമുള്ള കിണറ്റിൽ ആദ്യ അഞ്ച് അടിയിൽ നിറയെ മാലിന്യമായിരുന്നു. തുടർന്നു ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, സി.ഐ നിർമ്മൽ ബോസ്, എസ്.ഐ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അഗ്നിശമന സേനാ ഓഫിസർ ശിവദാസിന്റെ സഹായത്തോടെ കിണർ വൃത്തിയാക്കി. നാലു മണിക്കൂറിലേറെ സമയം പരിശ്രമിച്ചാണ് ഈ കിണറ്റിലെ മാലിന്യങ്ങൾ നീക്കം ചെയ്തത്. തുടർന്നു വ്യാഴാഴ്ച വൈകിട്ടോടെ കിണറ്റിലെ വെള്ളം വറ്റിക്കാനുള്ള ജോലികൾ ആരംഭിച്ചു. എന്നാൽ, നിറഞ്ഞു കവിഞ്ഞ വെള്ളം വറ്റിക്കാൻ സാധിക്കാതെ വന്നതോടെ വ്യാഴാഴ്ച തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. കിണറ്റിലെ വെള്ളം പൂർണമായും വറ്റിക്കുന്നതിനുള്ള ജോലികളാണ് രാവിലെ ആരംഭിച്ചിരിക്കുന്നത്. ഇതുവഴി മൃതദേഹം കിണറ്റിലുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം. ഇതിനിടെ കൊല്ലപ്പെട്ടതായി ആരോപിക്കുന്ന കൊച്ചുമോൻ കിണറ്റിൽ നിന്നു രക്ഷപെട്ടതായും സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇതിൽ കൊച്ചുമോനുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കും.