ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണാഘോഷം: ആഘോഷങ്ങളില്ലെങ്കിലും ഇന്ന് നഗരത്തിൽ ഉത്രാടപ്പാച്ചിൽ; കുരുക്കിൽ കുടുങ്ങി നഗരം

ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണാഘോഷം: ആഘോഷങ്ങളില്ലെങ്കിലും ഇന്ന് നഗരത്തിൽ ഉത്രാടപ്പാച്ചിൽ; കുരുക്കിൽ കുടുങ്ങി നഗരം

സ്വന്തം ലേഖകൻ
കോട്ടയം: ദുരിതപ്പെരുമഴ ഒഴിഞ്ഞു പോയെങ്കിലും ദുരിതകാലത്തിന്റെ ഓർമ്മയിൽ ആഘോഷങ്ങൾ വെട്ടിച്ചുരുക്കി ഓണം ശനിയാഴ്ച. വെള്ളിയാഴ്ചയായ ഇന്ന് ഉത്രാടപ്പാച്ചിലിൽ. ഓണസദ്യയൊരുക്കിയും, ഊഞ്ഞാലിട്ടും ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണം ആഘോഷിക്കുകയാണ്. ജില്ലയിലെ മിക്ക ദുരിതാശ്വാസ ക്യാമ്പുകളും വെള്ളിയാഴ്ച വൈകുന്നേരത്തോടെ പിരിച്ചു വിടുമെന്നാണ് സൂചന.
ഒരാഴ്ചയയായി ജില്ലയുടെ പടിഞ്ഞാറൻമേഖലയിലുള്ള കുടുംബങ്ങളിൽ ഏറെയും ദുരിതാശ്വാസ ക്യാമ്പിൽ തന്നെയാണ് കഴിയുന്നത്. ചങ്ങനാശേരി, കുമരകം തുടങ്ങിയ മേഖലകളിൽ ഇനിയും പൂർണമായും വെള്ളമിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലയിലെ മുഴുവൻ മേഖലകളിലെയും പ്രവർത്തനങ്ങൾ ഇനിയും ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നത്. ഇതിനിടെ ജില്ലയിലെ എല്ലാ ക്യാമ്പുകളിലും ഓണാഘോഷ പരിപാടികളും, ഓണസദ്യയും വിവിധ സംഘടനകളും സർക്കാരും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ നിന്നു മടങ്ങുന്നവർക്ക് സർക്കാർ വകയായി 22 ഇനം സാധനങ്ങൾ അടങ്ങിയ കിറ്റും വിതരണം ചെയ്യുന്നുണ്ട്.
ഇതിനിടെ ഓണത്തലേന്നായ ഇന്ന് നഗരത്തിൽ ഉത്രാടപ്പാച്ചിലായിരുന്നു. സ്ഥിരം തിരക്കും അവേശവും ആരിലും കാണില്ലെങ്കിലും ഓണത്തിന്റെ പൊലിമ ഒട്ടും ചോരാതെ തന്നെ ജനം ആവേശത്തോടെ ഉത്രാടപ്പാച്ചിലിൽ പങ്കെടുത്തു. നഗരത്തിലെ മിക്ക മാർക്കറ്റുകളിലും ഇന്ന് തിരക്കേറെയായിരുന്നു. പച്ചക്കറിയും പലവ്യഞ്ജനങ്ങളും അവശ്യ വസ്തുക്കളും വാങ്ങുന്നതിനായാണ് ആളുകൾ കൂടുതലായി എത്തിയത്.